സൈബറിടം കാക്കാന്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍

കാസർക്കോട് >> സൈബര്‍ മേഖലയില്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജില്ലയില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റഷന്‍ ആരംഭിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

സംസ്ഥാനത്തെ പതിനഞ്ച് പോലീസ് ജില്ലകളിലും ആരംഭിക്കുന്ന സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനുകള്‍, തൃശൂര്‍ റൂറലിലെ മലക്കപ്പാറ പോലീസ് സ്‌റ്റേഷന് വേണ്ടിയുള്ള പുതിയ കെട്ടിടം എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനോട് ചേര്‍ന്ന് നിലവിലുള്ള സൈബര്‍ സെല്ലാണ് സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനായി ഉയര്‍ത്തിയത്. 2008 ഓഗസ്റ്റ് മുതല്‍ സൈബര്‍ സെല്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നിലവില്‍ സൈബര്‍ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ടു സൈബര്‍ സെല്ലില്‍ സ്വീകരിച്ചിരുന്നില്ല.

പോലീസ് സ്റ്റേഷനുകളിലോ, ജില്ല പോലീസ് മേധാവി മുഖാന്തിരമോ മാത്രമേ പരാതി സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഒരു മാസം ശരാശരി 60 മുതല്‍ 70 ഓളം സൈബര്‍ കുറ്റകൃത്യം, മൊബൈല്‍ ദുരുപയോഗം, ബാങ്കിങ്,ഓണ്‍ലൈന്‍തട്ടിപ്പ് തുടങ്ങി ചെറുതും വലുതുമായ പരാതികള്‍ സൈബര്‍ സെല്‍ കൈകാര്യം ചെയ്യുന്നുണ്ട്. പുതിയ പോലീസ് സ്റ്റേഷനിലൂടെ ഇത്തരം പരാതികള്‍ നേരിട്ടു സൈബര്‍ സെല്ലില്‍ സ്വീകരിക്കാന്‍ സാധിക്കും. സൈബര്‍ പോലീസ് സ്റ്റേഷന്റെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചുമതല വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ക്കാണ്.

ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഹെഡ്്ക്വാട്ടേഴ്‌സ് എഡിജിപി മനോജ് എബ്രഹാം, ക്രമസമാധാന വിഭാഗം എഡിജിപി ഡോ. ഷേക്ക് ദര്‍വേശ് സാഹബ്, ഹെഡ്ക്വാട്ടേഴ്‌സ് ഐജി പി വിജയന്‍, ജില്ലാ പോലീസ് മേധാവി ഡോ. ഡി ശില്പ, അഡീഷണല്‍ എസ്പി സേവ്യര്‍ സെബാസ്റ്റ്യന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഹരിശ്ചന്ദ്രനായ്ക്ക്, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു