കൊടിയത്തൂർ പഞ്ചായത്തിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ അവസാനഘട്ടത്തിൽ

ഫസൽ ബാബു പന്നിക്കോട്മുക്കം >> തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. കൊടിയത്തൂർ പഞ്ചായത്തിൽ ഇടത്, വലത് മുന്നണികൾ സ്ഥാനാർഥി നിർണയ ചർച്ചകൾ ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്. 16 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. യു.ഡി.എഫ് ധാരണ പ്രകാരം കോൺഗ്രസ്, മുസ്ലിം ലീഗ് എന്നീ പാർട്ടികൾ എട്ടു വീതം സീറ്റുകളിൽ മത്സരിച്ചേക്കും. കഴിഞ്ഞതവണ ഏഴ് സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് കേരള കോൺഗ്രസ് മുന്നണി വിട്ടതോടെ ആ സീറ്റ് കൂടി ലഭിക്കുകയായിരുന്നു. 
അതേസമയം ലീഗും കോൺഗ്രസും തമ്മിൽ ചില സീറ്റുകൾ വച്ചു മാറുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞതവണ മുസ്ലിം ലീഗ് മത്സരിച്ച എട്ടാം വാർഡ് കോൺഗ്രസിന് നൽകി കോൺഗ്രസ് മത്സരിച്ച പത്താം വാർഡ് മുസ്‌ലിം ലീഗ് ഏറ്റെടുത്തിട്ടുണ്ട്. പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിലും സ്ഥാനാർഥികളേയും തീരുമാനിച്ചിട്ടുണ്ട്. അതിനിടെ വെൽഫെയർ പാർട്ടിയുമായുള്ള യു.ഡി.എഫ് ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഓരോ സീറ്റുകൾ വീതം ലീഗും കോൺഗ്രസും വിട്ടു നൽകാനാണ് ധാരണ. ഇതിൻ്റെ അടിസ്ഥാനത്തിൽ പതിനാലാം വാർഡ് വെൽഫെയർ പാർട്ടിക്ക് ലീഗ് വിട്ടു കൊടുത്തതായി അറിയുന്നു. ഇനി ഒരു സീറ്റ് കോൺഗ്രസും വിട്ടുനൽകിയേക്കും. കോൺഗ്രസ് മത്സരിക്കുന്ന നാലാം വാർഡാണ് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. 
വാർഡ് ഒന്നിൽ ടി.പി അബ്ദുറഹിമാൻ്റെ പേരാണ് പറഞ്ഞുകേൾക്കുന്നത്. മൂന്നാം വാർഡനായി കോൺഗ്രസും ലീഗും രംഗത്തുണ്ട്. ലീഗിനാണ് സീറ്റെങ്കിൽ മജീദ് പുതുക്കുടി സ്ഥാനാർഥിയാകും. പഞ്ചായത്ത് ഭരണം ലഭിച്ചാൽ യു.ഡി.എഫിനെ നയിക്കാൻ ഒരാളെന്ന നിലയിലാണ് പുതുക്കുടിയെ പരിഗണിക്കുന്നത്. കോൺഗ്രസിനായി യുവനേതാവ് ശിഹാബും അവകാശവാദവുമായി രംഗത്തുണ്ട്. നാലാം വാർഡിൽ സുജ ടോം, ഏഴാം വാർഡിൽ കരീം പഴങ്കൽ, എട്ടിൽ രതീഷ് കളക്കുടിക്കുന്നിൽ, ഒൻപതിൽ റഹ് മത്ത് പരവരി, 12ൽ രിഹ് ല മജീദ്, 16ൽ ഫസൽ കൊടിയത്തൂർ എന്നിവരാണ് അന്തിമ ലിസ്റ്റിലുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പന്നിക്കോട് ഡിവിഷനിൽ ബാബു പൊലുകുന്നത്ത് മത്സരിച്ചേക്കും. എൽ.ഡി.എഫിലും സീറ്റ് വിഭജന ചർച്ചകൾ ഏകദേശം പൂർത്തിയായിട്ടുണ്ട്. 14 സീറ്റുകളിൽ സി.പി.എമ്മും രണ്ടു സീറ്റുകളിൽ സി.പി.ഐയും മത്സരിക്കുമെന്നാണ് വിവരം. ഇതിൽ സി.പി.