എസ്എന്‍ഡിപി തിരഞ്ഞെടുപ്പ്: വടകരയിൽ പരസ്യ പോര്

വടകര >> എസ്എന്‍ഡിപി യോഗം വടകര യൂനിയന്‍ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ 27 ന് നടക്കാനിരിക്കെ വിമതശല്യത്തിനെതിരെ ഔദ്യോഗിക നേതാക്കൾ പരസ്യ പോരിനിറങ്ങി.

കഴിഞ്ഞ കാല തിരഞ്ഞെടുപ്പില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേതൃത്വത്തെ അംഗീകരിക്കുന്നവരാണ് മത്സരിച്ചതെന്നും ഔദ്യോഗിക വിഭാഗം ഭാരവാഹികള്‍ മുൻകൂർ ജാമ്യമെടുത്ത് വിമതർക്കെതിരെ രംഗതെത്തി. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള ഒരു വിഭാഗം എസ്എന്‍ഡിപി യോഗത്തിനെതിരെ രൂപീകരിച്ച സംരക്ഷണ സമിതിയുടെ ലേബലിലുള്ളവരാണെന്നും ഫലത്തില്‍ ഇവര്‍ യോഗത്തിനും ജനറല്‍ സെക്രട്ടറിക്കും എതിരായിട്ടാണ് മത്സരിക്കുന്നതെന്നും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന പി.എം രവീന്ദ്രനും പ്രസിഡന്റ് സ്ഥാനാര്‍ഥി എം.എം ദാമോദരനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിവിധ ജനോപകാരപ്രദമായ സേവന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കൗണ്‍സില്‍ ചെയ്തിട്ടുണ്ടെന്നും മേലിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും നേതാക്കള്‍ പറഞ്ഞു. സമുദായ പുരോഗതിയെയും സംഘടനാ വളര്‍ച്ചയെയും തടസ്സപ്പെടുത്തുക എന്ന ഗൂഢ ഉദ്ദേശത്തോടെയാണ് എതിര്‍വിഭാഗം പ്രവര്‍ത്തിക്കുന്നതെന്നും ഇവരെ വോട്ടര്‍മാര്‍ തിരിച്ചറിയണമെന്നും ഔദ്യോഗിക പക്ഷത്തെ വിജയിപ്പിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു. പി.എം ഹരിദാസന്‍, ചന്ദ്രന്‍ ചാലില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു