ഉമ്മന്‍ചാണ്ടി മുന്നിൽ; തെരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് പത്തംഗസമിതി

ന്യൂഡൽഹി >> മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി യുഡിഎഫ് നേതൃത്വത്തിലേയ്ക്ക്. തെരഞ്ഞെടുപ്പ് സമിതി ചെയർമാനാകുമെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്‍മാന്‍ പദവിയും ഉമ്മൻചാണ്ടിക്ക് നൽകിയേക്കും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം.

സംഘടനാ ജനറൽ സെക്രട്ട കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ചയിൽ പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സജീവമല്ലാതിരുന്നത് പാര്‍ട്ടിയുടെ സാധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടിയുടെ സജീവ പ്രവര്‍ത്തനം അനിവാര്യ ഘടമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി.

അതേസമയം, എഐസിസി ജനറൽ സെക്രട്ടറി പദം ഒഴിയാനുള്ള സന്നദ്ധത ഉമ്മൻ ചാണ്ടി ഇന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷയെ അറിയിക്കും. സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. നിലവിൽ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണ് ഉമ്മൻ ചാണ്ടി.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് പത്തംഗസമിതിയെ നിയോഗിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ താരിഖ് അന്‍വര്‍, കെ.സി വേണുഗോപാല്‍, കെ മുരളീധരന്‍ എം.പി എന്നിവരും സമിതിയിലുണ്ട്.

എ.കെ ആന്റണിയ്ക്കാണ് കേരളത്തിന്റെ ചുമതല. സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ചര്‍ച്ച കേരളയാത്ര തുടങ്ങിയശേഷമാകും ഉണ്ടാവുക…

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു