മിഠായിതെരുവ് വാഹന പാർക്കിംഗ്: സമഗ്രമായ പരിശോധന വേണം – മുഖ്യമന്ത്രി

തദ്ദേശ സ്ഥാപനങ്ങളില്‍ ഇ-ഗവേണന്‍സ് സംവിധാനം വ്യാപകമാക്കും

ഗെയില്‍ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി അഞ്ചിന് പ്രധാനമന്ത്രി നിര്‍വഹിക്കും

കോഴിക്കോട് >> തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കുന്നതിനായി ഇ-ഗവേണന്‍സ് സംവിധാനം വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി കാരപറമ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഏറ്റവും കൂടുതല്‍ പേര്‍ ബന്ധപ്പെടുന്ന ഓഫീസ് എന്ന നിലയില്‍, തദ്ദേശ സ്ഥാപനങ്ങളില്‍ ആളുകള്‍ നേരിട്ട് ഓഫീസുകളിലെത്താതെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് ഉത്തമം. രാഷ്്ട്രീയ തലത്തില്‍ അഴിമതി ഇല്ലാതാക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ മറ്റുതലങ്ങളില്‍ ഇത് ബാധകമല്ലായെന്ന് ചിന്തിക്കുന്നവരുണ്ട്. ഇതുവെച്ച് പൊറുപ്പിക്കാനാവില്ലായെന്നും ശക്തമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മിഠായിതെരുവ് ഭംഗികൂട്ടിയതിന് ശേഷം ചില പ്രായോഗികമായ പ്രശ്നങ്ങളുയര്‍ന്നു വന്നിട്ടുണ്ട്. വാഹനപാര്‍ക്കിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഗുരുതരവുമാണെന്നതിനാല്‍ ഇക്കാര്യത്തില്‍ സമഗ്രമായ പരിശോധന ആവശ്യമാണെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ ആവശ്യമായ ചര്‍ച്ച ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് ബൈപ്പാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏകദേശം പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 20 ദിവസത്തിനുള്ളില്‍ ഇതിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് ദേശീയപാത അധികൃതര്‍ അറിയിച്ചിട്ടുള്ളത്. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ നടത്തുന്ന പഠനത്തിന് ശേഷം കോഴിക്കോട്-വയനാട് തുരങ്കപാതയുടെ മറ്റ് നടപടികളിലേക്ക് പോകും.

മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന്റെ സ്ഥലം നല്ല ആവശ്യങ്ങള്‍ക്കുപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതിനായുള്ള ശ്രമം സര്‍ക്കാര്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. പുതിയ വ്യവസായങ്ങള്‍ വരുന്നതിന് ഒട്ടേറെ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഭൂമി കുറവായതാണ് നമ്മള്‍ നേരിടുന്ന പ്രശ്നം. സര്‍ക്കാര്‍ ഭൂമിയില്‍ വ്യവസായം തുടങ്ങുന്നവര്‍ക്ക് ഭൂമിയുടെ വില ഗഡുക്കളായി അടക്കാനുള്ള സൗകര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്.

ആര്‍ക്കിടെക്ടസ് ഡിസൈന്‍ പോളിസി രൂപീകരണം സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ടൂറിസം രംഗത്തിന് നല്ല മുന്‍ഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ പ്രധാനപ്പെട്ട ഒരു കേന്ദ്രം തന്നെയാണ് കോഴിക്കോട്. സര്‍ക്കാര്‍ തന്നെ ടൂറിസം വികസിപ്പിക്കുക എന്നതില്‍ നിന്ന് മാറി സര്‍ക്കാറും മറ്റുള്ളവരും കൂടിച്ചേര്‍ന്നതും സ്വകാര്യ സംരംഭങ്ങളുമാകാം എന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്. രാത്രികാലങ്ങളില്‍ സജീവമാകുന്ന പട്ടണങ്ങള്‍ വേണമെന്നത് നേരത്തെ തന്നെ ആലോചിച്ചതാണ്. കൊവിഡ് പ്രതിസന്ധി മാറി വരുമ്പോള്‍ ഇക്കാര്യം ചിന്തിക്കാമെന്നാണ് കരുതുന്നത്.