എമ്മിലെ ചില സീറ്റുകളിൽ വിജയ സാധ്യത കണക്കിലെടുത്ത് പൊതു സമ്മതരെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. അതിനിടെ രണ്ട് സീറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി രംഗത്തെത്തിയിട്ടുണ്ട്. ഒന്ന്, രണ്ട് വാർഡുകൾ വേണമെന്നാണ് എൻ.സി.പിയുടെ ആവശ്യം. ഒരു സീറ്റിൽ പൊതു സ്വതന്ത്രനേയും മറ്റൊരു സീറ്റിൽ പാർട്ടി ചിഹ്നത്തിലും മത്സരിപ്പിക്കണമെന്നാണ് എൻ.സി.പി ആവശ്യപ്പെടുന്നത്. ഒന്നാം വാർഡിൽ അയ്യൂബ് എന്ന പുതുമുഖത്തിൻ്റെ പേരാണ് പറഞ്ഞുകേൾക്കുന്നത്. നാലാം വാർഡിൽ നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്വപ്ന വിശ്വനാഥ് മത്സരിക്കണമെന്ന വികാരവും പാർട്ടിയിൽ ഉണ്ട്. ഏഴാം വാർഡിൽ കെ.ടി ഹാരിസ്, എട്ടാം വാർഡിൽ ശശി കളക്കുടിക്കുന്ന്, ഒൻപതിൽ നിലവിലെ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി ചന്ദ്രൻ എന്നിവർ സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 10,11,13,14,15 വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർഥി ആരായിരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. 12ൽ അബ്ദുല്ല മാസ്റ്റർ എടക്കമ്പലത്ത് മത്സരിക്കാൻ സാധ്യതയേറെയാണ്. 
പതിനാറാം വാർഡിൽ നിലവിലെ പഞ്ചായത്ത് അംഗം സാബിറ തറമ്മൽ വീണ്ടും മത്സരിക്കാനുള്ള സാധ്യതയും ഏറെയാണ്. പഞ്ചായത്തിൽ എൻ.ഡി.എയിലും ചർച്ചകൾ അവസാന ഘട്ടത്തിലെത്തി. മുഴുവൻ വാർഡുകളിലും മത്സരിക്കാനാണ് എൻ.ഡി.എയുടെ തീരുമാനം. 14 സീറ്റിൽ ബി.ജെ.പിയും രണ്ടു സീറ്റിൽ ബി.ഡി.ജെ.എസും മത്സരിച്ചേക്കും.
കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിൽ ഇടതുമുന്നണി ബഹുദൂരം മുന്നിലെത്തിയ കാഴ്ചയാണുള്ളത്. 
ആകെയുള്ള 14 വാർഡുകളിൽ പതിനാലിലും സിപിഎം സ്ഥാനാർത്ഥികൾ തന്നെയാണ് മത്സരിക്കുന്നത്. 
പല വാർഡുകളിലും 
പോസ്റ്ററുകൾ അടക്കം പതിച്ച് സ്ഥാനാർത്ഥികൾ പ്രചരണം തുടങ്ങിയിട്ടുണ്ട്. ഒന്നാം വാർഡിൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ബഹുജ റഫീഖ് 
സ്ഥാനാർത്ഥിയായി മത്സരരംഗത്ത് ഉണ്ടാവും .ഇവരുടെ പോസ്റ്ററുകൾ 
വാർഡുകളുടനീളം പതിച്ചു കഴിഞ്ഞു. പത്താം വാർഡിൽ മുൻ മെമ്പർ മുഹമ്മദും  പതിനാലാം വാർഡിൽ 
റസീന സുധീറും പ്രചരണം ആരംഭിച്ചു.
യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ അവസാനഘട്ടത്തിലാണ്. 
നേരത്തെ തന്നെ കോൺഗ്രLസും ലീഗും തമ്മിൽ പ്രശ്നം നിൽക്കുന്ന സാഹചര്യത്തിലാണ് 
സീറ്റ് വിഭജന ചർച്ചകൾ വൈകുകയാണ്. ഇത്തവണ വെൽഫെയർ പാർട്ടി കൂടി സീറ്റ് നൽകേണ്ട സാഹചര്യമുള്ളതിനാൽ 
വരും ദിവസങ്ങളിൽ ചർച്ച നടത്തി വിഭജന ചർച്ചകൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു