വയനാട് തുരങ്ക പാത: പദ്ധതി തട്ടിപ്പെന്ന് പ്രതിപക്ഷം, കുപ്രചരണമെന്ന് എം എൽ എ

മുക്കം >>സംസ്ഥാന സർക്കാരിൻ്റെ 
പല പദ്ധതികളുമെന്ന പോലെ  
വയനാട് തുരങ്കപാതയും വിവാദത്തിൽ. സർക്കാരിൻ്റെ അഭിമാന പദ്ധതിയും മലബാറിൻ്റെ സ്വപ്ന പദ്ധതിയുമായ തുരങ്ക പാത വിവാദത്തിലായതോടെ പദ്ധതിയുടെ ഭാവി ഇരുളടയുമോ എന്ന ആശങ്കയാണുയരുന്നത്. തുരങ്ക പാതയ്ക്ക് പാരിസ്ഥിതികാനുമതി നേടിയില്ലെന്ന ന്യുനതയിൽ പിടിച്ചാണ് പ്രതിപക്ഷ പാർടികൾ പദ്ധതിക്കെതിരെ രംഗത്തുവന്നത്.

വിവരാവകാര നിയമപ്രകാരമുള്ള ചോദ്യത്തിൻ്റെ മറുപടിയിലാണ് പദ്ധതിക്ക് പാരിസ്ഥിതികാനുമതി ഇല്ലെന്ന വിവരം ലഭിച്ചത്. അനുമതിക്ക് അപേക്ഷ നൽകിയിട്ടില്ലെന്നും മറുപടിയിൽ വ്യക്തമായി.
തെരഞ്ഞെടുപ്പടുത്ത സന്ദർഭമായതിനാൽ ഇതുപയോഗിച്ച് വലിയ പ്രചരണമാണ് യു ഡി എഫ് നേതൃത്വത്തിൽ ആരംഭിച്ചത്.

സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയാണ് നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാരംഭ പ്രവർത്തനങ്ങങൾ ആരംഭിച്ച തുരങ്കപാത. വയനാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കുന്നതിനു പുറമെ കോഴിക്കോട്, വയനാട് ജില്ലകളുടെ സമഗ്ര വികസനത്തിനു പകരിക്കുന്നതുമാണ് തുരങ്കപാത.

കിഫ്ബി ധനസഹായത്തോടെ 900 കോടി രൂപചെലവിലാണ് ഈ ബൃഹത് പദ്ധതി നടപ്പാക്കാനൊരുങ്ങിയത്.
കൊങ്കൺ റയിൽവെ കോർപറേഷനെ ചുമതലയേൽപിക്കുകയും ചെയ്തു. എന്നാൽ ഇത് വെറും തെരഞ്ഞെടുപ്പ് സ്റ്റാണ്ടായിരുന്നു എന്ന നിലയിലാണ് ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രചരണം.

അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയമായ ദുഷ്ടലാക്കോടെയാണ് ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി തുരങ്കപാതയെക്കുറിച്ച്  കുപ്രരണം നടത്തുന്ന തെന്ന് ജോർജ് എം തോമസ് എം.എൽ.എ പറഞ്ഞു. കുപ്രചരണം തള്ളിക്കളയണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

കേന്ദ്ര ഗവൺമെൻ്റ് സമീപകാലത്ത് വിവിധ സംസ്ഥാനങ്ങളിൽ നിരവധി തുരങ്ക പാതകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത ആരംഭിക്കുന്നതും അവസാനിക്കുന്നതും സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകുന്ന ഭൂമിയിലാണ്. പാത നിർമ്മാണത്തിന് മലയിടിക്കുകയോ വനനശീകരണം നടത്തുകയോ  ചെയ്യേണ്ടി വരുന്നില്ല. പാരിസ്ഥിതികാഘാതത്തിൻ്റെ പ്രശ്നങ്ങളൊന്നും ഉണ്ടാവുന്നില്ലെന്നർത്ഥം.ഒരു ‘ടേൺ കീ’ പ്രൊജക്ട് എന്ന നിലയിൽ ഇതിൻ്റെ എസ് പി വി ആയി കൊങ്കൺ റെയിൽവേ കോർപ്പറേഷനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായതാണ്. റോഡിൻ്റെ ഡിസൈൻ, തുരങ്കത്തിൻ്റെ അലൈൻമെൻ്റ് നിശ്ചയിക്കൽ, 
എം ഒ ഇ എഫ് ക്ലിയറൻസ് വാങ്ങൽ, നിർമ്മാണം എന്നിവയെല്ലാം കൊങ്കൺ റെയിൽവെ തന്നെയാണ് നിർവ്വഹിക്കുക.

അതിനാവശ്യമായ സർവേ,ഡ്രില്ലിംഗ്,ഏരിയൽ സർവ്വെ, പാരിസ്ഥിതിക ആഘാതപഠനം എന്നിവ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സർക്കാർ ഏജൻസിയായ കിറ്റ് കോ ആണ് പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നത്. ഇതെല്ലാം പൂർത്തീകരിച്ച് വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കലാണ് ആദ്യ ഘട്ടം.തുടർന്ന്ഡി പി ആർ സഹിതമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുക. ഇക്കാര്യങ്ങളെല്ലാം നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.

സംസ്ഥാനത്തിൻ്റെ വികസനത്തിൽ ശ്രദ്ധേയമായ ഈ പദ്ധതിയെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ഇകഴ്ത്തുന്ന പ്രചരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ പൊതുജനം തള്ളിക്കളയണമെന്ന് ജോർജ് എം തോമസ് എംഎൽഎ അഭ്യർത്ഥിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു