വാർത്തകൾക്കിടയിൽ ലോക്കില്ലാതെ ഷാജഹാൻ

കോഴിക്കോട് >> കൊവിഡ് വ്യാപനവും നിരോധനാജ്ഞയും കണ്ടെയ്മെൻ്റ് സോണും അങ്ങിനെ ജനജീവിതത്തെ അലോസരപ്പെടുത്തുന്ന “വാർത്തകൾക്കിടയിലിരുന്ന് ” ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന ഒരാൾ നഗരത്തിലുണ്ട്.

നമ്മൾ ഉണരുന്നതിനു മുമ്പേ ജോലി തുടരും… ആശങ്കയുടെ അക്ഷരങ്ങൾ നാം അറിയുന്നതിനു മുമ്പേ വായിച്ചു തീർത്തിരിക്കും. ഒരു പത്രക്കടലാസിലേതല്ല… ഇരുപതോളം പത്രങ്ങളിലേത്. ഒപ്പം സമകാലിക വായനയുടെ പുസ്തകങ്ങളിലേതും.

വൈകല്യത്തെ തോൽപ്പിച്ച് , പ്രഭാതത്തിൽ നഗരത്തിലെത്തുന്നവർക്ക് ഒരു പുഞ്ചിരി എറിഞ്ഞ് വാർത്തയുടെ വിതരണക്കാരൻ… ഒരു വട്ടം നഗരത്തിലെത്തുന്നവർ അറിയാതിരിക്കില്ല ഷാജഹാനെ.

ന്യൂസ് പേപ്പർ ഏജൻ്റ് ഷാജഹാൻ

കൊവിഡ് പടർന്നിട്ടും ജനങ്ങൾക്കിടയിൽ വായനക്ക് കുറവില്ലന്നാണ് ഇരുപതു വർഷത്തിലേറെയായി കോഴിക്കോട് ഇന്ദിരാഗാന്ധി റോഡിലെ പുതിയ ബസ്റ്റാൻഡിൽ ന്യൂസ് പേപ്പർ ഏജൻറായി ജോലി ചെയ്യുന്ന ഷാജഹാൻ്റെ വാദം. ജനതാ കർഫ്യു മുതൽ രണ്ടര മാസക്കാലം ലോക്ക് ഡൗൺ വന്നപ്പോൾ സ്തംഭിച്ചു പോയ വായന പിന്നീട് പയ്യെപ്പയ്യെ ഉണർന്നു.

എന്നാൽ പത്രങ്ങളേക്കാൾ മാസികയും വാരികയും കഥ ബുക്കുകളുമാണ് ഇപ്പോൾ വിൽപ്പനയിൽ മുന്നിൽ. കണ്ടെയ്മെൻറ് സോണും കൊറെൻ്റെനും പിന്നെ പ്രായമായവർ വീട്ടിൽ ഇരിക്കുന്ന അവസ്ഥയിലായിരിക്കാം ഇത്തരം പുസ്തക വിൽപ്പന കൂടിയതെന്നാണ് ഷാജഹാൻ്റെ നിരീക്ഷണം.

പത്രവിൽപ്പനയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലാണ് ജീവിതം മുന്നോട്ട് പോയത്. എന്നാൽ സ്വകാര്യ ബസുകൾ കുറഞ്ഞതോടെ യാത്രക്കാർ സ്റ്റാൻഡിൽ എത്താതെയായി. വിൽപ്പന കുറഞ്ഞു. ഇതിനിടയിൽ പിടിച്ചു നിൽക്കാൻ പ്രേരണ നൽകുന്നത് സമകാലിക വായന കൂടി വരുന്നതിലാണ്.

പത്രക്കടലാസുകൾക്കും മാസികകൾക്കും നടുവിൽ ഇരിക്കുന്ന ഷാജഹാനെ സഹായിക്കാൻ സ്റ്റാൻഡിൽ എത്തുന്ന സുഹൃത്തുക്കൾ നിരവധിയാണ്. ഈ സൗഹൃദങ്ങൾക്കും കൊവിഡ് കാലത്ത് എണ്ണം കുറഞ്ഞിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നഗരത്തിലെത്തുന്ന വായനക്കാരെ പുഞ്ചിരിയോടെ സ്വീകരിക്കുമ്പോഴും ആശങ്കയുടെ മേഘങ്ങൾ ഒഴിഞ്ഞ് ബസ് സ്റ്റാൻഡ് പഴയ പോലെ തിങ്ങിനിറയും എന്ന പ്രതീക്ഷയിലാണ് ഷാജഹാൻ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു