താനൂർ റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറുന്നു

റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് എംഎൽഎ ഫണ്ട് ഉപയോഗിക്കുന്നത് കേരളത്തിൽ ആദ്യം

നടപ്പാക്കുന്നത് ഒന്നരക്കോടി
രൂപയുടെ വികസന പ്രവൃത്തി

താനൂർ >> ബ്രിട്ടീഷുകാരാൽ നിർമിക്കപ്പെട്ട തിരൂർ ബേപ്പൂർ പാതയിലെ ആദ്യ റെയിൽവേ സ്റ്റേഷനുകളിലൊന്നായ താനൂര്‍ റെയില്‍വേ സ്റ്റേഷന്റെ മുഖച്ഛായ മാറുന്നു. വി അബ്ദുറഹിമാന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ ചെലവിലാണ് റെയിൽവേ സ്റ്റേഷൻ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.  

   അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടിയിരുന്ന റെയില്‍വേസ്റ്റേഷന് ആശ്വാസം പകരുന്നതാണ് പുതിയ വികസന പദ്ധതികള്‍. സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ച് പുതുക്കി നിര്‍മിക്കും. പുതിയ ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, ഉയർന്ന ശ്രേണീയാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രം,  ടോയ്‌ലറ്റ് കോംപ്ലക്‌സ്, ഒന്നാം പ്ലാറ്റ് ഫോമില്‍ മേല്‍ക്കൂര, പ്ലാറ്റ്‌ഫോമില്‍ വിപുലമായ ഇരിപ്പിട സൗകര്യം, മിനിമാസ്റ്റ് ഉള്‍പ്പെടുന്ന വൈദ്യുത വിളക്കുകള്‍ എന്നിവ ഉൾപ്പെടുന്ന ബൃഹദ് പദ്ധതികളാണ് താനൂർ റെയിൽവേ സ്റ്റേഷനിൽ തയ്യാറാകുന്നതെന്ന് വി.അബ്ദുറഹ്മാൻ എംഎൽഎ പറഞ്ഞു.

    പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് കഴിഞ്ഞദിവസം നടന്ന റെയിൽവേ മേൽപ്പാലം ഉദ്ഘാടനവേളയിൽ റെയിൽവേ എൻജിനീയറിങ് വിഭാഗം അറിയിച്ചിരുന്നു. റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് എംഎൽഎയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിക്കുന്നത് കേരളത്തിൽ ആദ്യം താനൂരിലാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

കോഴിക്കോട് ഭാഗത്തേക്കും, ഷൊർണൂർ ഭാഗത്തേക്കും 13 ട്രെയിനുകൾ വീതമാണ് താനൂരിൽ നിർത്തുന്നത്. 10 പാസഞ്ചർ ട്രെയിനുകളും, 14 എക്സ്പ്രസ് ട്രെയിനുകളും, രണ്ട് സൂപ്പർഫാസ്റ്റ് മെയിലുമാണ് താനൂരിൽ നിർത്തുന്നത്.

    വി.അബ്ദുറഹ്മാൻ എം.എൽ.എയുടെ ശ്രമഫലമായി കാട്ടിലങ്ങാടി ഭാഗത്തേക്കുള്ള റെയിൽവേ നടപ്പാലം കഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ചിരുന്നു. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു