കരിപ്പൂർ: അപകട വിമാനം മാറ്റാന്‍ ചെലവ്ഒരു കോടിയിലേറെ; മാറ്റേണ്ടത് 500 മീറ്റർ

കൊണ്ടോട്ടി >> മൂന്ന് മാസം മുമ്പ് കരിപ്പൂരിൽ തകർന്ന വിമാനം  അപടസ്ഥലത്ത് നിന്ന് മാറ്റാന്‍ എയര്‍ഇന്ത്യക്ക് ചെലവ് ഒരുകോടിയിലധികം. കഴിഞ്ഞ ആഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ തകര്‍ന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടസ്ഥലത്ത് നിന്ന് 500 മീറ്റര്‍ അകലേക്ക് മാറ്റുന്നതിനാണ് ഒരു കോടിക്ക് മുകളില്‍ ചെലവ് വരുന്നത്. വിമാനത്താവളത്തില്‍ കേന്ദ്രസുരക്ഷ സേനയുടെ ബാരിക്കേഡിന് സമീപത്തായാണ് വിമാനം നിര്‍ത്തിയിടാന്‍ പ്രത്യേക കോണ്‍ക്രീറ്റ് പ്രതലം തയാറാക്കിയത്. പാറപോലുളള സ്ഥലം നിരപ്പാക്കി പ്രതലമൊരുക്കാന്‍ മാത്രം അരക്കോടിയിലേറെ രൂപയാണ് ചെലവ് വന്നത്. 
വിമാനം ഇവിടേക്ക് മാറ്റിയാല്‍ മേല്‍ക്കൂരയും പണിയണം. ഇതിന് വീണ്ടും ലക്ഷങ്ങള്‍ ചെലവഴിക്കണം.വിമാനം സംഭവ സ്ഥലത്ത് നിന്ന് ക്രെയിനുകള്‍ ഉപയോഗിച്ച് മാറ്റാനും ലക്ഷങ്ങള്‍ പൊടിയും . 42 ടണ്‍ ഭാരമുളള വിമാനം അഴിച്ചെടുത്ത് അപകടസ്ഥലത്ത് നിന്ന് നീക്കാനാണ് ഒരുങ്ങുന്നത്. നേരത്തെ ചക്രങ്ങളും ചിറകുകളും വേര്‍പ്പെടുത്താതെ കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാല്‍ വിമാനത്തിന്റെ മുന്നിലെ ഒരു ചിറകിന് മാത്രം 18 മീറ്റര്‍ നീളമുണ്ട്. നാലുമീറ്ററോളം വരുന്ന മധ്യഭാഗവും രണ്ടുഭാഗത്തും ചിറകുകളും വരുന്നതിനാല്‍ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ല. 
ഇതോടെയാണ് വിമാനത്തിന്റെ ചക്രങ്ങളും ചിറകുകളും അഴിച്ചെടുക്കുന്നത്. മുന്‍ഭാഗത്തെ വലിയ രണ്ട് ചിറകുകളും വാലിനോട് ചേര്‍ന്നുള്ള രണ്ട് ചിറകുകളും വേര്‍പ്പെടുത്തും. പിന്നീട് ചക്രങ്ങളും ഊരിയെടുക്കും. മൂന്ന് ഭാഗമായാണ് വിമാനം പിളര്‍ന്നിരിക്കുന്നത്. വേര്‍തിരിച്ചെടുക്കുന്ന ഭാഗങ്ങള്‍ ക്രെയിനിന്റെ സഹായത്തോടെ ഉയര്‍ത്തി ട്രെയിലറില്‍ കൊണ്ടുപോകും. വിമാനം പൂര്‍ണമായും മാറ്റാന്‍ പത്ത് ദിവസമെങ്കിലും സമയമെടുക്കുമെന്നാണ് എയര്‍ഇന്ത്യയുടെ കണക്കു കൂട്ടല്‍.
രാമനാട്ടുകര ഗ്രാന്‍ഡ് എന്റര്‍ പ്രൈസസ് ഉടമ പി.എ സലീമാണ് ക്രെയിന്‍ ഉപയോഗിച്ച് വിമാനം നീക്കാന്‍ കരാര്‍ ഏറ്റെടുത്തത്. സംഭവസ്ഥലത്ത് നിന്ന് നീക്കുന്ന വിമാനത്തിന്റെ ഭാഗങ്ങള്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് എത്തിച്ച് ചിറകുകളും ചക്രങ്ങളും കൂട്ടിയോജിപ്പിച്ച് പാര്‍ക്ക് ചെയ്യാനാണ് തീരുമാനം. അപകടത്തിന്റെ തുടരന്വേഷം നടക്കുന്നതിനാലാണ് വിമാനം  സാങ്കേതിക വിദഗ്ധര്‍ എത്താന്‍ വൈകിയതിനാല്‍ കരിപ്പൂരില്‍ അപകടത്തില്‍ പെട്ടവിമാനം മാറ്റുന്നത് ഇന്നലെ ആരംഭിക്കാനായില്ല. ഞായറാഴ്ച ഒരുസംഘം ചെന്നൈയില്‍ നിന്നെത്തിയങ്കിലും സാങ്കേതിക വിദഗ്ധര്‍ക്ക് എത്താനായിരുന്നില്ല. ഇവര്‍ ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് എത്തിയത്. പിന്നീട് സംഘം രാത്രിയോടെയാണ് കരിപ്പൂരിലെത്തിയത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു