മുക്കം >> കോവിഡ് പ്രതിസന്ധി മൂലം
ഏറെ പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് അതിജീവനത്തിനുള്ള പുതിയ സാങ്കേതിക വിദ്യ കണ്ടുപിടിച്ച് ശ്രദ്ധേയരാവുകയാണ് രണ്ട് യുവാക്കള്‍. മത്സ്യകൃഷിയിലാണ് പുത്തൻ സാങ്കേതിക വിദ്യ പരീക്ഷിച്ച്
മുക്കം സ്വദേശികളായ മുഅ്മിന് അലിയും ബിജിന് ദാസും വിജയം നേടിയത്.
വരുമാനം നിലച്ച് വീടുകളില്‍ കഴിയേണ്ടി വരുന്നവര്‍ക്ക് നിത്യവൃത്തിക്ക് സഹായകരമായകണ്ടുപിടുത്തമാണ് ഇവരുടേത്. രണ്ടര മീറ്റര്‍ മാത്രം വ്യാസമുള്ള പോണ്ടില്‍ ശാസ്ത്രീയമായി മത്സ്യം വളര്‍ത്തി അനുബന്ധമായി പതിനാറ് ഇനം പച്ചക്കറി കൃഷി കൂടി ഒരുക്കാന്‍ സാധിക്കുന്ന ഗോപാറ്റ് ടെക്നോളജി ഇവര്‍ വികസിപ്പിച്ചെടുത്തത്.
മുഅ്മിന് അലിയും ബിജിന് ദാസും ചേര്‍ന്ന് അഞ്ച് വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണിത് വികസിപ്പിച്ചെടുത്തത്. ഗോപാറ്റ് ടെക്നോളജി ഇതിനകം ലോക ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. കണ്ടുപിടിത്തം അറേബ്യന്‍ ബുക് ഓഫ് റിക്കാര്‍ഡില്‍ ഇടം നേടി. ഒന്നര പതിറ്റാണ്ടോളമായി മത്സ്യ കൃഷി രംഗത്തുള്ള ആളാണ് നെല്ലിക്കാപറമ്പ് സ്വദേശി മുഹ്മിന്.
സങ്കീര്‍ണമെന്ന് കരുതിയ മത്സ്യ കൃഷി, ആര്‍ക്കും എവിടെയും ചെയ്യാവുന്ന രീതിയില്‍ ഇവര്‍ ലളിതമാക്കിയിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ വഴി 500 ഗ്രാം വരെയുള്ള 300 മത്സ്യങ്ങളെ വളര്‍ത്തിയെടുക്കാനാകും.
വെള്ളം മാറ്റേണ്ടതില്ല എന്നതും നിരന്തരമായ ശ്രദ്ധ ആവശ്യമില്ല എന്നതുമാണ് ഇതിനെ വേറിട്ടതാക്കുന്നത്. കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് വെള്ളത്തിലെ മാലിന്യം ശുദ്ധീകരിക്കാനും മത്സ്യങ്ങള്‍ക്കുള്ള ആവാസം ഒരുക്കാനും സാധിക്കും. മാത്രമല്ല പോണ്ടിലെ മാലിന്യങ്ങള്‍ ന്യൂട്രീഷ്യനാക്കി മാറ്റി വിഷ രഹിത ജൈവ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനും ഉപയോഗിക്കാം.
ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും കുറഞ്ഞ അളവില്‍ ഭൂമിയുള്ളവര്‍ക്കും മത്സ്യകൃഷി നടത്താനുതകുന്ന രീതിയില്‍ വികസിപ്പിച്ചെടുത്ത ‘ഗോപാറ്റ് ടെക്നോളജി’ വിപണിയിലിറക്കാനൊരുങ്ങുകയാണ് ഇവര്‍. മത്സ്യഫെഡ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ സഹകരിപ്പിക്കും.