സാമ്പത്തിക സർവേ വിവരശേഖരണം: കേന്ദ്ര സർക്കാരിൻ്റെ ദുരൂഹനീക്കം തടയണമെന്ന് പോപുലർ ഫ്രണ്ട്

കോഴിക്കോട് > > സംസ്ഥാന സർക്കാരിനെ നോക്കുകുത്തിയാക്കി പൗരൻമാരുടെ വിവരശേഖരണം നടത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ ദുരൂഹനീക്കം തടയണമെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന ജന.സെക്രട്ടറി എ അബ്ദുൽ സത്താർ.

സാമ്പത്തിക സർവേയുടെ മറപിടിച്ചാണ് കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഡിജിറ്റൽ സേവന കേന്ദ്രമായ കമ്മ്യൂണിറ്റി സർവീസ് സെൻ്ററുകൾ വഴി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത്. പൗരത്വ നിഷേധത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന ഏജൻസികളെ ഒഴിവാക്കിയുള്ള കേന്ദ്രത്തിൻ്റെ ഇടപെടൽ ദുരൂഹത ഉയർത്തുന്നതാണ്.
സാമ്പത്തിക സർവേയെന്ന പേരിൽ നടത്തുന്ന സർവേയിൽ പൗരത്വ നിയമവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉൾപ്പെടുന്നതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

പൗരത്വ നിഷേധത്തിനെതിരായി നിലകൊള്ളുമെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് ഇത്തരമൊരു ദുരൂഹ സർവേ തടയാൻ നടപടി സ്വീകരിക്കണം.
കൊവിഡ് വാക്സിനേഷൻ നടപടികൾ തീരുന്ന മുറയ്ക്ക് പൗരത്വ നിയമവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് നീങ്ങുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ദുരൂഹത ഉയർത്തുന്ന വിവരശേഖരണം സംസ്ഥാനത്ത് ആരംഭിച്ചത്.

രഹസ്യമായി സൂക്ഷിക്കേണ്ട പൗരൻമാരുടെ വിവരങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുമെന്നിരിക്കെ ആരുടെ അറിവോടെയാണ് കേരളത്തിൽ ഇത്തരമൊരു സർവേയ്ക്ക് അനുമതി നൽകിയതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം. കൊവിഡ് രോഗികളുടെ വിവരശേഖരണവുമായി അമേരിക്കൻ സ്വകാര്യ കമ്പനിയായ സ്പ്രിംഗ്ക്ലറിനെ ചുമതലപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി തടഞ്ഞിരുന്നു. ഈ സാഹചര്യം നിലനിൽക്കെ അതേ സർക്കാരിനെ നോക്കുകുത്തിയാക്കിയാക്കിയാണ് കമ്യൂണിറ്റി സെൻ്ററുകൾ വഴി പൗരൻമാരുടെ വിവരങ്ങൾ
കേന്ദ്രം ശേഖരിക്കുന്നത്.

ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കുന്നതിനൊപ്പം ദുരൂഹത ഉയർത്തുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ വിവരശേഖരണങ്ങൾ തടയുന്നതിനും സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അബ്ദുൽ സത്താർ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു