ന്യൂനമര്‍ദ്ദ സാധ്യത, ഒമ്പതു മുതൽ മഴ എത്തും

കോഴിക്കോട് > ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സാധ്യത. ഈമാസം 9 നും 10 നും ഇടയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്തായി ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യതയെന്ന് മെറ്റ് ബീറ്റ് കാലാവസ്ഥാ കേന്ദ്രം.

ഈ ന്യൂനമര്‍ദം ശക്തിപ്പെടുകയും വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ആന്ധ്രാപ്രദേശിനും ഒഡിഷയ്ക്കും മധ്യേ കരകയറാനും സാധ്യത കാണുന്നു. ഇപ്പോഴത്തെ നിരീക്ഷണ പ്രകാരം ഈ സിസ്റ്റം ഡിപ്രഷന്‍ വരെയാകാമെന്നാണ് നിഗമനം. കൂടുതല്‍ അനുകൂല സാഹചര്യം ഒരുങ്ങിയാല്‍ ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്.

കേരളത്തിലും മഴ സാധ്യത
ന്യൂനമര്‍ദം ഒഡിഷ, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ ഏതാനും ദിവസം കനത്തമഴക്ക് സാഹചര്യം ഒരുക്കും. കിഴക്കന്‍ തീരത്ത് മണ്‍സൂണ്‍ വിടവാങ്ങലിനെയും ഇത് ബാധിക്കുമെന്നാണ് നിരീക്ഷകരുടെ നിഗമനം. കേരളത്തിലും വ്യാഴാഴ്ച മുതല്‍ മഴക്ക് സാഹചര്യം ഒരുങ്ങും. വടക്കന്‍ കേരളത്തിലാകും കൂടുതല്‍ മഴ സാധ്യത. തമിഴ്‌നാട്ടില്‍ ഇടിയോടുകൂടെയുള്ള മഴയും ലഭിക്കും.

ന്യൂനമര്‍ദത്തിന്റെ തുടക്കം വിയറ്റ്‌നാം തീരത്ത്‌
ഈമാസം ഏഴോടെ വിയറ്റ്‌നാം തീരത്ത്‌ രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് ശക്തിപ്രാപിച്ച് ബംഗാള്‍ ഉള്‍ക്കടലിലെത്തുക. കംബോഡിയ, തായ്‌ലന്റ് വഴി മ്യാന്‍മര്‍ തീരം വഴി ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയ ശേഷം വിശാഖ പട്ടണം തീരം ലക്ഷ്യമാക്കി നീങ്ങുമെന്നാണ് ആദ്യ സൂചനകള്‍. വിവിധ ഉയരങ്ങളിലെ കാറ്റിനെ സ്വാധീനിക്കാന്‍ കഴിവുള്ളതിനാല്‍ കേരളത്തില്‍ എത്രത്തോളം ഇതിന്റെ സ്വാധീനം ഉണ്ടാകുമെന്ന് അടുത്ത ദിവസങ്ങളിലെ നിരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമാകും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു