മിഠായിതെരുവ് വാഹന നിരോധനം പിൻവലിച്ച് പ്രതാപം വീണ്ടെടുക്കണം- മലബാർ ഡെവലപ്മെന്റ് കൗൺസിൽ

കോഴിക്കോട് >> മലബാറിന്റെ ആസ്ഥാനവും അന്തർദേശീയ-ദേശീയ തലത്തിൽ അറിയപ്പെടുന്ന പുരാതന വാണിജ്യ കേന്ദ്രമായ കോഴിക്കോട് മിഠായിത്തെരുവ് പ്രതാപം നിലനിർത്താൻ വാഹന നിരോധനം ഉടൻ പിൻവലിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി.ഇ.ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ.അയ്യപ്പൻ, ഖജാൻജി എം.വി.കുഞ്ഞാമു എന്നിവർ ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു.

നവീകരണ-സൗന്ദര്യവൽക്കരണ വേളയിൽ കിഡ്സൺ കോർണർ, ലിങ്ക് റോഡ്, മുതലക്കുളം, പാർക്കിംഗ് പ്ലാസകൾ, കോർട്ട് റോഡ് – മാനാഞ്ചിറ ക്രോസ് റോഡ് ഉൾപ്പെടെ തറക്കല്ലിട്ടു അധികാരികൾ നൽകിയ ഉറപ്പുകൾ പാലിച്ചില്ല.

വാഹന നിരോധനം മൂലം രാധ – കോയൻകോ, ഗ്രാൻഡ് ബസാർ, ചെട്ടിയാർ കോമ്പൗണ്ട്, ലാൻഡ് വേൾഡ് ഉൾപ്പെടെ നിലവിലുള്ള നിരവധി പാർക്കിംഗ് സൗകര്യങ്ങൾ വിനിയോഗിക്കാൻ കഴിയുന്നില്ല. തന്മൂലം അവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ എം.പി റോഡ്, പി.എം താജ് റോഡ്,കോർട്ട് റോഡ് മേലെ പാളയം, വൈക്കം ബഷീർ റോഡ്, ജി.എച്ച് റോഡ് എന്നിവിടങ്ങളിൽ നിർത്തി ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു. അതുമൂലം മിഠായിത്തെരുവും, ചുറ്റുമുള്ള മുഴുവൻ വ്യാപാര കേന്ദ്രങ്ങളെയും പ്രതിസന്ധിയിലാക്കി.

ഉല്ലാസത്തിനും, വിനോദത്തിനും സായാഹ്നം, ചെലവഴിക്കാൻ മിഠായിത്തെരുവിൽ എത്തുന്ന കുടുംബങ്ങൾക്കും, കലാ പ്രേമികൾക്കും, എസ് കെ പൊറ്റക്കാട് ചത്വരത്തേക്കാൾ കൂടുതൽ വിശാലവും സൗകര്യപ്രദമായി പുൽത്തകിടിയും, ഇരിപ്പിടങ്ങളും, അനുബന്ധ സൗകര്യങ്ങളും ഒരുക്കി മാനാഞ്ചിറ മൈതാനം നവീകരിച്ചു തുറന്നു കഴിഞ്ഞു. ഇത് മൂലം വാഹനം നിരോധിച്ചവർക്ക് പോലും ആദ്യത്തെ എതിർപ്പ് ഇപ്പോൾ ഉണ്ടാവുകയില്ല. നിത്യ ചെലവിന് കട ഉടമകളും ജീവനക്കാരും തൊഴിലാളികളും അവധിദിവസങ്ങളിൽ സ്വന്തം സ്ഥാപനങ്ങൾക്കു മുൻപിൽ തെരുവ് കച്ചവടം നടത്തുന്ന ദയനീയ അവസ്ഥയിലാണ്.

മുൻകാലങ്ങളിൽ ഷോപ്പിംഗ് പൂർണതയിൽ എത്തണമെങ്കിൽ മിഠായി തെരുവിൽ എത്തിയാൽ മാത്രമേ ഉപഭോക്താക്കൾക്ക് സംതൃപ്തി ലഭിച്ചിരുന്നുള്ളൂ.
നോട്ട് നിരോധനം മുതൽ – കൊവിഡ് 19 വരെയുള്ള തുടർച്ചയായ പ്രതിസന്ധികൾക്കു പുറമേ വാഹന നിരോധനം മൂലം സാമ്പത്തിക ഞെരുക്കത്തിൽ കടക്കെണിയിലായ കെട്ടിട സ്ഥാപന – ഉടമകൾ, ജീവനക്കാർ, തൊഴിലാളികളുടെ ഉപജീവനത്തിനും, മിഠായിത്തെരുവിന്റെയും, ചുറ്റുമുള്ള വാണിജ്യ കേന്ദ്രങ്ങളുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിന് വാഹന നിരോധനം ഉടൻ പിൻവലിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി.ഇ.ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ.അയ്യപ്പൻ, ഖജാൻജി എം.വി.കുഞ്ഞാമു എന്നിവർ ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു.

മിഠായി തെരുവിലെ വാഹനഗതാഗത നിരോധനം പിൻവലിച്ചാൽ ജി. എച്ച്. റോഡിലെ ഗതാഗതകുരുക്ക് കുറക്കുന്നതിനും, നഗരത്തിന്റെ വടക്ക് ഭാഗത്തു നിന്ന് റെയിൽവേ സ്റ്റേഷനിലേക്കും, വലിയങ്ങാടി ഭാഗത്തേക്കുമുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ യാത്ര സുഗമമാക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു