കേരള ഭാഗ്യക്കുറിയുടെ മൂന്ന് നറുക്കെടുപ്പുകൾ റദ്ദാക്കി

അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനവുമായി ഭാഗ്യമിത്രയുടെ
ടിക്കറ്റ് വില 100 രൂപയാണ്

കൊച്ചി >> ഒക്ടോബർ 17, 24, 31 തീയതികളിൽ നിശ്ചയിച്ചിരുന്ന കാരുണ്യ KR- 469, 470, 471 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് റദ്ദാക്കി. 17 ന് കാരുണ്യ KR- 469, 24ന് കാരുണ്യ KR- 470, 31ന് കാരുണ്യ KR- 471 എന്നിങ്ങനെയായിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്.

ദിവസ ലോട്ടറികളായ വിൻവിൻ (തിങ്കൾ), അക്ഷയ (ബുധൻ), നിർമൽ (വെള്ളി) ലോട്ടറികളുടെ വിൽപ്പനയും നറുക്കെടുപ്പാണ് നിലവിൽ നടക്കുന്നത്. ശ്രീശക്തി (ചൊവ്വ), കാരുണ്യ പ്ലസ് (വ്യാഴം), പൗർണമി (ഞായർ) ലോട്ടറികളും ഇതുവരെ പുനരാരംഭിച്ചിട്ടില്ല. പൗർണമി ഒഴികെയുള്ള ലോട്ടറികളുടെ വിൽപ്പനയും അടുത്ത വർഷം ആദ്യത്തോടെ പുനസ്ഥാപിക്കാനാണു ഭാഗ്യക്കുറി വകുപ്പ് ശ്രമം.

കോവിഡിനെത്തുടർന്ന് ഏപ്രിൽ മുതലാണ് എല്ലാ ലോട്ടറികളുടെയും വിൽപ്പനയും നറുക്കെടുപ്പും നിർത്തിവച്ചത്. അതുവരെ 90 ലക്ഷം ടിക്കറ്റുകൾ വീതമാണു പ്രതിദിന ലോട്ടറികൾക്കായി അച്ചടിച്ചിരുന്നത്. ജൂലൈയിലാണ് വിൻവിൻ, അക്ഷയ, നിർമൽ എന്നീ ലോട്ടറികൾ പുനരാരംഭിച്ചത്.

ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന പൗർണമി ലോട്ടറിക്കു പകരമായി ഭാഗ്യമിത്ര എന്ന പേരിൽ പുതിയ പ്രതിമാസ ലോട്ടറിയും ഭാഗ്യക്കുറി വകുപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനവുമായി എത്തുന്ന ഭാഗ്യമിത്രയുടെ ടിക്കറ്റ് വില 100 രൂപയാണ്. സംസ്ഥാനത്തെ ആദ്യ പ്രതിമാസ ലോട്ടറിയും ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന ഏക ലോട്ടറിയുമാണ് ഭാഗ്യമിത്ര.

എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുപ്പ് നടക്കും. ആദ്യ നറുക്കെടുപ്പ് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന്. ഭാഗ്യമിത്രയുടെ വരവോടെ, കോവിഡ് സൃഷ്ടിച്ച വരുമാന നഷ്ടത്തിൽനിന്ന് കരകയറാനാവുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്.  ലോട്ടറി വകുപ്പിനൊപ്പം ഏജൻസികളും വിൽപ്പനക്കാരും വലിയ പ്രതിസന്ധിയാണ്  അഭിമുഖീകരിച്ചിരുന്നത്. എല്ലാ ദിവസവും വിൽക്കാൻ കഴിയുന്ന ലോട്ടറി വേണമെന്ന് ഏജന്റുമാരിൽനിന്ന് പരക്കെ ആവശ്യമുയർന്നിരുന്നു.

ഭാഗ്യമിത്ര ലോട്ടറി വിജയം കണ്ടാൽ പൗർണമി ലോട്ടറി പൂർണമായി ഒഴിവാക്കാനാണ് വകുപ്പിന്റെ ആലോചന. ഞായറാഴ്ചകളിൽ നറുക്കെടുത്തിരുന്ന പൗർണമി ടിക്കറ്റിന്റെ വിൽപ്പന ഡിസംബർ 31 വരെ നിർത്തിവച്ചിരിക്കുകയാണ്. ഭാഗ്യമിത്ര 72 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ 40 ലക്ഷം ടിക്കറ്റ് പുറത്തിറക്കും. ഇവ വിറ്റുതീരുന്ന മുറയ്ക്കായിരിക്കും ബാക്കി ടിക്കറ്റുകൾ വില്പനയ്‌ക്കെത്തിക്കുക.

പ്രതിദിന ലോട്ടറികൾക്കും പുതുതായി വരുന്ന ഭാഗ്യമിത്രയ്ക്കും പുറമെ തിരുവോണം, മൺസൂൺ, സമ്മർ, വിഷു, പൂജ, ക്രിസ്‌മസ്-പുതുവത്സര നറുക്കെടുപ്പുകളും ഭാഗ്യക്കുറി വകുപ്പ് നടത്താറുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു