കോഴിക്കോട് അറിയിപ്പ്

ഓഫീസുകളില്‍ ജീവനക്കാര്‍ ഹാജരാകണം

തദ്ദേശ തെരഞ്ഞെടുപ്പു ജോലികള്‍ക്കായി പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതിനാല്‍ ഓഫീസുകളില്‍ അവധിദിനങ്ങളിലും ജീവനക്കാര്‍ ഹാജരാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍, എയിഡഡ് കോളേജുകള്‍/സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ളവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, യൂണിവേഴ്സിറ്റികള്‍, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ സ്ഥാപനങ്ങള്‍, സ്റ്റേറ്റ് കോര്‍പ്പറേഷനുകള്‍, പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് ജോലി ആവശ്യാര്‍ത്ഥം തപാലുകള്‍ സ്വീകരിക്കുവാനും അനുബന്ധ ജോലികള്‍ നിര്‍വ്വഹിക്കുവാനും പൊതു അവധി ദിനങ്ങളുള്‍പ്പെടെ എല്ലാ ദിവസവും മതിയായ ജീവനക്കാരുടെ സേവനം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഉറപ്പുവരുത്തണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കളളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ഓഫീസ് ഇരുനില കെട്ടിടം ചുറ്റുമതില്‍ ഉള്‍പ്പെടെ പെയിന്റ് ചെയ്യുന്നതിന് പെയിംന്റിംഗ് ജോലി ചെയ്യുന്ന ഗവ. അംഗീകൃത കരാറുകാറില്‍നിന്നും വ്യക്തികളില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ ഒന്നിന് വൈകീട്ട് അഞ്ച് മണി വരെ സ്വീകരിക്കും. ബില്‍ഡിംഗ് പെയിന്റിംഗ് നടത്തുന്നതിനുളള ക്വട്ടേഷന്‍ എന്ന് കവറിനു പുറത്ത്് രേഖപ്പെടുത്തണം. ഫോണ്‍ : 0495 2384355.

സീനിയോരിറ്റി നിലനിര്‍ത്തി എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ 1999 ജനുവരി ഒന്ന് മുതല്‍ 2019 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ യഥാസമയം പുതുക്കുവാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സീനിയോരിറ്റി നിലനിര്‍ത്തി 2020 നവംബര്‍ ഒന്‍പത് മുതല്‍ 2021 ഫെബ്രുവരി 28 വരെയുളള ദിവസങ്ങളില്‍ രജിസ്ട്രേഷന്‍ പുതുക്കി നല്‍കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും സ്വകാര്യ മേഖലയില്‍ നിന്നുളള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് സീനിയോരിറ്റി നഷ്ടപ്പെടുത്തിക്കൊണ്ട് രജിസ്റ്റര്‍ ചെയ്തവര്‍ക്കും അസുഖം മൂലവും ഉപരി പഠനാര്‍ത്ഥവും ജോലിയില്‍നിന്നും വിടുതല്‍ ചെയ്തതോ രാജി വെച്ചതോ ആയവര്‍ക്കും ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നുമുളള നോണ്‍-ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ശിക്ഷാ നടപടിയുടെ ഭാഗമായോ മന:പ്പൂര്‍വ്വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. സീനിയോരിറ്റി പുന:സ്ഥാപിച്ച് കിട്ടുന്നവര്‍ക്ക് തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കില്ല. 2020 ഡിസംബര്‍ 31 വരെ ഓണ്‍ലൈന്‍ മുഖാന്തിരമാണ് പുതുക്കേണ്ടത്. www.eemployment.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുളള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം. 2021 ജനുവരി ഒന്ന് മുതല്‍ ഓഫീസില്‍ നേരിട്ട് ഹാജരായി പ്രത്യേക പുതുക്കല്‍ നടത്താം.

വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയനവര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍15 മുതല്‍ www.labourwelfarefundboard.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. പഠിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം, തൊഴിലുടമയുടെ സാക്ഷ്യപത്രം, ജാതി തെളിയിക്കുന്നതിനുള്ള രേഖ എന്നിവയുടെ പകര്‍പ്പുകള്‍ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു സാക്ഷ്യപെടുത്തിയതിനുശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോണ്‍ -0495 2372480.

കൂടിക്കാഴ്ച മാറ്റി

ജില്ലാ ഭാഗ്യക്കുറി ആഫീസില്‍ നവംബര്‍ 18, 24 തീയതികളില്‍ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചതായി ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഇറച്ചിക്കോഴികള്‍ വില്‍പനക്ക്

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ (കെപ്കോ) ഉടമസ്ഥതയിലുളള ഫാമുകളില്‍ വളര്‍ത്തിയെടുക്കുന്ന 40-45 ദിവസം പ്രായമുളള ഇറച്ചിക്കോഴികള്‍ വില്‍പനക്ക് തയ്യാറായി. താല്പര്യമുളളവര്‍ അവര്‍ക്ക് വാങ്ങാന്‍ കഴിയുന്ന പരമാവധി വില നിര്‍ദ്ദേശിച്ചുകൊണ്ടുളള ക്വട്ടേഷനുകള്‍ kepcospot@gmail.com എന്ന ഇമെയിലില്‍ ഇന്ന് (നവംബര്‍ 13) ഉച്ചക്ക് രണ്ടിനകം സമര്‍പ്പിക്കണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 2478585, 2468585.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് താല്‍ക്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 2020- 23 കാലയളവില്‍ അറിയിക്കപ്പെടാന്‍ സാധ്യതയുളള ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നാമ നിര്‍ദ്ദേശം നടത്തുന്നതിനായി തയാറാക്കിയ സെലക്ട് ലിസ്റ്റുകളുടെ വിവരം പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റുകള്‍ നവംബര്‍ 30 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ പരിശോധിക്കാം. ആക്ഷേപമുണ്ടെങ്കില്‍ നവംബര്‍ 30 നകം ഫോണിലോ ഇ-മെയിലായോ അറിയിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. നവംബര്‍ 30നു ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കില്ല. സെറ്റ് അഡ്രസ് : www.eemployment.kerala.gov.in ഇ മെയില്‍ :deekzkd.emp.lbr@kerala.gov.in ഫോണ്‍ – 0495 2376179.

പ്രിന്റിംഗ് ടെക്നോളജി കോഴ്സില്‍ സീറ്റൊഴിവ്

സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക് കോഴ്സുകളില്‍ കോഴിക്കോട് ഉപകേന്ദ്രത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്സുകള്‍ നടത്തുന്നത്. കോഴ്സിന് ചേരാനാഗ്രഹിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 18, 19 തീയതികളില്‍ മലബാര്‍ ഗോള്‍ഡിന് സമീപമുള്ള സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷനില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് സി-ആപ്റ്റ്, നെല്ലിക്കോട് സ്‌ക്കൂള്‍ ബില്‍ഡിംഗ്, ടി.പി ശങ്കരന്‍ റോഡ്, ചേവായൂര്‍ പി.ഒ, കോഴിക്കോട്. ഫോണ്‍ 0495 2356591, ഇ മെയില്‍ kozhikode@captkerala.com

സീറ്റുകള്‍ ഒഴിവ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കൊണ്ടോട്ടിയിലെ മുതുവല്ലുരില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ എം.കോം ഫിനാന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനത്തിന് കോളേജുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 7736913218.

റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

ജില്ലയില്‍ റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ഇനിയും ബന്ധിപ്പിക്കാന്‍ ബാക്കിയുളള എ.എ.വൈ, മുന്‍ഗണന (ബിപിഎല്‍) വിഭാഗത്തില്‍ ഉള്‍പ്പെട്ടവരടക്കമുള്ള ഗുണഭോക്താക്കള്‍ അടിയന്തരമായി നവംബര്‍ 30 നകം അക്ഷയ കേന്ദ്രങ്ങള്‍/റേഷന്‍ കടകള്‍/അതാത് സപ്ലൈ ഓഫീസ്/സിറ്റിസെണ്‍ ലോഗിന്‍ മുഖേന റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ഡിപ്ലോമ പ്രോഗ്രാം

കേന്ദ്ര ടെക്സ്‌റ്റൈല്‍ മന്ത്രാലയത്തിന് കീഴിലെ മലപ്പുറം അപ്പാരല്‍ ട്രെിയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്ററില്‍ പെണ്‍കുട്ടികള്‍ക്ക് എടിഡിസി ഗ്യാപ്പ് സ്‌കോളര്‍ഷിപ്പോടുകൂടിയ ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനത്തിനു മുകളില്‍ മാര്‍ക്കോടുകൂടി പ്ലസ് ടു വിജയിച്ചവരും കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുളളവരുമായ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. വിലാസം- അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍, ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ല്ക്സ്, വേങ്ങര ബസ് സ്റ്റാന്റ്, വേങ്ങര, മലപ്പുറം 676304. ഇ മെയില്‍- malappuram@atdcindia.co.in. ഫോണ്‍ 9744022070, 9946206814.

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ : മരണപ്പെട്ടവരുടെ വിവരം നല്‍കണം

സാമൂഹ്യസുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ മരണപ്പെട്ടാല്‍ മരണപ്പെട്ടയാളുടെ ആധാര്‍കാര്‍ഡ് സഹിതം ഉടന്‍ ബന്ധപ്പെട്ട പഞ്ചായത്തില്‍ അറിയിക്കണം. വിവിധ സാമൂഹ്യസുരക്ഷപെന്‍ഷനുകള്‍ ബന്ധുക്കള്‍ കൈപ്പറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് അറിയിപ്പ്. മരണപ്പെട്ടവരുടെ പെന്‍ഷന്‍ കൈപ്പറ്റുന്നത് നിയമ വിരുദ്ധമാണ്. ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു