ശമ്പളം മാറ്റിവെയ്ക്കൽ: തീരുമാനം പിന്‍വലിച്ചു

തിരുവനന്തപുരം >> കോവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സെപ്തംബര്‍ 1 മുതല്‍ 6 മാസത്തേക്കുകൂടി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കാനെടുത്ത തീരുമാനം പിന്‍വലിച്ചു.  

ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പി.എഫില്‍ ലയിപ്പിക്കേണ്ടതാണ് എന്ന വ്യവസ്ഥയില്‍ 2020 നവംബര്‍ മാസം മുതല്‍ അനുവദിക്കും. ഇത് 2021 ജൂണ്‍ 1 മുതല്‍ പിഎഫില്‍ നിന്നും പിന്‍വലിക്കാം. എല്ലാ വിഭാഗം ജീവനക്കാരുടെയും അടുത്ത സാമ്പത്തിക വര്‍ഷത്തെ ലീവ് സറണ്ടര്‍ 2021 ജൂണ്‍ 1 മുതല്‍ മാത്രമേ അനുവദിക്കൂ. ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പി.എഫ് ഇല്ലാത്ത ജീവനക്കാര്‍ക്ക് പണമായി അനുവദിക്കും.

ഹോണറേറിയം വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്നും 6 ദിവസത്തെ ശമ്പളം മാറ്റിവെച്ചെങ്കില്‍ തിരികെ നല്‍കും.

ഒരു ഉദ്യോഗസ്ഥന്‍ മൂന്നു മാസത്തിനുമുകളില്‍ അവധിയെടുത്താല്‍ പ്രമോഷന്‍ നല്‍കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. അധിക ചുമതല നല്‍കി കൃത്യനിര്‍വഹണം നടത്തും.

ജീവനക്കാരെ
പുനര്‍വിന്യസിക്കും

പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോലിഭാരം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തിപഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചു. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നടത്തിയ ഫീല്‍ഡ് പഠനത്തിനുശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് അംഗീകരിച്ചത്.

വിവിധ വകുപ്പുകള്‍ തമ്മിലും സെക്ഷനുകള്‍ തമ്മിലും ജോലിഭാരത്തിന്‍റെ കാര്യത്തില്‍ അസന്തുലിതാവസ്ഥ ഉണ്ടായിരുന്നതു കാരണം ചില വകുപ്പുകളില്‍ അമിത ജോലിഭാരവും മറ്റു ചിലതില്‍ താരതമ്യേന കുറഞ്ഞ ജോലിഭാരവും നിലനിന്നിരുന്നു.

കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ്, ഓഫീസ് അറ്റന്‍ഡന്‍റ് തുടങ്ങിയ തസ്തികകളില്‍ അധികമായി കണ്ടെത്തുന്ന തസ്തികകള്‍ ജീവനക്കാരുടെ സമ്മതപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഒഴികെ മറ്റു ജില്ലകളില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് വ്യവസ്ഥയില്‍ നിയമിക്കും. പൊതുഭരണ സെക്രട്ടേറിയറ്റില്‍ നടത്തിയതിനു സമാനമായ പ്രവൃത്തിപഠനം നിയമവകുപ്പിലും ധനകാര്യവകുപ്പിലും നടത്തും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു