വയൽ നികത്തിയില്ല; കുളംകുത്തി വീട് വെച്ചു

report: fasel babu pannikod
മുക്കം >> ആകെ കയ്യിലുള്ളത് 10 സെൻ്റ് ഭൂമി. അതാണങ്കിൽ വയലും. വയൽ നികത്താൻ തയ്യാറല്ല. വീട് നിർമ്മിക്കുകയും വേണം. പിന്നെ എന്ത് ചെയ്യും. പരിസ്ഥിതി സ്നേഹിയായ മുക്കം പഞ്ചായത്ത് മുൻ പ്രസി. തച്ചോലത്ത് ഗോപാലൻ എന്ന മനുഷ്യൻ പിന്നെ ഒന്നും ആലോചിച്ചില്ല. 

തൻ്റെ ഭൂമിയിൽ ഒരു കുളം കുത്തി അതിൽ വീടങ്ങ് വെച്ചു. ഒരേ ആകാശം പങ്കിടുന്ന അനേകം ഭൂമിയുടെ അവകാശികളിൽ ഒരാളാണ് ഗോപാലൻ. ജീവനാധാരമായ പ്രകൃതി മാതാവിനെ വരും തലമുറയ്ക്കായ് സംരക്ഷിക്കാം എന്ന സന്ദേശമാണ് ഗോപാലേട്ടൻ പുതു തലമുറക്ക് പകർന്ന് നൽകുന്നത്. 

തച്ചോലത്ത് ഗോപാലൻ

അച്ഛൻ തന്ന പത്ത് സെൻ്റ് വയലിൽ വീടു വെക്കേണ്ടി വന്നപ്പോൾ , വയൽ മണ്ണിട്ടു നികത്തി വീടുവയ്ക്കാൻ തന്നെക്കൊണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ ഈ മനുഷ്യൻ . കുളം കുത്തി, അതിന് മുകളിൽ കോൺക്രീറ്റ് കാലുകൾ പിടിപ്പിച്ച് , സ്ലാബുകൾ വെച്ച് , മൺകട്ടകൾ കൊണ്ടൊരു വീടുണ്ടാക്കി. വീടിനു ചുറ്റും മുളകളും, മാവുകളും , അമ്പഴവും മറ്റും നട്ടു പിടിപ്പിച്ചു. 

ഗോപാലേട്ടനും കുടുംബവും എട്ടുവർഷമായ് പശുക്കളേയും വളർത്തുന്നുണ്ട്. നിലവിൽ നാല് വെച്ചൂർ പശുക്കളുണ്ട്. ഗർഭധാരണം കഴിഞ്ഞ് കുഞ്ഞുണ്ടായാലും , അവയുടെ പാലൊന്നും ഈ കുടുംബത്തിനു വേണ്ട . അതെല്ലാം പശുക്കിടാങ്ങൾക്ക് ഉള്ളതാണ്.
എന്നാൽ , പശുവിൻ്റെ ചാണകവും മൂത്രവുമുപയോഗിച്ച് ചില ജൈവവളങ്ങൾ നിർമ്മിക്കാറുണ്ട് ഗോപാലേട്ടൻ.ജീവാമൃതമെന്ന  ഈ വളം ഉണ്ടാക്കാൻ ചിലവധികമില്ലാത്തതിനാൽ സീറോ ബഡ്ജെറ്റ് ഫാർമിങ്ങ് എന്നാണ് ഈ രീതി പൊതുവെ അറിയപ്പെടുന്നത്.

നെല്ല് കൂടാതെ വാഴ, ചേന , ചേമ്പ് , ഇഞ്ചി , മഞ്ഞൾ , പയറ് , വെണ്ട , വഴുതിന , കുമ്പളം , മത്തൻ തുടങ്ങി ഒട്ടനവധി കൃഷികളുണ്ട് ഗോപാലേട്ടന് . ഇടവിളയായി ഔഷധസസ്യങ്ങൾ വേറെയും. ഒരു നക്ഷത്ര വനം തന്നെയാണ് ഇപ്പോൾ ഗോപാലേട്ടൻ്റെ ലക്ഷ്യം .അതിനും തുടക്കമിട്ടു കഴിഞ്ഞു.
ഇതോടൊപ്പം തോടും , പാടവും , കാവും , കുളവും,  വീടും സമന്വയിപ്പിച്ച് ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കുവാനും , പുതിയ പുതിയ കാവുകൾ ഉണ്ടാക്കാനുമാണ് ഗോപാലേട്ടൻ ആഗ്രഹിക്കുന്നത്.

പ്രകൃതിയുടെ നിയോഗങ്ങൾ ഒരിക്കലും മനുഷ്യന് വായിക്കാൻ കഴിയില്ല. ഈ കോവിഡ് കാലത്ത് ഗോപാലേട്ടന് നമ്മോട് പറയാനുള്ളതും ഇതു തന്നെയാണ് .മുക്കം ഗ്രാമ പഞ്ചായത്തിൻ്റെ പ്രസിഡൻറ് പദവിയിലിരുന്നപ്പോഴും ഏറെ വ്യത്യസ്തനായിരുന്നു ഗോപാലേട്ടൻ.രാത്രി പത്ത് മണി സമയത്ത് വരെ, മുക്കം അങ്ങാടിയും പരിസരവും ഒറ്റക്ക് ശുചീകരിച്ചും മാതൃക കാണിച്ച വ്യക്തിത്വം.ലളിത ജീവിതത്തിൻ്റെ ഉദാത്തമാതൃകയായ ഈ പച്ചയായ മനുഷ്യൻ ഓരോരുത്തർക്കും മാതൃകയാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു