ലഹരിക്കെതിരെ പ്രതിരോധം: ലഹരിസംഘങ്ങള്‍ക്ക് ഇടമുണ്ടാകില്ല : മുഖ്യമന്ത്രി

കേന്ദ്ര സഹായത്തോടെ
കോഴിക്കോട് ഡി അഡിക്ഷൻ
സെൻറർ തുടങ്ങും

കാസർക്കോട് >> മയക്ക് മരുന്നുള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ വിപണനത്തിനും ഉപയോഗത്തിനുമെതിരേ ക.ര്‍ശന നിലാപാടണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്നും സംസ്ഥാനത്ത് വേരുറപ്പിക്കുരന്നതിന് വേണ്ടിയുള്ള ലഹരി മാഫിയയുടെ ശ്രമം എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഫലപ്രദമായാണ് പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ബദിയഡുക്ക എക്‌സൈസ് റെയിഞ്ച് ഓഫീസുള്‍പ്പെടെ സംസ്ഥാനത്തെ നാല് എക്‌സൈസ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിമുക്തമായ നവകേരളത്തെ യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് വന്‍ തോതിലാണ് ലഹരി പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുന്നത്. എക്‌സൈസും പോലീസും കൈകൊള്ളുന്ന നടപടികള്‍ കാരണമാണ് ലഹരിമാഫിയക്ക് കേരളത്തില്‍ പിടിമുറുക്കാന്‍ സാധിക്കാത്തത്. സമൂഹത്തെ ലഹരിയുടെ പിടിയലകപ്പെടാതെ സംരക്ഷിക്കുകക എന്ന ദൗത്യമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്.

നിര്‍വഹണ പ്രക്രിയയോടൊപ്പം ബോധവല്‍ക്കരണവും പ്രധാനമാണ്. ഇതിനാണ് വിമുക്തിയെന്ന പേരില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക മിഷന്‍ ആരംഭിച്ചത്. വിപുലവും വൈവിധ്യമേറിയതുമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണമാണ് ഇതിലൂടെ നടക്കുന്നത്. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും വിമുക്തി മിഷന്റെ ബോധവല്‍ക്കരണം വിവിധ തലത്തില്‍ തുടരുന്നു. വിദ്യാഭ്യാസ, ആരോഗ്യ, വനിത-ശിശു വികസന വകുപ്പുകളുടെ സഹകരണത്തോടെ ഓണ്‍ലൈനില്‍ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നുണ്ട്.

ലഹരിമാഫിയ ലക്ഷ്യം വെക്കുന്നത് യുവാക്കളെയും വിദ്യാര്‍ത്ഥികളെയുമാണ്. ഇവര്‍ ലഹരിക്കടിപ്പെട്ടാല്‍ സമൂഹം പൊതുസ്വഭാവത്തില്‍ നിന്നും വലിയ രീതിയില്‍ പുറകോട്ട് പോകും. അത്തരം ആഗ്രഹമുള്ള ശക്തികള്‍ ലഹരി വ്യാപനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. ആ മാഫിയ ലോകവ്യാപകമാണ്. വലിയ കരുത്ത് നേടാന്‍ അവർക്കായിട്ടുണ്ട്. മയക്ക് മരുന്നടക്കമുള്ള ലഹരി കടത്തുന്നവരെ നിര്‍ദാക്ഷിണ്യം നേരിടാനാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ തുടര്‍ച്ചയാണ് വാടകകെട്ടിടത്തില്‍ നിന്ന് സ്വന്തം കെട്ടിടത്തിലേക്ക് ഓഫീസുകള്‍ മാറുന്നത്. ബദിയഡുക്ക, മട്ടന്നൂര്‍, തങ്കമണി എന്നിവടങ്ങളിലെ റെയിഞ്ച് ഓഫീസിനും ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഓഫീസിനുമാണ് പുതിയ കെട്ടിടമാവുന്നത്. എക്‌സൈസ് വകുപ്പിനെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എക്‌സൈസ് കമ്മീഷണറുടെ നിയന്ത്രണത്തില്‍ സംസ്ഥാന സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീം പ്രവര്‍ത്തിക്കുന്നു. ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുണ്ട്. വയര്‍ലെസ് സംവിധാനം നല്ലരീതില്‍ നടപ്പാക്കാനായിട്ടുണ്ട്. ചെക്ക്് പോസ്റ്റുകള്‍ ആധുനികവല്‍ക്കരിച്ച് ശക്തമായ പരിശോധനയ്ക്കുള്ള സംവിധാമൊരുക്കിയിട്ടുണ്ട്.

നേരത്തേ പുരുഷന്‍മാര്‍ മാത്രമുള്ള സംവിധാനമായിരുന്നു. 138 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരുള്‍പ്പെടെ 384 പുതിയ തതസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. വനിതാ പട്രോളിങ് സ്ക്വാഡ് രൂപീകരിച്ചു. പട്ടിക വര്‍ ഗക്കാരായ 25 യുവതി യുവാക്കള്‍ക്ക് അധിക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തി. 15 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍, 189 സിവില്‍ ഓഫീസര്‍മാര്‍, 3 വനിത സിവില്‍ ഓഫീസര്‍മാര്‍ ഇവര്‍ക്കെല്ലാം ഓണ്‍ലൈന്‍ പരിശീലനത്തിന് ജൂലൈ അവസാനം തുടക്കം കുറിച്ചു. എക്‌സൈസിലെ എല്ലാ ഒഴിവുകളും പിഎസ്‌സിക്കു റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വനിതാ പ്രാതിനിധ്യം ഉയര്‍ത്താനുള്ള നടപടി സ്വീകരിച്ച് വരുന്നു. ഡി അഡിക്ഷന്‍ സെന്ററില്‍ ഏറ്റവും നല്ല പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നത്. ഫലപ്രദമായ ചികിത്സയാണ് അവിടെ നല്‍കുന്നത്. താലൂക്ക് തലത്തില്‍ ഡി അഡിക്ഷന്‍ സെന്റര്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കോഴിക്കോട് കിനാലൂരില്‍ കേന്ദ്ര സഹായത്തോടെ ആധുനിക ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മയക്ക് മരുന്ന് സൃഷ്ടിക്കുന്ന വിപത്തിനെ കുറിച്ച് വ്യാപകമായ അവബോധം ഉയര്‍ത്താന്‍ കഴിയണം. ലഹരിയിലൂടെ നാടിനെ അപകടത്തിലാക്കുന്നവരെ നേരിടാനും ലഹരി വിരുദ്ധകേരളം കെട്ടിപ്പടുക്കാനും സാമൂഹിക ഇടപെടല്‍ ഒഴിച്ചു കൂടാത്തതാണെന്നും വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നാടിന്റെ പിന്തുണയുണ്ടാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു