മലപ്പുറം >> പ്രചാരണ സമയം അവസാനിച്ച ശേഷം വോട്ടെടുപ്പ് ദിവസം വരെ രാഷ്ട്രീയ ഭാരവാഹികള്‍ക്ക് മണ്ഡലത്തില്‍ തങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രചാരണ സമയം അവസാനിച്ച ശേഷം മണ്ഡലത്തിന് പുറത്ത് നിന്ന് പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും മണ്ഡലം വിട്ട് പോകേണ്ടതാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥിയോ ഇലക്ഷന് ഏജന്റോ മണ്ഡലത്തിന് പുറത്തുള്ള ആളായാല്‍ പോലും മണ്ഡലം വിട്ടു പോകേണ്ടതില്ല.
വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന് സമീപം ഇലക്ഷന് ബൂത്തുകള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ടു.
പഞ്ചായത്തിന്റെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭയാണെങ്കില്‍ 100 മീറ്റര്‍ അകലത്തിലും മാത്രമേ ബൂത്തുകള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ. സ്ഥാനാര്‍ത്ഥിയുടെ പേര്, പാര്‍ട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ സ്ഥാപിക്കാം. ബൂത്തുകള്‍ നിര്‍മ്മിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്ന് രേഖാമൂലം അനുമതി വാങ്ങേണ്ടതും പരിശോധന വേളയില്‍ അവ കാണിക്കുകയും ചെയ്യണം.
പോളിംഗ് ദിവസം പഞ്ചായത്ത് പരിധിയിലെ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ ദൂരപരിധിക്കുള്ളിലും നഗരസഭയാണെങ്കില്‍ പോളിംഗ്സ്റ്റേഷന്റെ നൂറ് മീറ്റര്‍ പരിധിയ്ക്കുള്ളിലും വോട്ട് അഭ്യര്‍ത്ഥിക്കാന്‍ പാടില്ല.
ഒബ്സര്‍വര്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിംഗ് ഓഫീസര്‍ എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും മൊബൈല്‍ ഫോണ്‍ പോളിംഗ് സ്റ്റേഷനകത്തേക്ക് കൊണ്ടു പോകാന്‍ അനുവാദമില്ല.
പോളിംഗ് ദിനത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്കോ സ്ഥാനാര്‍ത്ഥിക്കോ വോട്ടര്‍മാരെ പോളിംഗ് സ്റ്റേഷനിലെത്തിക്കാന്‍ വാഹനമേര്‍പ്പെടുത്താന്‍ പാടില്ല. നേരിട്ടോ അല്ലാതെയോ ഇത്തരം സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്.
കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിനുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് ശേഖരിച്ച വിശദാംശങ്ങള്‍ ബ്ലോക്ക് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് കൈമാറും. തുടര്‍ന്ന് ബ്ലോക്ക് റിട്ടേണിങ് ഓഫീസര്‍മാര്‍ സ്പെഷ്യല്‍ ഓഫീസര്‍മാര്‍ക്ക് സ്പെഷ്യല്‍ ബാലറ്റ് പേപ്പര്‍ കൈമാറും. സ്പെഷല്‍ ഓഫീസര്‍ മുഖേനയാണ് രോഗികള്‍ക്ക് ബാലറ്റ് പേപ്പറുകള്‍ ലഭിക്കുക. കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് ദിനത്തില്‍ സമ്മതിദായകർ വൈകിട്ട് അഞ്ചിനകം പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തണം. രാവിലെ എഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ സാധാരണ വിഭാഗം വോട്ടര്‍മാര്‍ക്കും വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെ കോവിഡ് പോസിറ്റീവ് ആയിട്ടുള്ളവര്ക്കുമാണ് വോട്ട് രേഖപ്പെടുത്താന്‍ അവസരം. വോട്ടര്‍മാര്‍ വൈകീട്ട് ആറിന് മുമ്പ് പോളിംഗ് സ്റ്റേഷനിലെത്തണം. ആറിന് ക്യുവിലുള്ള മുഴുവന്‍ വോട്ടര്‍മാരും വോട്ടു ചെയ്തതിന് ശേഷം മാത്രമെ കോവിഡ് രോഗികളെ വോട്ട് ചെയ്യാന്‍ അനുവദിക്കൂ. കോവിഡ് രോഗികള്‍ പോളിംഗ് സ്റ്റേഷനില്‍ കയറുന്നതിന് മുമ്പ് പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റുമാരും നിര്‍ബന്ധമായും പി.പി.ഇ കിറ്റ് ധരിക്കണം.