പ്രളയസെസ് പിൻവലിക്കണം- എ കെ സി ജി ഡി എ

കോഴിക്കോട് >> പ്രളയ നാശനഷ്ടങ്ങളിൽ നിന്നും കരകയറുന്നതിനും പ്രളയാനന്തര പുനർ നിർമ്മാണത്തിനും ആയിരം കോടി ലക്ഷ്യമിട്ടാണ് 2019 ഓഗസ്റ്റ് മുതൽ ചരക്കുസേവന നികുതിക്കൊപ്പം ജി എസ് ടി അടിസ്ഥാന തത്വത്തിന് വിപരീതമായി കേന്ദ്ര ജി എസ് ടി കൗൺസിലിന്റെ പ്രത്യേക അനുമതിയോടെ കേരളം മാത്രം പ്രളയ സെസ് പിരിച്ചു തുടങ്ങിയത്. തദവസരത്തിൽ തന്നെ എ കെ സി ജി ഡി എ ഉൾപ്പെടെയുള്ള സംഘടനകളും ജി എസ് ടി കൗൺസിൽ വ്യാപാര വ്യവസായ സംഘടനാ പ്രതിനിധികളും അവരുടെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

നിലവിൽ ഇതിൽ കൂടുതൽ തുക 1144 കോടിയിലധികം 2020 സെപ്റ്റംബറിനുള്ളിൽ പിരിച്ചു കഴിഞ്ഞു. കൊവിഡ് പ്രതിസന്ധി മൂലം സെസ് നൽകേണ്ട വിഭാഗം നിലനിൽപ്പിനുതന്നെ കഷ്ടപ്പെടുന്ന ഈ സാഹചര്യത്തിൽ അടിയന്തരമായി നടപ്പാക്കിയ സെസ് പിരിവ് നിർത്തലാക്കണമെന്ന് ഓൾ കേരള കൺസ്യൂമേഴ്സ് ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ടും, ജി എസ് ടി പരാതി പരിഹാര സമിതി മേഖല അംഗവും, ജി എസ് ടി ഫെലിസിറ്റേഷൻ സംസ്ഥാന ജില്ലാ കൗൺസിൽ അംഗവുമായ ഷെവലിയാർ സി.ഇ.ചാക്കുണ്ണി കേരള മുഖ്യമന്ത്രിയോടും, ധനമന്ത്രിയോടും ഇമെയിൽ മുഖാന്തരം സമർപ്പിച്ച നിവേദനത്തിൽ അഭ്യർത്ഥിച്ചു. വർഷങ്ങളായി യാതൊരു ആനുകൂല്യവും ലഭിക്കാതെ നികുതി പിരിച്ച് ഖജനാവിൽ അടയ്ക്കുന്ന വാണിജ്യ വ്യാപാര വ്യവസായ മേഖലയ്ക്ക് നാളിതുവരെ യാതൊരു ആനുകൂല്യവും സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ല.

തന്മൂലം വാടക ഇളവ് നൽകിയ കെട്ടിട ഉടമകൾക്ക് കോവിഡ് കാലത്തെ സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിടനികുതിയും, വിവിധ ലൈസൻസ് ഫീസുകളും ഒഴിവാക്കണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനം അടുത്ത മാസങ്ങളിൽ വർധിക്കുമെന്ന് സൂചന കേന്ദ്ര ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് കേന്ദ്ര സാമ്പത്തികസഹായവും, സംവിധാനങ്ങളും, വകുപ്പുകളുടെ സേവനവും കേരളസർക്കാർ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു