കോഴിക്കോട് > > രാത്രിയോടെ ചൊവ്വാഗ്രഹം അത്ഭുത കാഴ്ചയൊരുക്കി ആകാശത്ത് പ്രത്യക്ഷമായി. നക്ഷത്രങ്ങൾക്കിടയിൽ പരതി നോക്കിയാൽ പരിചയ
ക്കാർക്ക് മാത്രം കാണാവുന്ന ചൊവ്വാഗ്രഹം ചൊവ്വാഴ്ച രാത്രി എട്ടരയോടെ ആകാശത്ത് വിസ്മയമായി.
കോഴിക്കോട് നഗരത്തിൽ നിന്നുള്ള കാഴ്ച 9.40 നോടെയാണ് വ്യക്തമായത്. ആകാശം വൈകീട്ടോടെ മേഘാവൃതമായിരുന്നു. പിന്നീടാണ് തെക്ക് കിഴക്ക് ദിശയിൽ ഉയർന്നു വന്നത്. കണിവെള്ളരി വലുപ്പത്തിൽ ഇപ്പോൾ ദൃശ്യമാണ്.

ഭൂമിയുമായി എതിർദിശയിൽ വരുന്നതിനാൽ 13ന് രാത്രി മുഴുവൻ ചൊവ്വഗ്രഹത്തെ ശോഭയിൽ കാണാമെന്ന പ്രതീക്ഷയിലാണ് വാനനിരീക്ഷകർ. ഇത്രയും ശോഭയിൽ ഈ കാഴ്ച ഇനി 2035ൽ മാത്രം.
ഭൂമി മധ്യത്തിലും സൂര്യനും ഏതെങ്കിലും ഒരു ഗ്രഹവും എതിർദിശയിലും നേർരേഖയിലും വരുന്ന പ്രതിഭാസമാണ് ഓപ്പോസിഷൻ. ഈ ദിവസം ഓപ്പോസിഷൻ സംഭവിക്കുന്ന ഗ്രഹം സൂര്യാസ്തമയത്തോടെ കിഴക്കുദിച്ച് പാതിരാത്രിയോടെ ഉച്ചിയിലെത്തും പിറ്റേന്ന് പുലർച്ച സൂര്യോദയസമയത്ത് പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും അതിനാൽ രാത്രി മുഴുവൻ അതിനെ കാണാനാകും.
ഒരു മണിക്കൂറിൽ ഏകദേശം 15 ഡിഗ്രി വീതം ഉയരുന്ന ചൊവ്വ, രാത്രി 12ന് ഉച്ചിയിലെത്തും. രാത്രി സമയത്ത് ചൊവ്വയോളം തിളക്കമുള്ള ഒരു വസ്തു ആകാശത്തുണ്ടാവില്ല എന്നതും ചൊവ്വയുടെ ചുവപ്പ് നിറവും അതിനെ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കും.
ഗോളാകൃതിയുള്ള ഗ്രഹങ്ങളുടെ ഒരു പകുതിയിൽ എല്ലായ്പ്പോഴും സൂര്യപ്രകാശം വീഴുന്നതിനാൽ സൂര്യപ്രകാശം വീഴുന്ന ഭാഗം പൂർണമായി ഭൂമിക്ക് അഭിമുഖമാവണമെന്നില്ല. ഓപ്പോസിഷൻ ദിനങ്ങളിൽ ഗ്രഹങ്ങളുടെ സൂര്യപ്രകാശമേൽക്കുന്ന ഭാഗം പൂർണമായി ഭൂമിക്കഭിമുഖമായി വരുന്നതിനാൽ അന്ന് അത്യധിക ശോഭയിൽ കാണാം.