മാനന്തവാടി >> കുറുവ ദ്വീപിലെ ചങ്ങാട സവാരി ഒരു മാസത്തിനിടെ എത്തിയത് 5000 ത്തോളം പേർ, ഡി ടി പി സിക്ക് വരുമാന ഇനത്തിൽ ലഭിച്ചതാകട്ടെ 4 ലക്ഷത്തോളം രൂപ. വയനാട് ജില്ലയിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപിൽ കൊവിഡ് പശ്ചാത്തലത്തിലും, ലോക്ക് ഡൗണിനെ തുടർന്നും നിർത്തിവെച്ചിരുന്ന ചങ്ങാട സവാരി പുനരാരംദിച്ചപ്പോൾ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്നു.
കഴിഞ്ഞ മാസം 23 മുതലാണ് ഡി ടി പി സി യുടെ നിയന്ത്രണത്തിൽ സവാരി ആരംഭിച്ചത്.ഒരു മാസം കൊണ്ട് തന്നെ 5550 ഓളം പേർ ചങ്ങാട സവാരി നടത്തുകയും വരുമാന ഇനത്തിൽ 3,75000 രുപ ലഭിക്കുകയും ചെയ്തു, ഒക്ടോബർ മാസത്തിൽ മാത്രം 65,429 രൂപ വരുമാനമായി ലഭിച്ചു. നവമ്പറിലെ അവധി ദിവസങ്ങളായ 8 ന് 25154 രൂപയും 15 ന് 26 100 രൂപയും ഫീസിനത്തിൽ ലഭിച്ചു.
അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് അവധി ദിവസങ്ങളിൽ കൂടുതലായി ഇവിടെ കറുവയുടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തുന്നത്. ചങ്ങാട യാത്ര ഏറെ ആസ്വാദകരമായിരുന്നുവെന്നും എന്നാൽ ദ്വീപ് തുറക്കാത്തതിൽ നിരാശ ഉണ്ടെന്നും സഞ്ചാരികൾ പറഞ്ഞു. 5 ചങ്ങാടങ്ങളാണ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്, 5 പേർക്ക് 300 രൂപയും 2 പേർക്ക് 150 രൂപയുമാണ് ഫീസ് ഈടാക്കുന്നത്.
എന്നാൽ ഇവിടെ എത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികൾക്ക് വനം വകുപ്പിൻ്റ് അധീനതയിലുള്ള ദ്വീപിനകത്തേക്ക് പ്രവേശനം നൽകാത്തത് വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പരിസ്ഥിതി സംഘടന പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി പ്രവേശനം തടയുകയായിരുന്നു.
പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതെന്ന് മാനേജർ ഷിജു പറഞ്ഞു, പോലിസും ഇവിടെ കർശന പരിശോധനകൾ നടത്തുന്നുണ്ട്.