വ്യാഴം മുതല്‍ ചാറ്റൽ മഴ; വെള്ളിയാഴ്ച മഴ കനക്കാൻ സാധ്യത

കോഴിക്കോട് >> ഒക്ടോബര്‍ 9 വെള്ളിയാഴ്ച ബംഗാള്‍ ഉള്‍ക്കടലിലെ കിഴക്ക് മധ്യ മേഖലയില്‍ രൂപപ്പെടാനിരിക്കുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്ന് വ്യാഴം മുതല്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് മെറ്റ് ബീറ്റ് കാലാവസ്ഥ മിപ്പോർട്ട്. ചില ജില്ലകളുടെ കിഴക്കന്‍ മേഖലയിലാണ് മഴക്ക് സാധ്യതയുള്ളത്.

വ്യാഴാഴ്ച മറ്റു ജില്ലകളിലും ഒറ്റപ്പെട്ട സാധാരണ മഴക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദം ആന്‍ഡമാന്‍ നിക്കോബാര്‍ മേഖല വഴി വെള്ളിയാഴ്ച ഉച്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തും. തുടര്‍ന്ന് വീണ്ടും ശക്തിപ്രാപിക്കും. കേരളത്തില്‍ നാളെ മുതല്‍ പലയിടത്തും ഭാഗികമായ മേഘാവൃതമായ അന്തരീക്ഷം പ്രതീക്ഷിക്കാം. എന്നാല്‍ ചില ജില്ലകളില്‍ തെളിഞ്ഞ അന്തരീക്ഷവുമായിരിക്കും.

മലപ്പുറം, ഇടുക്കി ജില്ലകളുടെ കിഴക്കന്‍ മലയോരത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. വയനാട് ജില്ലയുടെ കിഴക്കന്‍ മേഖലയിലും മഴ ലഭിച്ചേക്കും. മറ്റു ജില്ലകളില്‍ ചാറ്റല്‍ മഴ പെയ്‌തേക്കും. വ്യാഴാഴ്ച മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട മഴസാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ചാറ്റല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച കൂടുതല്‍ ജില്ലകളില്‍ മഴ ലഭിക്കുമെന്നാണ് ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി അവലോകനം നല്‍കുന്ന സൂചന. ന്യൂനമര്‍ദം രൂപപ്പെട്ട ശേഷമേ മഴ ലഭ്യതയെ കുറിച്ച് കൃത്യമായ വിവരം ലഭ്യമാക്കാനാകൂ.

മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പില്ല
നിലവില്‍ കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്ല. എന്നാല്‍ ന്യൂനമര്‍ദം രൂപപ്പെടുന്ന വെള്ളിയാഴ്ച മുതല്‍ ആന്‍ഡമാന്‍ കടലില്‍ മത്സ്യബന്ധനം നടത്തുന്നത് സുരക്ഷിതമാകില്ല. ന്യൂനമര്‍ദത്തോടനുബന്ധിച്ച് അറബിക്കടലിലെ കിഴക്ക് മധ്യ മേഖലയില്‍ കാറ്റിന്റെ വേഗത വര്‍ധിക്കാനും സാധ്യതയുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു