കോവിഡ് 19 ജാഗ്രത പോർട്ടലിന് രണ്ടു കോടി ഹിറ്റിന്റെ അഭിമാന നേട്ടം

കോഴിക്കോട് >> കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടവും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും ഐ.ടി മിഷനും സംയുക്തമായി ഒരുക്കിയ കോവിഡ് 19 ജാഗ്രത പോർട്ടലിന് രണ്ടു കോടിയിലധികം ഹിറ്റിന്റെ അഭിമാന നേട്ടം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, കോവിഡ് ബാധിതരുടെ നിരീക്ഷണം, ചികിത്സ സാധ്യമാക്കല്‍ എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരിനു വേണ്ടി വികസിപ്പിച്ച സമഗ്രമായ പകര്‍ച്ചവ്യാധി മാനേജ്മെന്റ് സംവിധാനമാണ് കോവിഡ് 19 ജാഗ്രത പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷന്‍.

കോവിഡ് രോഗവ്യാപനത്തിന്റെ പ്രാരംഭഘട്ടത്തിൽ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് സഹായം നൽകുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ മേൽ നേട്ടത്തിൽ കോവിഡ് ജാഗ്രത പോർട്ടലിന് രൂപം നൽകിയത്. കോവിഡുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങളും ഉൾക്കൊള്ളിച്ച് രൂപകല്പന ചെയ്ത ഈ ആപ്ലിക്കേഷൻ രാജ്യത്തു തന്നെ ആദ്യത്തേതായിരുന്നു.
ഹോം ക്വാറന്റയിനില്‍ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷണം, രോഗീ പരിപാലനം, പരാതികള്‍ സമര്‍പ്പിക്കാനും പ്രശ്നപരിഹാരത്തിനുമായുള്ള ഓണ്‍ലൈന്‍ സംവിധാനം എന്നിവക്കു പുറമെ ഓരോ ഘട്ടത്തിലെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആവശ്യം മനസിലാക്കി ആപ്ലിക്കേഷന്‍ വിപുലീകരിക്കുകയുണ്ടായി.

റൂം ക്വാറന്റയിനിലുള്ളവരുടെയും സമ്പർക്ക പട്ടികയിലുള്ളവരുടെയും നിരീക്ഷണം, കോവിഡ് കെയർ സെന്ററുകളുടെയും ആശുപത്രികളുടെയും മാനേജ്‌മെന്റ്, പരാതി പരിഹാരം, കോവിഡ് ടെസ്റ്റിംഗ് വിവരങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ ജില്ലകൾക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിൽ സമഗ്രമായ പകർച്ചവ്യാധി മാനേജുമെന്റ് സംവിധാനമാണ് കോവിഡ് 19 ജാഗ്രത പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷൻ.
ടെലി മെഡിസിൻ കൺസൾട്ടേഷൻ, ഓൺലൈൻ ഒ.പി. സംവിധാനം, ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കാനും വിദഗ്ധചികിത്സ നിർദ്ദേശിക്കാനുമുള്ള സൗകര്യം, ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയും ലഭ്യമാണ്.

കോവിഡ് ടെസ്റ്റുകളുടെ എണ്ണവും ഫലവും രേഖപ്പെടുത്താനുള്ള സംവിധാനം, രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ വ്യക്തികളെ തിരിച്ചറിയുന്നതിനും ഈ സമ്പർക്കങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള മാർഗം എന്നിവയും പോർട്ടലിലുണ്ട്. മൺസൂൺ തയ്യാറെടുപ്പുകളുടെ മേൽനോട്ടം,റിവേഴ്‌സ് ക്വാറന്റൈൻ, ലഭ്യമാകുന്ന വിവരങ്ങൾ തത്സമയം അപഗ്രഥിച്ച് കൃത്യമായി ഇടപെടലുകൾ നടത്താൻ ഭരണ സംവിധാനത്തെ സഹായിക്കുന്ന സംസ്ഥാന തല, ജില്ലാ തല ഡാഷ്ബോർഡുകൾ എന്നിവയും ഉൾപ്പെടുത്തിയാണ് ഈ വെബ് ആപ്ലിക്കേഷൻ ഒരുക്കിയിരിക്കുന്നത്. ഹോസ്പിറ്റൽ ഹെൽത്ത് കെയർ എന്ന ആശയവും ഇതിൽ ചേർത്തിട്ടുണ്ട്.

നിലവിൽ പുതുതായി കോവിഡ് ഐസിയുകളെ ബന്ധിപ്പിക്കുന്ന ഐസിയു ഗ്രിഡ് സംവിധാനവും കോവിഡ് 19 ജാഗ്രത പോർട്ടലിൽ പ്രവർത്തന സജ്ജമായി. സ്വകാര്യ ആശുപത്രികളിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ചികിത്സാധന സഹായത്തിനുള്ള റഫറൽ ലെറ്ററും നിലവിൽ പോർട്ടൽ മുഖേന നൽകുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു