ദോഹ >> കോവിഡ് ഭീഷണി നീങ്ങി ഖത്തര്‍ അതിവേഗം സാധാരണനിലയിലേക്ക് കുതിക്കുന്നതിന്റെ ഭാഗമായി പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നു. കോവിഡ് മഹാമാരി മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ലേബര്‍ റിക്രൂട്ട്മെന്റാണ് പുനരാരംഭിക്കുന്നത്.
നവംബര്‍ 15 മുതല്‍ പുതിയ തൊഴില്‍ വിസക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് ഭരണ വികസന വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചത് സംരംഭകര്‍ക്കും തൊഴിലന്വേഷിക്കുന്നവര്‍ക്കും ഒരു പോലെ സന്തോഷം പകരുന്നതാണ്. ഓണ്‍ ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓരോ സ്ഥാപനങ്ങള്‍ക്കും അത്യാവശ്യമുള്ള ജീവനക്കാര്‍ക്കുവേണ്ടിയുള്ള അപേക്ഷകള്‍ മാത്രമേ സമര്‍പ്പിക്കേണ്ടതുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധികാരണം പല സ്ഥാപനങ്ങളും പുതിയ ആളുകളെ കൊണ്ടുവരാനാവാതെ പ്രയാസപ്പെടുകയായിരുന്നു. ലോക്കല്‍ മാര്‍ക്കറ്റില്‍ നിന്നും തൊഴിലാളികളെ വായ്പയെടുത്തും താല്‍ക്കാലികമായി നിശ്ചയിച്ചുമൊക്കെയാണ് മുന്നോട്ടുപോയിരുന്നത്. പുതിയ വിസകള്‍ അനുവദിക്കുവാന്‍ തുടങ്ങുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
എന്നാല്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ അനുവദിക്കുകയെന്ന കാര്യം വ്യക്തമല്ല. കോവിഡ് ഭീഷണിയയുടെ തീവ്രതയനുസരിച്ചാകും വിസ പരിഗണിക്കുകയെന്നാണ് അറിയുന്നത്. ഈയടിസ്ഥാനത്തില്‍ ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ കുറവാണെങ്കിലും ഏറ്റവും കൂടുതല്‍ ഡിമാന്റ് ഇന്ത്യന്‍ തൊഴിലാളികള്‍ക്കാണ് എന്നതിനാല്‍ നിബന്ധനകള്‍ക്ക് വിധേയമായയി പരിഗണിക്കപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പ്രത്യേക അനുമതിയില്‍ തൊഴിലാളികള്‍ ഖത്തറിലെത്തിയിരുന്നു.
കമ്പനിയയുടെ ട്രാക്ക് റിക്കോര്‍ഡ് പരിശോധിച്ച് തൊഴിലാളികള്‍ക്ക് വേതനവും അടിസ്ഥാന താമസ സൗകര്യവും നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ വിസ അപേക്ഷകള്‍ പരിഗണിക്കുകയുള്ളൂവെന്ന്് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റിന്റെ എന്‍ട്രി , എക്സിറ്റ് വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ തൊഴിലാളികളെ കൊണ്ടുവരാനാവുകയുള്ളൂവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വിവരങ്ങൾ:
ഡോ. അമാനുല്ല വടക്കാങ്ങര