കേരളത്തില്‍ നിയമസഭ പുതിയ ഭരണ സംവിധാന തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്, മേയ് രണ്ടിന് അറിയാം ആര് ഭരിക്കുമെന്ന്

പ്രവാസികള്‍ക്ക് തപാല്‍
വോട്ട് സൗകര്യം 
ഇത്തവണയില്ല 

80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം

കൊവിഡ് ബാധിതർക്കും വോട്ട് ചെയ്യാൻ അവസരം

ഡെൽഹി >> കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ ആറിന് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.

കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽവന്നു. മാർച്ച് 12 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. പത്രികകളുടെ സൂക്ഷ്മ പരിശോധന മാർച്ച് 20ന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22നാണ്.

തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ ആറിനാണ് തിരഞ്ഞെടുപ്പ്. അസമിൽ മാർച്ച് 27, ഏപ്രിൽ ഒന്ന്, ആറ് തീയതികളിലായി മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ബംഗാളിൽ എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക (മാർച്ച് 27, ഏപ്രിൽ 1,6,10,17,22,26,29). എല്ലായിടത്തും മേയ് രണ്ടിനാണ് വോട്ടെണ്ണൽ.

കോവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി കേരളത്തിൽ ബൂത്തുകളുടെ എണ്ണം 40,771 ആയി വർധിപ്പിച്ചു. കഴിഞ്ഞ തവണ 21,498 ബൂത്തുകളാണ് ഉണ്ടായിരുന്നത്. പോളിങ് സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്. ഒരു മണ്ഡലത്തിൽ ചെലവഴിക്കാവുന്ന തുക 30.8 ലക്ഷം രൂപയാണ്.

കേരളത്തിലെ 140 മണ്ഡലങ്ങൾ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ 824 അസംബ്ലി മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 18 കോടി 86 ലക്ഷം വോട്ടർമാർ വിധിയെഴുതും. 80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് അനുവദിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

പത്രിക സമർപ്പിക്കാൻ സ്ഥാനാർഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കു. ഓൺലൈനായും പത്രിക നൽകാം. വീടുകൾ കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേരും വാഹന റാലികളിൽ അഞ്ച് വാഹനങ്ങൾ മാത്രമേ പാടുള്ളുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് നിരീക്ഷകരാകും. കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരെ തീരുമാനിച്ചിട്ടില്ല. പോലീസ് നിരീക്ഷകനായി ദീപക് മിശ്രയെ നിയോഗിച്ചു. സ്ഥാനാർഥികളുടെ ചെലവ് നിരീക്ഷണത്തിന് മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ പുഷ്പേന്ദ്ര പൂനിയയേയും നിയോഗിച്ചു

ഉത്സവം, പരീക്ഷ എന്നിവ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് തീയതികൾ തീരുമാനിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വിഷു, ഈസ്റ്റർ തുടങ്ങിയ ആഘോഷാവസരങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ 15ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേരളത്തിലെ പ്രമുഖ കക്ഷികളൊക്കെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു