കേരളത്തിൽ കൊവിഡ് വ്യാപനം വർധിക്കാൻ സാധ്യത: ആരോഗ്യ മന്ത്രി

വിദേശത്ത് നിന്ന്
വരുന്നവര്‍ക്ക് സൗജന്യ
കൊവിഡ് ടെസ്റ്റ്

മൊബൈൽ ലാബുകൾ
ശനിയാഴ്ച മുതൽ

തിരുവനന്തപുരം >> കൊവിഡ് വ്യാപനം കേരളത്തില്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കൊവിഡ് രണ്ടാം തരംഗത്തിന് സാധ്യതയെന്ന മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതായും മന്ത്രി പറഞ്ഞു. കൊവിഡ് കുത്തനെ കൂടുന്നത് തടയാന്‍ ജനം വളരെയധികം ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുത്തനെ കൂടിയതിനാലാണ് ടെസ്റ്റിംഗ് നിരക്കും കൂട്ടുന്നത്. ജനിതക മാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നറിയാന്‍ വിദേശത്ത് നിന്ന് വരുന്നവര്‍ക്കെല്ലാം ഉടനടി പരിശോധന നിര്‍ബന്ധമാക്കും.

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. പ്രവാസികള്‍ക്കുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമായി നടത്തും. നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയത് വിവാദമായിരുന്നു.

സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന ലാബുകള്‍ നാളെ പ്രവര്‍ത്തനം തുടങ്ങും. പരിശോധനയ്ക്ക് ചാര്‍ജ് 448 രൂപ മാത്രമാണ്. 24 മണിക്കൂറിനകം പരിശോധന ഫലം നല്‍കാത്ത ലബോറട്ടറികളുടെ ലൈസന്‍സ് റദ്ദാക്കും. സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് 1700 രൂപയാണ്. സാന്‍ഡോര്‍ മെഡിക്കല്‍സ് എന്ന കമ്പനിക്കാണ് മൊബൈല്‍ ലാബുകള്‍ തുറക്കാന്‍ ടെന്‍ഡര്‍ ലഭിച്ചത്.

രാജ്യത്തെ കോവിഡ് കേസുകളിൽ കഴിഞ്ഞ ഒരാഴ്ചകൊണ്ട് 31 ശതമാനം വർധനവാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ എയർപോർട്ട് നിരീക്ഷണം കർശനമാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വൈറസിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനത്തിനും സാധ്യതയുണ്ട്. അതിനാലാണ് വിദേശത്ത് നിന്ന് വരുന്നവർക്ക് വീണ്ടും പരിശോധന നിർബന്ധമാക്കിയതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

വിദേശത്ത് നിന്ന് കുഞ്ഞുങ്ങളടക്കം എല്ലാ പ്രായക്കാർക്കും ഇന്ത്യയിലേക്ക് യാത്രചെയ്യണമെങ്കിൽ ഇനിമുതൽ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പരിശോധനാ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും വീണ്ടും സ്വന്തം ചെലവിൽ പരിശോധന നടത്തണമെന്നാണ് ചട്ടം. ഇതിനു പുറമേ 14 ദിവസം ക്വാറന്റീനും നിർബന്ധമാണ്. ഇതിനെതിരെ പ്രവാസികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രിയുടെ പ്രസ്താവന.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു