മാദ്ധ്യമ പ്രവർത്തകർക്ക് മാർഗനിർദ്ദേശം, പൊതുയോഗങ്ങളിൽ പങ്കെടുക്കരുത്

മലപ്പുറം >> തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നിഷ്പക്ഷവും സുതാര്യവുമായി നിര്‍വഹിക്കുന്നതിന് വാര്‍ത്താ മാദ്ധ്യമങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.

വോട്ടര്‍മാരെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുന്ന വാര്‍ത്തകളോ പരിപാടികളോ നല്‍കരുതെന്നതാണ് കമ്മീഷന്റെ പ്രധാന നിര്‍ദേശം.
വോട്ടെടുപ്പിന്റെ സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഒരു മാദ്ധ്യമത്തിലൂടെയും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്താന്‍ പാടില്ല.

ഈ 48 മണിക്കൂര്‍ കാലയളവില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ ഏതെങ്കിലും പൊതുയോഗങ്ങളില്‍ പങ്കെടുക്കാനും പാടുള്ളതല്ല. പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്കോ സ്ഥാനാര്‍ത്ഥിക്കാ അനുകൂലമാകുന്നതോ പ്രതികൂലമാകുന്നതോ ആയ രീതിയില്‍ എക്‌സിറ്റ് പോള്‍ നടത്തുന്നതും അനുവദിനീയമല്ല. ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ ഒരു തരത്തിലും ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം നിലവില്‍ വന്നശേഷം കേബിള്‍ നെറ്റ് വര്‍ക്ക് ആക്ടിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളും അക്കാര്യം ഉറപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാദ്ധ്യമങ്ങള്‍ക്കായി ഇന്ത്യന്‍ ബ്രോഡ്കാസ്്റ്റിങ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തില്‍ അംഗങ്ങളായ ടി.വി ചാനലുകള്‍ക്ക് വേണ്ടി രൂപീകൃതമായിട്ടുള്ള ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലൈന്റ് കൗണ്‍സില്‍ നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം.

പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അച്ചടി മാസ്വമങ്ങള്‍ക്കായി പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിനും ബാധകമാകുന്നതാണ്. തെരഞ്ഞെടുപ്പ് സംപ്രേഷണം സംബന്ധിച്ച് എന്‍.ബി.എസ്.എ അഥവാ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കണം.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാദ്ധ്യമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായുള്ള പരാതികളിന്മേലും മറ്റ് മാദ്ധ്യമ സംബന്ധിയായ കാര്യങ്ങളിലും തീര്‍പ്പ് കല്‍പ്പിക്കുന്നതിനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുന്നതായി ഒരു ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതിയും രൂപീകരിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു