തദ്ദേശ തിരഞ്ഞെടുപ്പ്; സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം >> തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. നാളെ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്നതോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിക്കും. 20ന് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. നവംബര്‍ 23 തിങ്കളാഴ്ചയാണ് പിന്‍വലിക്കാനുള്ള അവസാന തീയതി. മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്.

അടുത്തമാസം 8,10, 14 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം ഡിസംബര്‍ 16നാണ്. അന്തിമ വോട്ടര്‍ പട്ടിക നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. അതിനു ശേഷം പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കി. അങ്ങനെ പേരു ചേര്‍ത്തവരുടെ കൂട്ടിച്ചേര്‍ത്ത പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. അന്തിമ വോട്ടര്‍ പട്ടികയിലെ 2.71 കോടി വോട്ടര്‍മാരില്‍ 1,41,94,775 സ്ത്രീകളും 1,29,25,766 പുരുഷന്മാരുമാണ്. 282 ട്രാന്‍സ്ജെന്‍ഡറുകളും പട്ടികയിലുണ്ട്.

ഇന്നത്തെ പട്ടിക കൂടി പുറത്ത് വരുന്നതോടെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ ഭരണസമിതിയുടെ കാലാവധി ഇന്നവസാനിക്കും. മട്ടന്നൂരും കഴിഞ്ഞ തവണ തര്‍ക്കങ്ങളെ തുടര്‍ന്ന് സ്ഥാനമേറ്റെടുക്കല്‍ വൈകിയ തദ്ദേശ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവയിലെ കാലാവധി കഴിയുന്നത്. ഇവിടങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം നിലവില്‍ വരും. തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെയാണ് പുറത്ത് വരുന്നത്. ഇനി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം കിട്ടില്ല. സംവരണമണ്ഡലങ്ങളില്‍ മാറ്റം വരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ച സ്ഥലങ്ങളില്‍ ഇന്ന് നറുക്കെടുപ്പ് നടക്കും. പാലാ കോതമംഗലം മലപ്പുറം മുന്‍സിപ്പാലിറ്റികളിലും 5 ഗ്രമാപഞ്ചായത്തുകളും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലുമാണ് മാറ്റം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു