ചൊവ്വാഴ്ച മുതല്‍ ഇടിയോടു കൂടെ മഴ സാധ്യത

കോഴിക്കോട് >> തുലാവര്‍ഷം ഈമാസം 28 ന് എത്തുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ചയും കേരളത്തില്‍ ഇടിയോടുകൂടെയുള്ള മഴ ലഭിക്കും. തെക്കന്‍ കേരളത്തിലാണ് ചൊവ്വാഴ്ച മഴക്ക് സാധ്യതയുള്ളത്. ബുധനാഴ്ച തെക്കന്‍ ജില്ലകള്‍ക്കൊപ്പം മധ്യ,വടക്ക് ജില്ലകള്‍ക്കും ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം.

ലോവര്‍ ട്രോപോസ്ഫിയറില്‍ വടക്കുപടിഞ്ഞാറന്‍ ദിശയിലെ കാറ്റ് സ്ഥിരത കൈവരിക്കാനുള്ള സൂചനകളാണ് ഏറ്റവും പുതിയ നിരീക്ഷണങ്ങള്‍ കാണിക്കുന്നത്. ചൊവ്വാഴ്ച തന്നെ ചെന്നൈ ഉള്‍പ്പെടെയുള്ള തമിഴ്‌നാട് തീരങ്ങളില്‍ മഴ പ്രതീക്ഷിക്കാം.

പുതിയ ന്യൂനമര്‍ദം 29 ന്
ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യകിഴക്കന്‍ മേഖലയില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനോട് ചേര്‍ന്ന് ഈ മാസം 29 ന് വ്യാഴാഴ്ച പുതിയ ന്യൂനമര്‍ദം രൂപപ്പെടും. ഈ ന്യൂനമര്‍ദം തുലാവര്‍ഷത്തെ ഏതാനും ദിവസം മന്ദഗതിയിലാക്കാന്‍ സാധ്യതയുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ രണ്ടു ദിവസം കൂടി കാത്തിരിക്കേണ്ടി വരും.

ഇടിമിന്നല്‍ അപകടം ഒഴിവാക്കാന്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കാം

 1. മിന്നല്‍ കണ്ട് 3 സെക്കന്റിനു ശേഷം ഇടി കേട്ടാല്‍ ഇടിമിന്നല്‍ നിങ്ങളുടെ ഒരു കി.മി പരിധിയിലാണെന്ന് മനസിലാക്കുക. ഇത് ഏറെ അപകടകരമാണ്. 6 സെക്കന്റെങ്കില്‍ 2 കി.മി ദൂരെയും. 12 സെക്കന്റ് വരെ അപകടകരമായ പരിധിയില്‍ മിന്നലുണ്ടെന്ന സൂചനയാണ്.
 2. കേരളം കൂടുതല്‍ മിന്നല്‍ സാധ്യതയുള്ള സംസ്ഥാനമാണ്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് കൂടുതല്‍ മിന്നല്‍ സാധ്യത.
 3. തുലാവര്‍ഷം, വേനല്‍മഴ, മറ്റ് പ്രത്യേക സാഹചര്യങ്ങളില്‍ മഴക്കൊപ്പം മിന്നലുണ്ടാകും. ഇവ ചെറുക്കാന്‍ ഇനി പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാം.
 4. മിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ മുന്‍ കരുതല്‍ നടപടി സ്വീകരിക്കണം.
 5. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ തുറസായ സ്ഥലത്തും ടെറസിലും നില്‍ക്കരുത്.
 6. മഴക്കാറ് കണ്ടാല്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ മിന്നലുള്ള സമയത്ത് പോകരുത്.
 7. വൈദ്യുതോപകരണങ്ങളുടെയും ടി.വി, കേബിള്‍ ബന്ധം വിച്ഛേദിക്കുക, ജനലും വാതിലും അടച്ചിടുക. അകത്തെ മുറിയില്‍ കഴിയുക.
 8. ലോഹങ്ങളില്‍ സ്പര്‍ശിക്കരുത്, ജനലിനും വാതിലിനും സമീപം നില്‍ക്കരുത്. ചെരുപ്പ് ധരിക്കുന്നത് ഉത്തമം.
 9. ഉയരമുള്ള മരം, ടവര്‍, കെട്ടിടം എന്നിവയുടെ അടുത്ത നില്‍ക്കരുത്. വാഹനത്തില്‍ ചാരി നില്‍ക്കരുത്.
 10. വാഹനങ്ങളില്‍ ഗ്ലാസ് താഴ്ത്തിയിട്ട് ലോഹങ്ങളില്‍ സ്പര്‍ശിക്കാതെ അകത്ത് ഇരിക്കുന്നത് സുരക്ഷിതമാണ്.
 11. ഇരുമ്പുവേലികള്‍, റെയില്‍പാളങ്ങള്‍, പൈപ്പുകള്‍, കെട്ടിടം എന്നിവയില്‍ നിന്ന് അകന്നു നില്‍ക്കുക.
 12. ജലാശയത്തില്‍ ഇറങ്ങരുത്, പട്ടം പറത്തരുത്.
 13. ഇടിമിന്നല്‍ സമയത്ത് ഫോണ്‍ ഉപയോഗിക്കരുത്, കുളിക്കുന്നത് ഒഴിവാക്കുക.
 14. തുറസ്സായ സ്ഥലത്ത് അകപ്പെട്ടാല്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് കാല്‍മുട്ടുകള്‍ക്ക് ഇടയില്‍ ഒതുങ്ങി പന്തുപോലെ ഇരിക്കുക.
 15. മിന്നല്‍ രക്ഷാചാലകങ്ങള്‍ കെട്ടിടങ്ങള്‍ക്കും അതിനുള്ളിലുള്ളവര്‍ക്കും സംരക്ഷണം നല്‍കും.
 16. സര്‍ജ് പ്രൊട്ടക്ടര്‍ വൈദ്യുതോപകരണങ്ങളെയും മിന്നലില്‍ നിന്ന് സംരക്ഷണം നല്‍കും.
 17. മിന്നല്‍ സമയത്ത് മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.
 18. കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കാന്‍ അനുവദിക്കരുത്. മൈക്കുകളില്‍ പ്രസംഗിക്കുന്നതും അപകടമാണ്.
 19. മിന്നലേറ്റയാളുടെ ശരീരത്തില്‍ വൈദ്യുത പ്രവാഹമുണ്ടാകില്ല. അതിനാല്‍ അടിയന്തര ശുശ്രൂഷ നല്‍കാന്‍ മടിക്കരുത്.
 20. ഇവര്‍ക്ക് ഹൃദയാഘാതം, പൊള്ളല്‍ സംഭവിക്കാം. ക്രിത്രിമ ശ്വാസം നല്‍കാം. പൊള്ളലേറ്റിട്ടില്ലെങ്കില്‍ ശരീരം തിരുമ്മി ഉണര്‍ത്താം. ഇറുകിയ വസ്ത്രം അയക്കുക, തുണിയില്‍ മുക്കി വെള്ളം നല്‍കാം. ഉടനെ ആശുപത്രിയില്‍ എത്തിക്കുക. മിന്നലേറ്റവര്‍ക്ക് ഉടന്‍ വൈദ്യസഹായം ലഭിച്ചാല്‍ മരണം ഒഴിവാക്കാം.
  മെറ്റ് ബീറ്റ് വെതർ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു