കോഴിക്കോട് നഗരത്തിൽ വ്യാപാരം നിശ്ചലം; കൊവിഡ് നടപടി കർശനമാക്കി

കോഴിക്കോട് >> കോഴിക്കോട് ജില്ലയിൽ കൊറോണ വ്യാപകമായ സാഹചര്യത്തിൽ നിയമനടപടികൾ കർശനമായി തുടരുന്നു. സമ്പർക്കം മൂലം രോഗവ്യാപനമുണ്ടായ കോഴിക്കോട് നഗരത്തിൽ പ്രധാന റോഡുകളിൽ വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടപ്പാണ്. നഗരത്തിലേയ്ക്ക് കഴിഞ്ഞ രണ്ടു ദിവസമായി ജനങ്ങളുടെ ഒഴുക്ക് കുറഞ്ഞു. ലോക്ക് ഡൗൺ പ്രതീതിയിലാണ് നഗരം.

പ്രധാന കേന്ദ്രങ്ങളായ മിഠായിത്തെരുവ്, മേലെ പാളയം , കല്ലായി റോഡ്, ലിങ്ക് റോഡ്, ഒയിറ്റി റോഡ്, കെ. പി. കെ മേനോൻ റോഡ് വലിയങ്ങാടി, ബാങ്ക് റോഡ്, പാവമണി റോഡ്, പാളയം, ഇന്ദിരാഗാന്ധി റോഡ്, പുതിയ ബസ്റ്റാൻഡ് , കണ്ണൂർ റോഡ് എന്നി സ്ഥലങ്ങളിലെ വ്യാപാര കേന്ദ്രങ്ങൾ അനിശ്ചിതകാലത്തേയ്ക്ക് കൊവിഡ് കാരണം അടച്ചിട്ടിരിക്കയാണ്.

ബേക്കറി, മരുന്നു ഷാപ്പുകൾ, ടേക്ക് എവെ കൗണ്ടറുകൾ, പച്ചക്കറി- പഴവർഗ്ഗ കടകളും മാത്രമാണ് അനുവദിച്ചത്. അനുമതി ഇല്ലാതെ കട തുറന്നതായി ശ്രദ്ധയിപ്പെട്ടാൽ കടുത്ത പിഴയാണ് ഈടാക്കുന്നത്. നിയമാവലി തെറ്റിച്ച് വ്യാപാര സ്ഥാപനം തുറന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സാധാരണ ജനങ്ങൾക്കും പരാതി സമർപ്പിക്കാനുള്ള സംവിധാനമുണ്ട്. ഫോട്ടോ എടുത്ത് സമയവും ദിവസവും രേഖപ്പെടുത്തി ആരോഗ്യ വിഭാഗത്തിൻ്റെ ശ്രദ്ധയിൽ പ്പെടുത്തിയാൽ മതിയെന്നും നിർദ്ദേശമുണ്ട്.

നഗരത്തിലെ പ്രധാന തെരുവുകൾ കണ്ടെൻമെൻ്റ് സോണിൽ ഉൾപ്പെട്ടതിനാലാണ് ഈ മേഖലയിൽ നിയമം കർശനമാക്കിയത്. എന്നാൽ നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും പല സ്ഥലങ്ങളിലും അഞ്ചിൽ കൂടുതൽ പേർ തടിച്ചുകൂടുന്നുണ്ട്. ചില തട്ടുകടകൾക്ക് മുന്നിൽ 60 കഴിഞ്ഞവരും ഉൾപ്പെടും.

വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ നഗരത്തിൽ ഓട്ടോ, ബസ് യാത്രക്കാർ കുറവാണ്. രണ്ടാഴ്ച പൂർണ്ണമായും അടച്ചിട്ടാൽ നന്നായിരിക്കുമെന്നാണ് ചില ബസ് ജീവനക്കാർ പറയുന്നത്. എന്നാൽ കൊവിഡ് വ്യാപനം കുറയുകയും സാധാരണ ജീവിതം തുടങ്ങുമെന്നും പ്രതീക്ഷിക്കുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു