കാലവര്‍ഷം, കേരളത്തില്‍ 9 ശതമാനം അധിക മഴ

തുലാവർഷം രണ്ടാഴ്ചക്ക് ശേഷം

കോഴിക്കോട് >> ഇത്തവണ കൊവിഡിനൊപ്പം പ്രളയം വരുമെന്ന് ആശങ്കപ്പെട്ടെങ്കിലും ആശ്വാസം നൽകിയാണ് മഴ മടക്കം തുടങ്ങിയത്. 2020 ലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) മഴക്കണക്കുകള്‍ സാങ്കേതികമായി അവസാനിച്ചപ്പോള്‍ കേരളത്തില്‍ ലഭിച്ചത് ഒമ്പത് ശതമാനം അധിക മഴയെന്ന് പ്രമുഖ സ്വകാര്യ കാലാവസ്ഥ നിരീക്ഷണ വിഭാഗമായ മെറ്റ് ബീറ്റ് വെതർ. 2049.2 എം.എം മഴ ലഭിക്കേണ്ടതിനു പകരം 2227.9 എം.എം മഴയാണ് കേരളത്തില്‍ ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സാക്ഷ്യപ്പെടുത്തുന്നു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡപ്രകാരം ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ പെയ്യുന്ന മഴയാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ കണക്കില്‍പ്പെടുത്തുക. എന്നാല്‍ കേരളത്തില്‍ മണ്‍സൂണ്‍ വിടവാങ്ങുക ഒക്ടോബരര്‍ 15 ഓടെയുമാണ്. രാജ്യത്തു ലഭിക്കുന്ന മൊത്തം മഴയുടെ 75 ശതമാനം കാലവര്‍ഷ സീസണിലാണ് ലഭിക്കുന്നത്. മണ്‍സൂണ്‍ ആദ്യം പ്രവേശിക്കുന്നതും ഏറ്റവും അവസാനം വിടവാങ്ങുന്നതും രാജ്യത്തിന്റെ തെക്കേ മൂലയിലുള്ള കേരളത്തിലാണ് എന്നതിനാല്‍ ഏറ്റവും കൂടുതല്‍ നീണ്ടു നില്‍ക്കുന്ന മണ്‍സൂണ്‍ മഴക്കാലവും കേരളത്തിലാണ്.

മഴയില്‍ മുന്നില്‍ കോഴിക്കോടും, തിരുവനന്തപുരവും
33 ശതമാനം അധികമഴ രേഖപ്പെടുത്തിയ കോഴിക്കോടും തിരുവനന്തപുരവുമാണ് ഇത്തവണ മഴ കൂടുതല്‍ ലഭിച്ച ജില്ലകള്‍. 28 ശതമാനം അധിക മഴ കിട്ടിയ കണ്ണൂര്‍, 24 ശതമാനം കൂടുതല്‍ മഴ പെയ്ത കോട്ടയം, 21 ശതമാനം മഴക്കൂടുതലുള്ള കാസര്‍കോട് എന്നിവ അധികമഴ ഗണത്തില്‍പ്പെടുന്ന ജില്ലകളായി. പത്തനംതിട്ട (13), എറണാകുളം, പാലക്കാട് (11), ആലപ്പുഴ (8), കൊല്ലം (6), മലപ്പുറം (-1), ഇടുക്കി (-6), തൃശൂര്‍ (-12), വയനാട് (-18), മഴ ലഭിച്ചു. കണക്കു പ്രകാരം ഇതെല്ലാം സാധാരണ മഴയാണ്. ഏറ്റവും കൂടുതല്‍ മഴ കുറഞ്ഞത്് -18 ശതമാനം മഴ കുറവ് ലഭിച്ച വയനാടാണ്. എങ്കിലും സാങ്കേതികമായി വയനാട്ടിലും സാധാരണ മഴ ലഭിച്ചെന്ന് പറയാം.

ഇന്നു മുതല്‍ പെയ്യുന്ന മഴ വടക്കുകിഴക്ക് മണ്‍സൂണ്‍ അഥവാ തുലാവര്‍ഷത്തിന്റെ കണക്കിലാണ് പെടുക. എന്നാല്‍ തുലാവര്‍ഷം കേരളത്തില്‍ എത്താന്‍ രണ്ടാഴ്ച കൂടി കാത്തിരിക്കുകയും ചെയ്യേണ്ടിവരും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു