കുടില്‍തോട് പിടിക്കാന്‍ ബിജെപി; നിലനിര്‍ത്താന്‍ സി.പി.എം

കോഴിക്കോട് >> നഗരസഭയിലെ 24ാം വാര്‍ഡ് ആയ കുടില്‍തോട് പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിക്ക് വാര്‍ഡ് നഷ്ടമായത്. കേവലം 158 വോട്ടിന്റെ ബലത്തിലാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ജയിച്ചു കയറിയത്.

നെല്ലിക്കോട്, കുടില്‍ തോട് വാര്‍ഡുകള്‍ ബിജെപിക്ക് നിര്‍ണായകമാണ്. നെല്ലിക്കോട് സിപിഎം 423 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 1919 വോട്ട് സിപിഎമ്മും 1078 വോട്ട് ബിജെപി യും 1496 വോട്ട് കോണ്‍ഗ്രസും ആണ് നേടിയത്.

എന്നാല്‍ കുടില്‍തോട് അങ്ങനെയല്ല. 158 ഭൂരിപക്ഷം മറികടക്കാനുള്ള കരുത്ത് ഇപ്പോള്‍ തങ്ങള്‍ക്കുണ്ടെന്നാണ് ബി.ജെ.പി വിശ്വസിക്കുന്നത്.
1542 വോട്ട് സിപിഎം നേടിയപ്പോള്‍ 1384 വോട്ട് ബിജെപിയും 1226 വോട്ട് കോണ്‍ഗ്രസും നേടി. മൊത്തം 5923 വോട്ടില്‍ 4169 മാത്രമാണ് പോള്‍ ചെയ്തത്. ഇത്തവണ ജയസാധ്യത പ്രവചിക്കാന്‍ കഴിയില്ലെങ്കിലും കുടില്‍തോട് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി. ഇതിനായി പ്രദേശത്തുകാരിയും ജനങ്ങള്‍ക്കിടയില്‍ പരിചിതമുഖവുമായ നിസി ബൈജുവിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.

ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് നിസി പറഞ്ഞു. നേരിയ വോട്ടു വര്‍ധനയാണ് ഈ വാര്‍ഡുകളിലൊക്കെയുള്ളത്. മാത്രമല്ല രാഷ്ട്രീയ അടിയൊഴുക്കുകളും അനുകൂലമാണെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഭരണവിരുദ്ധ വികാരവും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

എന്നാല്‍ മുന്‍വര്‍ഷത്തേക്കാള്‍ ഭൂരിപക്ഷം വര്‍ധിക്കുമെന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. പ്രാദേശിക വികസന രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. കുടില്‍ തോടിന്റെ വികസ തുടര്‍ച്ചക്കായി മുന്‍ കൗണ്‍സിലര്‍ കൂടിയായ വി. പ്രസന്നയെയാണ് സി.പി.എം രംഗത്തിറക്കിയിരിക്കുന്നത്.

അതേസമയം പുതുമുഖമായ ഷിജി ഹരിദാസാണ് യു.ഡി.എഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. വാർഡിൽ സജീവമായ പ്രവർത്തനത്തിലുണ്ട്. നേരിയ വോട്ട് വർധന അനുകൂലമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു