കോഴിക്കോട് നഗരസഭ: സമാനതകളില്ലാത്തപ്രവര്‍ത്തനമെന്ന് – മുഖ്യമന്ത്രി

എസ്‌കലേറ്റര്‍ കം എലിവേറ്റര്‍
ബ്രിഡ്ജ് ഫൂട്ട് പാത്ത് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് >> പ്രാദേശിക വികസന രംഗത്ത് കോഴിക്കോട് കോര്‍പ്പറേഷന്റേത് സമാനതകളില്ലാത്ത പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മൊഫ്യൂസല്‍ ബസ് സ്റ്റാന്റിന് സമീപത്തെ എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ കം ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഫൂട്ട് പാത്ത് നവീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാതൃകാപരമായ ഒട്ടേറെ പദ്ധതികള്‍ ഇതിനോടകം നടപ്പിലാക്കാന്‍ നഗരസഭയ്ക്ക് സാധ്യമായിട്ടുണ്ട്. നഗരസഭയിലെ ഏക കോളനിയായ കല്ലുത്താന്‍ കടവ് കോളനി നിവാസികള്‍ക്കായി ഏഴു നിലകളുള്ള കെട്ടിടസമുച്ചയം നിര്‍മ്മിച്ച് പുനരധിവസിപ്പിക്കാന്‍ സാധിച്ചത് എടുത്തു പറയേണ്ട കാര്യമാണ്. ഞെളിയന്‍ പറമ്പില്‍ സ്വകാര്യ പങ്കാളിത്തത്തോടെ 250 കോടി രൂപ ചെലവില്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന മാലിന്യസംസ്‌കരണ പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം നടത്തി കഴിഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി സന്ദേശം നല്‍കി.

നഗരസഭാ പരിധിയില്‍ പരമ്പരാഗതരീതിയിലുള്ള എല്ലാ തെരുവ് വിളക്കുകളും മാറ്റി എല്‍ഇഡി ആക്കി. തെരുവുനായശല്യം പരിഹരിക്കുന്നതിനായി എ ബി സി സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പദ്ധതി വിഹിതം മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ആഗ്രഹത്തിന് ഒത്ത രീതിയിലുള്ള വികസനവും ഭരണ നിര്‍വഹണവും സേവനവുമാണ് ജനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ബജറ്റില്‍ 35% തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവിനായി മാറ്റിവെച്ചതടക്കം ഒമ്പതാം പദ്ധതിക്കാലത്ത് സര്‍ക്കാര്‍ സ്വീകരിച്ച സമാനതകളില്ലാത്ത നടപടികളിലൂടെ കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും പുത്തനുണര്‍വ് ഉണ്ടാവുകയാണ്. ഗ്രാമീണ തലങ്ങളിലെ വികസനവും വരുമാനവും ഇതുവഴി ഉയര്‍ന്നു.

നേട്ടങ്ങളുടെ നട്ടെല്ലായി നിലകൊണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. നവകേരള നിര്‍മാണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ദ്രം, ലൈഫ്, ഹരിത കേരളം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതികളുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിച്ചത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൃത്യമായ ഇടപെടലുകള്‍ കാരണമാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. ഇപ്പോള്‍ ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായി കാര്‍ഷിക രംഗത്ത് സജീവമായ പ്രവര്‍ത്തനങ്ങളും തദ്ദേശസ്ഥാപനങ്ങള്‍ നടത്തി വരുന്നു.

ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. ലോക് ഡൗണ്‍ കാലത്ത് ഏവര്‍ക്കും ഭക്ഷണ ലഭ്യത ഉറപ്പുവരുത്തിയ കമ്മ്യൂണിറ്റി കിച്ചന്‍, അതിഥി തൊഴിലാളികളുടെയും അശരണരുടെയും കിടപ്പുരോഗികളുടെയും ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളെല്ലാം തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ വിജയകരമായി നടത്തി. ലോകത്താകെ വ്യാപിക്കുന്ന കൊറോണയെ ഒരു പരിധിവരെ പിടിച്ചുകെട്ടാന്‍ സാധിച്ചത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനം കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ജാഗ്രത ഒരു കാരണവശാലും കൈ വിടരുതെന്നും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഇതുപോലുള്ള ഘട്ടങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുന്നതിലൂടെ വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

നടപടിക്രമങ്ങളിലും തീരുമാനം എടുക്കുന്നതിലുമുള്ള സുതാര്യതയുമാണ് ജനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജാജി റോഡില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനും മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിനുമടയിലായാണ് 11.5 കോടി രൂപ ചെലവിട്ട് ആധുനിക മേല്‍പ്പാലം ഒരുക്കിയത്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ വാഹന തിരക്കില്‍ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണ് ഉള്ളത്. അപകട സാധ്യതയുള്ള ഇവിടെ നേരത്തെ ഒരു മേല്‍പ്പാലം ഉണ്ടായിരുന്നെങ്കിലും ഉപയോഗ്യമല്ലാത്തതായിരുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ നഗരവികസന മന്ത്രാലയത്തിന് കീഴില്‍ ആവിഷ്‌കരിച്ച പദ്ധതികളില്‍ ഒന്നാണ് അമൃത് അടല്‍ മിഷന്‍ ഫോര്‍ അര്‍ബന്‍ റജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്ന പദ്ധതിയിലെ അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് മേഖലയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്.

റോഡില്‍ നിന്ന് ആറര മീറ്റര്‍ ഉയരത്തിലാണ് മേല്‍പ്പാലം. മൂന്ന് മീറ്റര്‍ വീതിയുള്ള പാലത്തിന്റെ നീളം 25.37 മീറ്ററാണ്. ഇരുവശങ്ങളിലുമായി 1,140 ചതുരശ്ര അടി സ്ഥലം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ഒരേസമയം 13 പേര്‍ക്ക് ലിഫ്റ്റ് ഉപയോഗിക്കാം. എസ്‌കലേറ്ററില്‍ മണിക്കൂറില്‍ 11,700 പേര്‍ക്കും നടപ്പാലത്തില്‍ ഒരേ സമയം 300 പേര്‍ക്കും കയറാം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പാലം ഉപയോഗിക്കാതെ ആളുകള്‍ റോഡിലൂടെ മറുവശത്തേക്ക് കടക്കുന്നത് ഒഴിവാക്കാന്‍ റോഡില്‍ കമ്പിവേലി സ്ഥാപിച്ചിട്ടുണ്ട്.

എം.കെ.രാഘവന്‍ എംപി, എ.പ്രദീപ് കുമാര്‍ എംഎല്‍എ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍, കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ, അമൃത് മിഷന്‍ ഡയറക്ടര്‍ ഡോ.രേണു രാജ്, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.സി.രാജന്‍, അനിത രാജന്‍, കെ.വി.ബാബുരാജ്, ടി.വി.ലളിത പ്രഭ, എം.സി.അനില്‍കുമാര്‍, ആശ ശശാങ്കന്‍, എം.രാധാകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.രാജഗോപാല്‍, കൗണ്‍സിലര്‍മാരായ പി.എം.സുരേഷ് ബാബു, സി.അബ്ദുറഹിമാന്‍, നമ്പിടി നാരായണന്‍, ജയശ്രീ കീര്‍ത്തി, കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു. സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ.ജി.സന്ദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു