കോഴിക്കോട് >> സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന “വിദ്യാരവം” കലാ കായിക പ്രവൃത്തി പരിചയ പരിപോഷണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. എസ് എസ് കെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഡോ.എ.പി.കുട്ടികൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സംഗീത സംവിധായകന് എം.ജയചന്ദ്രന് മുഖ്യാതിഥിയായി.
ജില്ലയിലെ കലാ-കായിക -പ്രവൃത്തി പരിചയാധ്യാപകരുടെയും അതതു മേഖലകളിലെ വിദഗ്ധരുടെയും അക്കാദമിഷ്യന്മാരുടെയും സേവനം പ്രയോജനപ്പെടുത്തി സമഗ്ര ശിക്ഷാ കോഴിക്കോട് ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന സവിശേഷ പരിപാടിയാണ് വിദ്യാരവം. ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുമാണ് വിദ്യാരവം ഓണ്‍ലൈന്‍ പാഠങ്ങളുടെ ഗുണഭോക്താക്കള്‍.
എല്‍ പി, യു പി, ഹൈസ്ക്കൂള് വിഭാഗം പാഠ്യപദ്ധതി സവിശേഷമായി പരിഗണിച്ചു കൊണ്ട് കലാ വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, ആരോഗ്യ-കായിക വിദ്യാഭ്യാസം എന്നീ നാലു വിഭാഗങ്ങളിലാണ് ക്ലാസുകള്‍ ഒരുക്കുന്നത്. കുട്ടികളുടെ അഭിരുചികള്‍, സര്‍ഗാത്മക ശേഷി എന്നിവ പരിപോഷിപ്പിക്കുക, കലാ കായിക പ്രവൃത്തി പരിചയ മേഖലകളിലെ താല്പര്യവും ശേഷികളും പ്രയോജനപ്പെടുത്തി കുട്ടികളില്‍ പഠനാഭിമുഖ്യം വളര്‍ത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സമഗ്ര ശിക്ഷാ പ്രോജക്ട് കോർഡിനേറ്റർ ഡോ: എ.കെ.അബ്ദുൽ ഹക്കീം അറിയിച്ചു.
ഇതിനൊടൊപ്പം ജില്ലയിലെ മുഴുവന്‍ ബിആര്‍സി കളുടെയും അക്കാദമി വിഭവശേഷി ഏകോപിപ്പിക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധ്യമാകും. കൊവിഡ് കാലത്ത് കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന ഒറ്റപ്പെടലും സംഘര്‍ഷങ്ങളും ലഘൂകരിക്കുന്നതിനും മാനസികോല്ലാസം പ്രധാനം ചെയ്യുന്നതിനും ആരോഗ്യ കായിക വികാസഘട്ടങ്ങളെ ശാസ്ത്രീയമായി പരിപോഷിപ്പിക്കുന്നതിനും ശരിയായ ജീവിത ശീലങ്ങളും മനോഭാവങ്ങളും കുട്ടികളില്‍ വളര്‍ത്തുന്നതിനും പദ്ധതിയിലൂടെ സാധ്യമാക്കും.
സംഗീതാധ്യാപകര്‍, ചിത്രകലാ അധ്യാപകര്‍, പ്രവൃത്തിപരിചയ അധ്യാപകര്‍, കായികാധ്യാപകര്‍ എന്നിങ്ങനെ നാല് വിഭാഗം അക്കാദമിക ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ 1 മുതല്‍ 9 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് നല്കാവുന്ന ഓണ്‍ലൈന്‍ പഠന പ്രവര്‍ത്തനങ്ങള്‍,വീഡിയോകള്‍ എന്നിവയാണ് തയ്യാറാക്കുന്നത്. വിദ്യാരവത്തില് പ്രതിഭ തെളിയിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനവും പ്രോത്സാഹനവും ലഭ്യമാക്കുന്നതിനായി ടാലന്റ് ലാബ് സംവിധാനം പ്രയോജനപ്പെടുത്തും.
കൂടാതെ വിവിധ സ്പെഷലിസ്റ്റ് അധ്യാപകരുടെയും ജില്ലയിലെ കലാകാരന്മാരുടെയും സേവനം ഇവര്‍ക്കായി ഒരുക്കും. പ്രവൃത്തിപരിചയ പരിപോഷണവുമായി ബന്ധപ്പെട്ട ഓരോ വിദ്യാലയങ്ങള്‍ക്കും കുട്ടികളുടെ വീടുകളില്‍ വിദ്യാരവം ഓണ്‍ലൈന്‍ മേളകള്‍ സംഘടിപ്പിക്കും. സ്കൂള്‍ നടത്തുന്ന ഗൃഹാധിഷ്ഠിത പ്രവര്ത്തിപരിചയമേളയായി മത്സരാടിസ്ഥാനത്തിലാണ് ഇത് നടത്തുക. കുട്ടികള്‍ വീടുകളില്‍ ഒരുക്കുന്ന ഈ പ്രദര്‍ശനം വിദ്യാലയം വിലയിരുത്തുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യും.