മുൻ മേയർ എം. ഭാസ്ക്കരൻ അന്തരിച്ചു

കോഴിക്കോട്‌>> കോഴിക്കോട് മുൻ  മേയറും സിപിഎം നേതാവുമായ എം ഭാസ്‌കരൻ(77) അന്തരിച്ചു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. ജില്ലാ സഹകരണ ആശുപത്രിയിലാണ്‌ അന്ത്യം. പ്രമുഖ സഹകാരിയായ ഭാസ്‌കരൻ കോഴിക്കോട്‌ ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്‌, കലിക്കറ്റ്‌ ടൗൺ സർവീസ്‌ സഹകരണബാങ്ക്‌ എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിച്ചു. റബ്‌കോ വൈസ് ‌ചെയർമാനുമായിരുന്നു. ദേശാഭിമാനിയിൽ ദീർഘകാലം  ജീവനക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്‌. ആദ്യം കപ്നോസിങ്‌ വിഭാഗത്തിലും പിന്നീട്‌ ക്ലറിക്കൽ ജീവനക്കാരനുമായി.  മികച്ച സംഘാടകനായ അദ്ദേഹം ദീർഘകാലം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം, കോഴിക്കോട്‌ നോർത്ത്‌ ഏരിയാസെക്രട്ടറി എന്നീ നിലകളിൽ  പ്രവർത്തിച്ചു.

  സിഐടിയു,   ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ(സിഐടിയു)  ജില്ലാപ്രസിഡന്റായിരുന്നു. കോർപറേഷൻ പരിധിയിലും പരിസരത്തും സിപി എം സ്വാധീനം വിപുലമാക്കാൻ നേതൃത്വമരുളി. നിലവിൽ സിപി എം ‌ ജില്ലാകമ്മിറ്റി അംഗമാണ്‌. നാലുതവണ കോർപറേഷൻ കൗൺസിലറായിരുന്നു. കോർപറേഷൻ ആരോഗ്യ–വിദ്യാഭ്യാസ സ്‌റ്റാൻഡിംങ്‌ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.  

2005 മുതൽ അഞ്ചുവർഷം‌  കോഴിക്കോട്‌ മേയറായി. നായനാർ മേൽപ്പാലം, അരയിടത്തുപാലം–എരഞ്ഞിപ്പാലം ബൈപാസ്‌ എന്നിങ്ങനെ നഗരത്തിന്റെ മുഖച്ഛായ മാറ്റിയ വികസനപദ്ധതികൾ നടപ്പാക്കിയ നഗരഭരണാധിപനായിരുന്നു.  

ഭാര്യ: പി എൻ സുമതി( റിട്ട:. അധ്യാപിക, കാരപ്പറമ്പ്‌ ആത്മ യുപി സ്‌കൂൾ). മക്കൾ : സിന്ധു, വരുൺ ( സിപിഐ എം കരുവിശ്ശേരി ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: സഹദേവൻ, സുമിത.

മുൻ മേയർ എം ഭാസ്കരന്റെ മൃതദേഹം 3 മണി മുതൽ 4 വരെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വെക്കും. 4 മുതൽ അഞ്ചര വരെ ടൗൺഹാളിൽ. നാളെ രാവിലെ 9 ന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു