കൊവിഡ് വീടുകളിലെത്തി; ചികിത്സക്ക് ശേഷം വീട് ശുചീകരണം എങ്ങിനെ?

report : sv dasappan
കോഴിക്കോട് >> കൊവിഡ് നമ്മുടെ നാട്ടിലെത്തി ഒമ്പതു മാസം തികയാൻ ഇനി ഒരു ആഴ്ച മതി. കൊവിഡ് 19 വെറുമൊരു വൈറസായി തുടക്കം കരുതിയെങ്കിലും ലോക്ക് ഡൗണിലൂടെ കൊറോണ രോഗത്തിൻ്റെ ഗൗരവവും ആശങ്കയും പടർന്നു കയറി.

കൊവിഡ് 19 വൈറസിനെ കുറിച്ച് ലോകാരോഗ്യ സംഘടനയും വിദേശ രാഷ്ട്രങ്ങളിലെ ആരോഗ്യ രംഗവും ശാസ്ത്രജ്ഞരും ഒപ്പം നമ്മുടെ ആരോഗ്യ മേഖലയും വിശദീകരിച്ചതോടെ കൊറോണ രോഗിയെ സമൂഹത്തിൽ നിന്നല്ല, പ്രദേശത്തിൻ്റെ നാലയലത്ത് നിന്നും അകറ്റി നിറുത്താനാണ് പലരും ശ്രമിച്ചത്. 2020 ജനുവരി 18 ന് ഇന്ത്യയിൽ , കേരളത്തിൽ റിപ്പോർട്ട് ചെയ്തതങ്കിലും 26നാണ് തൃശൂരിൽ രോഗം സ്ഥിരീകരിച്ചത്. മഹാമാരിയായി എത്തിയ കൊവിഡ് 19 നെ കുറിച്ച് ലഭ്യമായ വിവരങ്ങളാണ് ആരോഗ്യരംഗം അന്ന് ഭീതിജനകമായി അറിയിച്ചത്. ഈ ആശങ്ക നിലനിൽക്കുമ്പോൾ തന്നെ പ്രതിരോധ മരുന്ന് കണ്ടെത്താത്തതു ആശങ്കക്ക് ശമനമായിട്ടില്ല.

ഏഴ് മാസങ്ങൾ പിന്നിട്ടതോടെ കൊവിഡ് ചികിത്സ സംസ്ഥാനത്തു നിന്ന് ജില്ലകളിലേയ്ക്കും, പഞ്ചായത്തുകളിലേയ്ക്കും വാർഡുകളിലേയ്ക്കും ഇപ്പോൾ വീടുകളിലേയ്ക്കും എത്തി. ഇതോടെ വൈറസിനോടുള്ള ആശങ്ക കുറഞ്ഞതും ജാഗ്രത കുറവും മൂലം കൊവിഡ് വ്യാപനം സജീവമാണ്. എന്നാൽ ചികിത്സ വീടുകളിലെത്തിയപ്പോഴാണ് പലർക്കും ഇനിയെന്ത് എന്ന ചോദ്യം ഉയരുന്നത്. വൈറസിനെ കുറിച്ചു കേട്ട ആശങ്കയും ഉയരുന്നത്.

കൊവിഡ് 19 പോസിറ്റീവ് വൈറസ് ശരീരത്തിൽ പ്രവേശിച്ചാലും പ്രാഥമിക ലക്ഷണമില്ലെങ്കിൽ വീടുകളിൽ സുരക്ഷിതമായ ഒരു മുറിയിൽ സമ്പർക്കമില്ലാതെ വിശ്രമിക്കാനാണ് നിർദ്ദേശം. വിശാലമായ വായുസഞ്ചാരം ലഭിക്കുന്ന മുറിയും, ഒപ്പം ശൗചാലയവും ചേർന്നതാകണമെന്ന് നിർദ്ദേശമുണ്ട്. രോഗിക്ക് മാത്രം ഉപയോഗിക്കാവുന്ന പാത്രങ്ങളും മറ്റും ലഭ്യമാക്കണമെന്നും പറയുന്നു.

എന്നാൽ രോഗശമനത്തിന് ശേഷം ഉപയോഗിച്ച മുറിയിൽ മറ്റുള്ളവർക്ക് പ്രവേശിക്കണമെങ്കിൽ എന്തല്ലാം ചെയ്യണമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഒപ്പം സംശയങ്ങളും. കൊവിഡ് റിപ്പോർട്ട് ചെയ്ത ആരംഭകാലത്ത് വൈറസിനെ കുറിച്ചുള്ള വിവരണം ഇപ്പോഴും ജനങ്ങൾ ക്കിടയിൽ ഉണ്ട്. എന്നാൽ അത്തരം ഭീതിജനകമായ അവസ്ഥ ഇപ്പോഴില്ലന്നാണ് വിലയിരുത്തൽ.

വീടുകളിൽ വിശ്രമചികിത്സക്കു ശേഷം കൊ വിഡ് പൊസിറ്റീവ് വ്യക്തി ഉപയോഗിച്ച തുണിത്തരങ്ങൾ കത്തിക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ശൗചാലയം സോപ്പ് ലായനി ഉപയോഗിച്ച് ശുചീകരിക്കണം. ഉപയോഗിച്ച പാത്രങ്ങളും മറ്റും സോപ്പ് ലായനി ഉപയോഗിച്ച് കഴുകി ഒഴിവാക്കണം. വിശ്രമിച്ച വ്യക്തി സ്പെർശിക്കാൻ ഇടയായ സ്ഥലങ്ങളും മുറിയും ഹൈപ്പോക്ലോറിക്ക് സലൂഷ്യൻ പരുത്തി (പഞ്ഞി) ഉപയോഗിച്ച് വൃത്തിയാക്കണമെന്ന് മൈക്രോ ബയോളജി വിദഗ്ദർ പറയുന്നു. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അണു നശീകരണ സംവിധാനം നിലവിൽ വരുമെന്നും പറയുന്നുണ്ട്.

സംസ്ഥാനത്ത് വീടുകളിൽ ചികിത്സ തുടങ്ങി ആഴ്ചകൾ പിന്നിട്ടതേയുള്ളൂ. ഇനിയുള്ള സർക്കാരിൻ്റെ ബോധവത്ക്കരണം രോഗശമനത്തിന് ശേഷം ഗൃഹാന്തരീക്ഷം ശുചിത്വമാക്കുന്നതിലേയ്ക്ക് കൂടി മാറേണ്ടതുണ്ട്. കോഴിക്കോട് ജില്ലയിൽ മാത്രം വീടുകളിൽ ചികിത്സ തേടിയവർ അയ്യായിരത്തി എണ്ണൂറിലേറെ പേർ ഉണ്ട്. ഈ കണക്ക് അൽപ്പം കൂടി ഉയരാനാണ് സാധ്യത. വീടുകളിൽ ചികിത്സ സജീവമാകുമ്പോൾ വീട്ടു നാഥൻമാരിൽ നിന്നും ജാഗ്രത ആരംഭിക്കേണ്ടതുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു