കൊച്ചി >> തദ്ദേശ തിരഞ്ഞെടുപ്പിന് സജ്ജമാണെന്ന് കേരള തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോർജ്ജ് എം.എൽ.എ നൽകിയ ഹർജി പരിഗണിച്ചപ്പോഴായിരുന്നു കമ്മീഷൻ അറിയിച്ചത്.
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കമ്മീഷനും ഡിജിപിയും തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് ഇലക്ഷൻ നടത്താമെന്നും തിഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ രാഷ്ട്രീയ കക്ഷികളുമായി ആലോചിച്ചെന്നും കമ്മീഷൻ വ്യക്തമാക്കി. ഹർജി ഉത്തരവിനായി കോടതി മാറ്റി.
കൊവിഡ് തുടരുന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നായിരുന്നു പി.സി ജോർജ് ഹർജിയിൽ ആവശ്യപ്പെട്ടത്. വോട്ടെടുപ്പ് ദിവസങ്ങളോട് അടുപ്പിച്ച് കൊവിഡ് പോസിറ്റീവ് ആകുന്നവർക്ക് തപാൽ വോട്ട് ചെയ്യാൻ കമ്മീഷൻ സംവിധാനം ഒരുക്കും. ഇതിനായി ആരോഗ്യവകുപ്പിനോട് ചർച്ച നടത്തും. ബുധനാഴ്ച ചീഫ് സെക്രട്ടറിയും കമ്മീഷനും തമ്മിൽ ചർച്ച നടക്കുന്നെറിയുന്നു.