ബേപ്പൂര്‍ തുറമുഖത്തെ വാര്‍ഫ്, ബെര്‍ത്ത് നീളം കൂട്ടാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജൂണ്‍ നാലിന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ബേപ്പൂര്‍, ആഴീക്കല്‍ തുറമുഖങ്ങളിലേക്കു വരുന്ന കപ്പലില്‍ കൊണ്ടു വരുന്ന മുഴുവന്‍ കണ്ടെയിനറുകള്‍ക്കും കണ്ടെയിനര്‍ ട്രക്കിന്റെ വാടകയുടെ 50 ശതമാനം കൊടുക്കാമെന്നുണ്ട്. അടുത്തിടെ ഉദ്ഘാടനം ചെയ്ത രണ്ടു ടഗുകളിലൊന്ന് ബേപ്പൂരിലും ഉപയോഗിക്കുന്നുണ്ട്.

കിഫ്ബി ഇംപ്രൂവ്മെന്റ് പ്രൊജക്ടിന്റെ രണ്ടാമത്തെ ഘട്ടം സര്‍ക്കാറിന്റെ പരിഗണനയിലുള്ള പദ്ധതിയാണ്. 26 കിലോ മീറ്റര്‍ ദൂരത്തില്‍ 10 റോഡുകളാണുള്ളത്. ഇതില്‍ 7 റോഡുകളുടെ ഡിപിആര്‍ തയ്യാറായി കഴിഞ്ഞു. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 22.25 കിലോ മീറ്റര്‍ ദൂരത്തില്‍ 6 റോഡുകളാണ് നവീകരിച്ചത്. 693 കോടിയാണ് ഇതിനായി ചെലവഴിച്ചത്. ഇതില്‍ 65 ശതമാനവും നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഭൂമി ഏറ്റെടുക്കലിലെ 80 ശതമാനവും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. കല്ലായ് പുഴ മുതല്‍ സരോവരം ബയോപാര്‍ക്ക് വരെ 6 കിലോമീറ്റര്‍ കനോലി കനാല്‍ ശുചീകരിച്ചു. കോരപ്പുഴക്കും സരോവരത്തിനുമിടയില്‍ 3 കിലോമീറ്ററും ശുചീകരിച്ചു. മറ്റ് പ്രവൃത്തികളും കൂടെ പൂര്‍ത്തീകരിക്കാനായാല്‍ കല്ലായി പുഴ മുതല്‍ കോരപ്പുഴ വരെ പൂര്‍ണമായും ഗതാഗത യോഗ്യമാകും.

ഗെയില്‍ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി അഞ്ചിന് പ്രധാനമന്ത്രി നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി സിഎന്‍ജി സ്്റ്റേഷനുകള്‍ ജില്ലയില്‍ ആരംഭിക്കാനുള്ള നടപടികള്‍ ഉദ്ദേശിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ധാര്‍മ്മിക മൂല്യമുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് എന്തു ചെയ്യാനാകുമെന്ന് വിദ്യാഭ്യാസ വിദഗ്ദരുമായി ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
പൊതുതലത്തിലും കോഴിക്കോടിനെ കുറിച്ചും നല്ല നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നു വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവമായി പരിശോധിച്ച് ഉള്‍പ്പെടുത്തേണ്ടവ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എം പി അഹമ്മദ്, പി കെ അഹമ്മദ്, സി ഇ ചാക്കുണ്ണി, സുബൈര്‍ കൊളക്കാടന്‍, ഖാലിദ്, വിവേക് സിറിയക്, മെഹറൂഫ് മണലൊടി, ഡോ.മിലി മണി, അനീസ് ആദം, ഡോ. രാകേഷ്, ടി സി അഹമ്മദ്, സി മുഹമ്മദ് ഫൈസി, ആബിദ റഷീദ്, ക്യാപ്റ്റന്‍ ഹരിദാസ്, ഒ രാജഗോപാല്‍, ഡോ. വി ജി പ്രദീപ്കുമാര്‍, ഹാരിസ്, ഡോ. ഖദീജ മുംതാസ്, ടി പി അബ്ദുല്ലക്കോയ മദനി, സ്വാമി നരസിംഹാനന്ദ, ഉമര്‍ ഫൈസി മുക്കം, സ്വാമി ഭക്താനന്ദന്‍, എന്‍ എം സലിം, റിട്ട. എസ്പി പ്രദീപ്കുമാര്‍, ഐ പി അബ്ദുസലാം തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളിലെ പ്രമുഖരും സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു