കരുതിയിരിക്കുക; ‘യൂട്യൂബ് കാൻസറുകൾ’

ഡോ.ശങ്കർ മഹാദേവൻ
അകാലത്തിൽ ജീവിതം അവസാനിപ്പിച്ച ഡോ. അനൂപ് കൃഷ്ണയ്ക്ക് ആദാരാഞ്‌ജലി അർപ്പിച്ചു ചില കാര്യങ്ങൾ പങ്കുവെയ്ക്കട്ടെ. അദ്ദേഹത്തിന്റെ ആത്മഹത്യ ഡോക്ടർ സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്ന അമ്പരപ്പും, അമർഷവും മനോവീര്യം തകർക്കലും പറഞ്ഞറിയിക്കാൻ പോലും സാധിക്കുന്നതല്ല. പഠിച്ച് പാസായി ഇറങ്ങിയ ചെറുപ്പക്കാരായ ഡോക്ടർമാർ മുതൽ വയോധികരായ ഡോക്ടർമാർ വരെ ചർച്ച ചെയ്യുന്നതു ഡോ. അനൂപിന്റെ ആത്മഹത്യയും അതിലേക്ക് നയിച്ച സാഹചര്യങ്ങളുമാണ്.

ഡോ.ശങ്കർ മഹാദേവൻ

കോവിഡ് രോഗം മൂലം സമ്മർദ്ദത്തിലായ ഡോക്ടർ സമൂഹം ഒന്നടങ്കം ഒരു വിഷാദാവസ്ഥയിലേക്ക് വീഴുന്ന അപൂർവ്വ കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടുവരുന്നതു. പൊതു സമൂഹം കുറച്ചു നാളുകളായി തുടർന്നു വരുന്ന, ഡോക്ടർമാരോടുള്ള ശത്രുതാ മനോഭാവത്തിൻ്റെ, നിന്ദയുടെ ഒടുവിലത്തെ ഇര.

സർജറി സമയത്തുണ്ടായ സങ്കീർണ്ണതകളും, തുടർന്നുണ്ടായ കുട്ടിയുടെ മരണവും പിന്നീട് ഉണ്ടായ മറ്റു സംഭവവികാസങ്ങളുമാണ് ഈ കുറിപ്പിനു ആധാരം. തന്നെ കുറ്റവാളിയായിയും, കൊലപാതകിയുമായി ചിത്രീകരിച്ച് സമൂഹം നരാധമൻ എന്ന പട്ടം ചാർത്തിയപ്പോൾ നേരിടേണ്ടി വന്ന മാനസിക സമ്മർദ്ദങ്ങളെ തുടർന്ന് തന്റെ ഞരമ്പ് മുറിച്ച്, ഒരു തുണ്ടു കയറിൽ തന്റെ ജീവിതം അവസാനിപ്പിച്ച ആ യുവ ഡോക്ടർ ഈ സമൂഹത്തിൽ നിന്നും നീതി അർഹിക്കുന്നു. ഒരു ജന്മം കൊണ്ട് എത്രയോ രോഗികളുടെ ജീവൻ രക്ഷിക്കേണ്ടിയിരുന്ന ഒരു ഡോക്ടർ, അകാലത്തിൽ ജീവൻ വെടിയുമ്പോൾ, സമൂഹം എവിടെ എത്തി നിൽക്കുന്നു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

കൃത്യം ഒരാഴ്ച്ച മുമ്പ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ, തന്നെ അവഹേളിച്ചു എന്നു ആരോപിച്ച് നിയമം കയ്യിലെടുത്ത് കൈയ്യാങ്കളി വരെ നടത്തിയ കൂട്ടർക്കു കിട്ടിയ ജനപിന്തുണ പോലും, അതേ സാമൂഹ്യ മാദ്ധ്യമത്തിൽ കുറ്റവിചാരണ നേരിട്ടപ്പോൾ ഡോ അനൂപ് കൃഷ്ണയ്ക്ക് കിട്ടാതെ പോയത് എന്തേ? ഭാര്യയെയും മകനെയും തനിച്ചാക്കി ജീവിതം തന്നെ അവസാനിപ്പിക്കാൻ അദ്ദേഹത്തിനു തോന്നിയത് എന്ത് കൊണ്ട്? ഒരു രാഷ്ട്രീയക്കാരനെങ്കിലും ഡോ. അനൂപിനു വേണ്ടി വാദിക്കാൻ തയ്യാറാകാത്തത് എന്തേ? (ഞാൻ ഇത് എഴുതുമ്പോൾ ശ്രീ.ശശി തരൂരിന്റെ ഒരു പോസ്റ്റ് കാണാനിടയായി, അദ്ദേഹത്തെ നന്ദിപൂർവ്വം സ്മരിക്കുന്നു) കരി ഓയിൽ വാർത്ത പത്രങ്ങളുടെ മുൻ പേജിൽ വന്നപ്പോൾ ഒരു ഡോക്ടർ ആത്മഹത്യ ചെയ്യേണ്ടി വന്നത് ഉള്ളിൽ ഒരു രണ്ട് കോളം വാർത്ത പോലും ആകാത്തത് എന്ത് കൊണ്ട്? സർജറിക്കിടെ രോഗി മരിക്കുന്നത് ഡോക്ടറുടെ അനാസ്ഥയോ കഴിവുകേടോ കൊണ്ടാണ് എന്നു വിധിയെഴുതുന്ന സമൂഹം, അതേ ഡോക്ടറുടെ സർജറിയിലൂടെ എത്രരോഗികൾക്കു ജീവിതം തിരികെ കിട്ടിയിട്ടുണ്ട് എന്ന് അന്വേഷിക്കാൻ മിനക്കെടാറുണ്ടോ? ഇങ്ങനെ നൂറുകൂട്ടം ചോദ്യങ്ങൾ മനസ്സിൽ ഉയരുകയാണ്.

Society exists as a mental concept
In the real world, they are all individuals.
ഓസ്കർ വൈൽഡിന്റെ വരികളാണ്.

അതെ, ഈ സമൂഹത്തിന്റെ മൂല്യച്യുതിയുടെ ഉത്തരവാദിത്ത്വം നമ്മൾ വ്യക്തികളിൽ തന്നെയാണ്. ടി ആർ പി റേറ്റിങ്ങുകൾക്ക് വേണ്ടി വാർത്തകൾ പടച്ചുവിടുന്ന ചാനലുകളും, കൂണുകൾ പോലെ മുളച്ചുപൊന്തുന്ന യൂട്യൂബ് ചാനലുകളും നമ്മുടെ സമൂഹത്തിൽ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ക്യാൻസറുകളാണ്. ഇവയെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു.

വീണ്ടും ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു.

1) ഡോക്ടർമാർ ആരും തന്നെ ദൈവങ്ങളല്ല, മനുഷ്യരാണ് – വെറും പച്ചയായ മനുഷ്യർ. മരണത്തെ തടയാനോ നീട്ടി വക്കാനോ ഞങ്ങൾക്കു പരിശ്രമിക്കാനേ കഴിയൂ. ചികിത്സയ്ക്കപ്പുറമുള്ള മരണത്തെ ഒരു യാഥാർത്ഥ്യമായി കാണുവാനുള്ള പക്വത സമൂഹത്തിനുണ്ടാവണം .

2) ചികിത്സിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വം തന്നെ. (അസുഖം മാറുക എന്നത് ഡോക്ടറുടെ ചികിത്സയെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്. വക്കീൽ കോടതിയിൽ കേസ് വാദിക്കും, കേസ് ജയിക്കാം / തോൽക്കാം, തോറ്റതിന്റെ ഉത്തരവാദിത്വം ഒരു വക്കീലും ഏറ്റെടുത്ത് കണ്ടിട്ടില്ല. കേസു തോറ്റതിൻ്റെ പേരിൽ ഒരു വക്കീലും സമൂഹ വിചാരണയ്ക്കു വിധേയനാവുകയോ, തുടർന്നുള്ള സമ്മർദ്ദങ്ങൾക്ക് വശംവദനായി ആത്മഹത്യ ചെയ്യുകയോ ഉണ്ടായതായി അറിവില്ല.)

3) ഞങ്ങളുടെ ജോലി കൃത്യമായി, ആത്മാർത്ഥയോടെ ചെയ്യുന്നുണ്ടോ എന്നു മാത്രം നോക്കുക. എത്രമാത്രം സമ്മർദ്ദ നിർഭരമായ നിമിഷങ്ങളിലൂടെയാണ് മനുഷ്യ ജീവൻ കൈയാളുന്ന ഓരോ ഡോക്ടറും കടന്നു പോകുന്നത്.

4) ഡോക്ടർക്കു സമൂഹത്തിനോടുള്ള കടപ്പാടു പോലെ തന്നെ പ്രധാനമാണ് ഓരോ വ്യക്തിക്കും സമൂഹത്തിനോടുള്ള പ്രതിബദ്ധത. ഡോക്ടർമാരിൽ നിന്നു മാത്രം പ്രതിബദ്ധത പ്രതീക്ഷിക്കുന്നിടത്താണ് എല്ലാ പ്രശ്നങ്ങളുടേയും തുടക്കം. ഇത് തികച്ചും അധാർമികവും അർത്ഥശൂന്യമാണ്. എല്ലാ വ്യക്തികളും അവരവരുടെ ഉത്തരവാദിത്ത്വം നിറവേറ്റുമ്പോഴാണ് ഒരു സമൂഹം പരിഷ്കൃതമാവുന്നത്.

5) ഡോക്ടർമാർ ജനങ്ങളുടെ നികുതി പണം കൊണ്ടാണ് പഠിച്ചത് എന്ന സ്ഥിരം ക്ലീഷേ ഡയലോഗ് ഇനി വേണ്ട. കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, വർഷങ്ങൾ നീണ്ട തപസ്യയുടെ ഫലമാണ് ഒരു എംബിബിഎസ് ഡിഗ്രി. വീണ്ടും മൂന്നു വർഷം പഠിച്ചാലാണ് പോസ്റ്റ് ഗ്രാജ്യുവേഷൻ കിട്ടുക. നികുതി പണത്തിന്റെ കാര്യം പറയുക ആണെങ്കിൽ എല്ലാ പ്രഫഷണൽ കോഴ്സുകൾക്കും സർക്കാർ ഫണ്ട് ഉണ്ട്. ഇനി പഠിച്ച് പുറത്തിറങ്ങിയാൽ മറ്റാരെക്കാളും സർക്കാരിലേക്ക് ഡോക്ടർമാർ നികുതി കൊടുക്കുന്നും ഉണ്ട്.

എന്റെ മറ്റൊരു ഡോക്ടർ സുഹൃത്തിന്റെ വാചകം കടം എടുത്തു കൊണ്ട് പറയുന്നു.

“ഡോക്ടർമാർക്ക് എട്ടിന്റെ പണി സമൂഹം കൊടുത്തു കൊണ്ടിരിക്കുകയാണല്ലോ, ഇനി സമൂഹത്തിനു എട്ടിന്റെ പണി കിട്ടാൻ പോകുന്നതേയുള്ളൂ.”

ഇത്തരത്തിലുള്ള അപരിഷ്കൃതമായ അവഹേളനങ്ങളും അപമാനങ്ങളും ഭയന്ന് അടുത്ത തലമുറയിലെ മിടുക്കൻമാരും മിടുക്കികളും, പ്രത്യേകിച്ച് ഡോക്ടർമാരുടെ കുട്ടികൾ ഈ പ്രൊഫഷനിൽ നിന്നും അകന്നു കൊണ്ടിരിക്കുവാണ്. എന്തിനേറെ പറയുന്നു, ഞാനുൾപ്പെടെയുള്ള എൻ്റെ ഡോക്ടർ സുഹൃത്തുക്കളുടെ മക്കൾ ഈ പ്രൊഫഷൻ തിരഞ്ഞെടുക്കുന്നതിൽ വിമുഖത കാട്ടുന്നു. മറിച്ച് പറയാൻ ഞങ്ങൾ അശക്തരുമാകുന്നു. ഇത് പൊതുസമൂഹത്തിന് നൽകുന്നത് ശക്തമായ ഒരു സൂചനയാണ്. ഭാവിയിൽ ഇന്ത്യയിൽ തന്നെ നല്ല കഴിവുള്ള ഡോക്ടർമാർ ഇല്ലാതാവുന്ന ഒരു അവസ്ഥ ഉണ്ടായാൽ ഈ സമൂഹം അതിന് ഉത്തരവാദിയായിരിക്കും, ഒരു സംശയവും വേണ്ട. നിങ്ങൾക്കോ അടുത്ത തലമുറയ്ക്കോ ലഭിക്കേണ്ട ചികിത്സാ നിലവാരം കുറഞ്ഞു പോയതിൽ പരിതപിക്കേണ്ടി വരും.

സമൂഹത്തിൻ്റെ കാഴ്ചപ്പാട് മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയെങ്കിലും ഒരു ഡോക്ടറും കല്ലെറിയപ്പെടരുത്. സമൂഹമാധ്യമങ്ങളിൽ കുറ്റവിചാരണ ഏറ്റുവാങ്ങേണ്ടി വരരുത്. ഒരു രോഗി മരിച്ചതിൻ്റെ പേരിൽ ഒരു ഡോക്ടറും ആത്മഹത്യ ചെയ്യാൻ ഇടവരരുത്.

(ലേഖകൻ കോഴിക്കോട് ഡോക്ടർ ശങ്കേഴ്സ് ഇ.എൻ.ടി സെൻറർ എം.ഡിയാണ്)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു