റെയിൽവേ നിരക്ക് വർധനയും, ആനുകൂല്യ നിഷേധവും ഒഴിവാക്കണം

ബാംഗ്ലൂരിൽ പ്ലാറ്റ്ഫോം
ടിക്കറ്റിന് 50 രൂപ

കോഴിക്കോട് >> കോവിഡ് പശ്ചാത്തലത്തിൽ റെയിൽവേ നഷ്ടം നികത്താനെന്ന പേരിൽ ഘട്ടം ഘട്ടമായുള്ള സ്വകാര്യവൽക്കരണവും, നിരക്ക് വർധനയും, മുതിർന്ന പൗരന്മാർക്കും, സീസൺ ടിക്കറ്റ്ക്കാർക്കും ഉൾപ്പെടെയുള്ള ഇളവുകൾ പരിമിതപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രെയിൻ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോക്ടർ എ വി അനൂപ്, വർക്കിങ് ചെയർമാനും കേരള മേഖല പ്രസിഡണ്ട് ഷെവലിയാർ സി. ഇ. ചാക്കുണ്ണിയും ആവശ്യപ്പെട്ടു.

ബാംഗ്ലൂർ കെ.എസ്.ആർ റെയിൽവേസ്റ്റേഷനിൽ ഒക്ടോബർ 26 മുതൽ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (IRSDC ) പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് ( രണ്ടുമണിക്കൂർ) ഒരാൾക്ക് 50 രൂപയാക്കി. താമസിയാതെ മറ്റു പ്രധാനപ്പെട്ട സ്റ്റേഷനുകളിലും ഈ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് അറിയുന്നു. റെയിൽവേ യാത്ര ടിക്കറ്റ് മിനിമം 50 രൂപ ആക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് കോൺഫെഡറേഷൻ ആശങ്കപ്പെടുന്നു. അല്ലെങ്കിൽ പ്രബുദ്ധരായ യാത്രക്കാർ പ്ലാറ്റ്ഫോം പ്രവേശനത്തിന് ഹ്രസ്വദൂര യാത്രാ ടിക്കറ്റ് എടുക്കാൻ നിർബന്ധിതരാവും.

പുതിയതായി ആരംഭിക്കുന്ന എക്സ്പ്രസ് വണ്ടികളിൽ എല്ലാം സ്പെഷ്യൽ എന്ന ഓമനപ്പേരിലാണ് അറിയപ്പെടുക. റിസർവേഷൻ യാത്ര മാത്രം അനുവദിക്കുന്നത് കൊണ്ട് അമിത നിരക്ക് നൽകാൻ അത്യാവശ്യ യാത്രക്കാർ നിർബന്ധിതരാവും. ദിനംപ്രതി യാത്രക്കാർക്ക് സീസൺ ടിക്കറ്റ് അനുവദിക്കുന്നുമില്ല. മുതിർന്ന പൗരന്മാർക്ക് ഇളവുകൾ നൽകുന്നില്ല. തൊഴിൽ രഹിതരായ യുവാക്കൾ, കർഷകർ, വിദേശ വിദ്യാർഥികൾക്ക് നൽകിവരുന്ന ഇളവുകളും പിൻവലിക്കുമെന്ന് അറിയുന്നു.

റെയിൽവേ പ്രധാന നഗരങ്ങളിലേക്ക് എല്ലാം വണ്ടികൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ – യശ്വന്തപുരം, ഐലൻഡ് എക്സ്പ്രസ്, തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസ് ആരംഭിക്കണം എന്നും അവർ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് റെയിൽവേ മന്ത്രാലയത്തിലും, റെയിൽവേ ബോർഡിലും, മറ്റു ബന്ധപ്പെട്ടവരിലും നിവേദനം സമർപ്പിച്ച് സമ്മർദ്ദം ചെലുത്തുന്നതിന് ദില്ലിയിൽ കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ് സി. ചന്ദ്രൻ, ഡൽഹി റെയിൽവേ ഓണററി ലൈസൻ ഓഫീസർ കേണൽ ആർ കെ ജഗോട്ട എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു