വേഗത്തിലുള്ള വിചാരണയും നീതിയും പ്രാധാന്യമര്‍ഹിക്കുന്നു: ജസ്റ്റിസ് എ എം ഷഫീക്ക്

കാസർക്കോട് >> നീതിന്യായ വ്യവസ്ഥയില്‍ വേഗത്തിലുള്ള വിചാരണയും വേഗത്തില്‍ ലഭ്യമാവുന്ന നീതിയും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ഹൈക്കോടതി ജഡ്ജി എ എം ഷഫീക്ക് പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി നടക്കുന്ന ബലാല്‍സംഗ-പോക്‌സോ കേസുകളുടെ വിചാരണകള്‍ വേഗത്തിലാക്കുവാന്‍ സംസ്ഥാനത്ത് സജ്ജമാക്കിയ അഞ്ച് ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതികളുടെയും കാസര്‍കോട് ജില്ലയ്ക്ക് അനുവദിച്ച വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെയും ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിക്രമങ്ങള്‍ക്ക് വിധേയരാവുന്നവര്‍ക്ക് ഉടന്‍ തന്നെ ആശ്വാസം നല്‍കേണ്ടതും ബന്ധപ്പെട്ട കക്ഷികള്‍ക്ക് നീതി ലഭ്യമാക്കേണ്ടതും അനിവാര്യമായ ബാധ്യതയാണ്. ഇതോടൊപ്പം കുറ്റാരോപിതനും ഉചിതമായ പരിഗണന നല്‍കേണ്ടതുണ്ട്. ആരോപണത്തെ എതിര്‍ക്കാനുള്ള അവകാശവും ഭരണഘടന നല്‍കുന്നുണ്ട്.
കേരളത്തില്‍ നിലവില്‍ 8176 പോക്‌സോ കേസുകളും 6194 ബലാല്‍സംഗക്കേസുകളുമാണ് കോടതികളുടെ മുന്നിലുള്ളത്. പ്രത്യേക കോടതികളിലൂടെ വേഗത്തിലുള്ള വിചാരണയും തീര്‍പ്പാക്കലുമെന്ന ലക്ഷ്യമാണ് നിര്‍വഹിക്കപ്പെടുന്നത്. മാര്‍ച്ചില്‍ തന്നെ അഞ്ച് കോടതികള്‍ പ്രവര്‍ത്തനമാരംഭിക്കേണ്ടിയിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഉദ്ഘാടനം നീണ്ട് പോവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു