മുംബൈ >> പുതിയ പ്രൈവസി പോളിസി അപ്ഡേറ്റുമായി ബന്ധപ്പെട്ട് വാട്സ് ആപ്പിനെതിരേ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ക്ക് വിശദീകരണവുമായി വാട്സ് ആപ്പ് രംഗത്ത്. പുതിയ അപ്ഡേഷന്റെ ഭാഗമായുള്ള നിബന്ധനകള്‍ സ്വകാര്യതയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് വാട്സ് ആപ്പ് വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രൈവസി പോളിസി ബാധിക്കില്ലെന്ന് വാട്സാപ്പ് പറയുന്നു. ബിസിനസ് വാട്സ് ആപ്പിലാണ് പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്നിരിക്കുന്നത്.
ചില അഭ്യൂഹങ്ങളില്‍ 100 ശതമാനം വ്യക്തത വരുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്വകാര്യസന്ദേശങ്ങള്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് ഞങ്ങള്‍ തുടരും. ഞങ്ങളുടെ പ്രൈവസി പോളിസി അപ്ഡേറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ സന്ദേശങ്ങളുടെ സ്വകാര്യതയെ ബാധിക്കുകില്ല. പരസ്യത്തിനായി ഒരുകാരണവശാലും ഞങ്ങള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫെയ്സ്ബുക്കുമായി പങ്കിടുന്നില്ല. സ്വകാര്യചാറ്റുകള്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് അതിലെ ഉള്ളടക്കം കാണാന്‍ കഴിയില്ല. ഉപയോക്താക്കള്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ സ്വകാര്യത സംരക്ഷിക്കുന്നതിന് കൂടുതല്‍ ക്രമീകരണങ്ങളാണ് വരുത്തിയിരിക്കുന്നത്.
ഫെബ്രുവരിയില്‍ പുതിയ നയം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുതന്നെ ഉപയോക്താക്കള്‍ പുതിയ അപ്ഡേഷനിലേക്ക് മാറേണ്ടത് അനിവാര്യമാണെന്നും വാട്സ് ആപ്പ് വിശദീകരിക്കുന്നു. വാട്സ് ആപ്പ് ഉപയോക്താക്കളുടെ ഡാറ്റ മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിന് കീഴിലുള്ള കമ്പനികളുമായും മറ്റ് തേഡ് പാര്‍ട്ടി സേവനങ്ങളുമായും പങ്കുവയ്ക്കുന്നത് നിര്‍ബന്ധിതമാക്കുന്ന പുതിയ പോളിസി അപ്ഡേറ്റിനെതിരേ ആഗോളതലത്തില്‍ വലിയ വിമര്‍ശനമാണുയരുന്നത്. പുതിയ അപ്ഡേറ്റ് പ്രകാരം ഉപയോക്താക്കളുടെ ഡാറ്റകള്‍ ഫെയ്സ്ബുക്കിനും അതിലൂടെ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്കും ഉപയോഗിക്കാനാവുമെന്ന റിപോര്‍ട്ടുകളാണ് പുറത്തുവന്നത്. പുതിയ നിബന്ധനയ്ക്ക് അനുമതി നല്‍കാത്ത ഉപയോക്താക്കളോട് വാട്സ് ആപ്പ് ഉപേക്ഷിച്ചോളാനാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ഫെബ്രുവരി എട്ടിനാണ് പുതിയ മാറ്റങ്ങള്‍ നിലവില്‍ വരിക.