കുഞ്ഞികൈ നീട്ടി.. ബാങ്ക് ചെയർമാന് നൽകാതിരിക്കാനായില്ല…

മുക്കം >> സുരക്ഷിതമായി തലചായ്ക്കാൻ അടച്ചുറപ്പുള്ളൊരു വീടും കിണറും വൈദ്യുതിയും വീട്ടിലേക്കെത്താൻ നല്ലൊരു വഴിപോലുമില്ലെങ്കിലും രണ്ടാം ക്ലാസുകാരനായ ബദ്രീനാഥിൻ്റെ സ്വപ്നം തൻ്റെ ഓൺലൈൻ പഠനത്തിനാവശ്യമായ ഒരു ഫോണായിരുന്നു.

കാരശ്ശേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ നാഗേരിക്കുന്നത്ത് ബബീഷിന്റെയും ലീനയുടെയും രണ്ടുമക്കളിൽ മൂത്തവനായ ബദ്രീനാഥിന് കുടുംബത്തിന്റെ ദാരിദ്ര്യത്തിനിടയിൽ ഒരു സ്മാർട്ട് ഫോൺ സ്വപ്നങ്ങൾക്കും അപ്പുറത്തായിരുന്നു. പക്ഷെ  പഠിക്കാനുള്ള ആഗ്രഹം അത്രമേൽ കടുത്തു പോയതിനാലായിരിക്കണം  വീടിനടുത്തു കൂടി കടന്നുപോയ കാരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ കാർ കണ്ടപ്പോൾ മറ്റൊന്നുമാലോചിക്കാതെ  അവൻ  കൈ കാണിച്ചു നിർത്തിയത്.

കഴിഞ്ഞ ദിവസം അന്തരിച്ച കാരശ്ശേരിയിലെ ഗംഗാധരൻ  മാസ്റ്ററുടെ വീട്ടിൽ സന്ദർശിച്ചു മടങ്ങുകയായിരുന്ന കാരശേരി ബാങ്ക് ചെയർമാൻ എൻ.കെ അബ്ദുറഹിമാനായിരുന്നു കാറിനുള്ളിൽ. വിവരം തിരക്കിയപ്പോൾ സങ്കോചമൊട്ടുമില്ലാതെ അവൻ ആവശ്യമറിയിച്ചു. പിന്നെ താമസമുണ്ടായില്ല. ദിവസങ്ങൾക്കകം തന്നെ കയ്യിലൊരു സ്മാർട്ട് ഫോണുമായി ബദ്രീനാഥിന്റെ വീട്ടിലേക്കുള്ള ഇടുങ്ങിയ ഇടവഴി താണ്ടി എൻ.കെ അബ്ദുറഹിമാൻ എത്തി. വീട്ടുകാരുടെ സാന്നിധ്യത്തിൽ ബദ്രീനാഥിന് സമ്മാനിക്കുകയും ചെയ്തു. ഇവരുടെ വീടിന്റെ ശോച്യാവസ്ഥ നേരിൽകണ്ട എൻ.കെ അബ്ദുറഹിമാൻ ബദ്രീനാഥിന്റെ അമ്മയോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി.

തെരഞ്ഞെടുപ്പിന് ശേഷം പഞ്ചായത്തുമായി ഇവരുടെ വീട് നിർമ്മാണത്തെ കുറിച്ച് സംസാരിക്കുമെന്നും പഞ്ചായത്തു വീടുനിർമ്മിച്ചു നൽകിയില്ലെങ്കിൽ ബാങ്ക് വീട് നിർമ്മാണം ഏറ്റെടുക്കുമെന്നും  എൻ.കെ അബ്ദുറഹിമാൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു