കണ്ടെയ്ൻമെൻ്റ് സോൺ മാർഗ്ഗനിർദ്ദേശം

കോഴിക്കോട് >> കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി
കണ്ടെയ്ൻമെൻറ് സോൺ പ്രഖ്യാപിക്കുന്നതിനും നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിനും ജില്ലാ കലക്ടർ സാംബശിവ റാവുമാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു.

പോസിറ്റീവ് കേസുകളുടെയും സമ്പർക്കത്തിൻ്റെയും എണ്ണത്തിൻ്റെ അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെയ്ൻമെൻറ് സോണും വാർഡ് തല കണ്ടെയ്ൻമെൻറ് സോണും പ്രഖ്യാപിക്കുന്നത്. രോഗവ്യാപനം തടയാൻ കണ്ടെയ്ൻമെൻ്റ് സോണുകളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക. അവ കർശനമായി പാലിക്കുന്നത് ഉറപ്പാക്കാൻ ആർആർ ടികളെയും പോലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് കേസുകൾ ഉയർന്ന പ്രദേശങ്ങളിൽ കണ്ടയ്ൻമെൻ്റ് സോൺ പ്രഖ്യാപനം വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുള്ളതായി കലക്ടർ വ്യക്തമാക്കി.

ക്രമാതീതമായി കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് മുഴുവർ വാർഡ് കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിക്കുന്നത്.
ജില്ലയിൽ നഗരപ്രദേശങ്ങളടക്കം നിരവധി പ്രദേശങ്ങൾ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ജനജീവിതം തടസ്സപ്പെടാതിരിക്കാനാണ് വാർഡിനകത്ത് രോഗ സാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളെ ഉൾപ്പെടുത്തി മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചിരുന്നത്.

കോർപ്പറേഷൻ പരിധിയിൽ 30 ലധികം ആക്ടീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന വാർഡുകളിൽ മുഴുവൻ വാർഡ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിക്കും. അത്തരം വാർഡുകളിൽ രണ്ടു നിര പ്രതിരോധം ഉറപ്പാക്കണം. മുഴുവൻ വാർഡിനും പ്രതിരോധ വലയം ഒരുക്കുന്നതോടൊപ്പം മൈക്രോ കണ്ടെയ്ൻമെന്റ് സോണിന് പ്രത്യേകം സംരക്ഷണ വലയവും ഒരുക്കണം. രണ്ടാഴ്ചത്തേക്ക് പ്രതിരോധം ഉറപ്പാക്കും. സമ്പർക്കങ്ങളെല്ലാം കണ്ടെത്തി കോവിഡ് ജാഗ്രത പോർട്ടലിൽ ചേർക്കും. ആരോഗ്യ വകുപ്പ് മാനദണ്ഡങ്ങളനുസരിച്ച് പരിശോധന നടത്തുകയും വേണം. കേസുകൾ കുറയുന്നതിനനുസരിച്ച് ഫുൾ വാർഡ് നിയന്ത്രണം ഒഴിവാക്കും.

സെക്ടർ മജിസ്ട്രേറ്റും വാർഡ് ആർ ആർ ടി യുമായി ആലോചിച്ച് സബ് കലക്ടറും കോർപ്പറേഷൻ സെക്രട്ടറിയുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. താലൂക്ക് ഇൻസിഡൻ്റ് കമാണ്ടറുടെ ശുപാർശ പ്രകാരം ഇക്കാര്യം ജാഗ്രത പോർട്ടലിൽ ചേർക്കേണ്ടത് തദ്ദേശ സ്ഥാപന സെക്രട്ടറിയാണ്. കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിച്ച സ്ഥലത്ത് പൊതു ഗതാഗതം അനുവദിച്ച സ്ഥലങ്ങളളോടു ചേർന്ന കച്ചവടത്തെരുവുകൾക്ക് ഇളവു നൽകാൻ നിർദ്ദേശിക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് അധികാരമുണ്ട്. ഇവിടങ്ങളിൽ പോസിറ്റീവ് കേസുകളോ സമ്പർക്കമോ ഇല്ലെന്ന് ഉറപ്പുവരുത്തുകയും സബ് കലക്ടറുടെ അനുമതി നേടുകയും ചെയ്തിരിക്കണം.

പോസിറ്റീവ് കേസുകൾ 30 ൽ കുറവാണെങ്കിൽ മൈക്രോ കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിക്കാം. ആവശ്യമായ സ്ഥലങ്ങളിൽ മൈക്രോ കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിച്ചുവെന്ന് ഉറപ്പാക്കേണ്ടത് സെക്ടർ മജിസ്ട്രേറ്റ്, തദ്ദേശ സ്ഥാപന സെക്രട്ടറി, നോഡൽ ഓഫീസർ എന്നിവരുടെ ചുമതലയാണ്. കണ്ടെയ്ൻമെൻ്റ് സോൺ നടപടികൾ പൂർണ്ണമായും കൈകാര്യം ചെയ്യുന്നതിന് കോവിഡ് ജാഗ്രത പോർട്ടൽ ഉപയോഗപ്പെടുത്തണം.

മുൻസിപ്പാലിറ്റികൾക്കും കോർപ്പറേഷൻ ദേശത്തോട് ചേർന്നു കിടക്കുന്ന നഗരവൽകൃത ഗ്രാമ പഞ്ചായത്തുകൾക്കും ഈ നിബന്ധനകൾ ബാധകമാണ്. എന്നാൽ പോസിറ്റീവ് കേസുകൾ 15 ആണെങ്കിൽ ഫുൾ വാർഡ് കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിക്കണം. തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഇക്കാര്യം അനുവദിക്കുന്നതിന് ജാഗ്രത പോർട്ടലിൽ ചേർക്കണം. ജില്ലാ കലക്ടറുടെ അനുമതി നേടുന്നതിന് ശുപാർശ ചെയ്യേണ്ടത് താലൂക്ക് ഇൻസിഡൻറ് കമാണ്ടർമാരാണ്.

മറ്റു ഗ്രാമപഞ്ചായത്തുകളിൽ പോസിറ്റീവ് കേസുകൾ 15 ൽ താഴെയാണെങ്കിൽ കോവിഡ് ജാഗ്രത പോർട്ടലിൽ മൈക്രോ കണ്ടെയ്ൻമെൻ്റ് സോണിന് നിർദ്ദേശിക്കാം. 15 ലധികം ആക്ടീവ് പോസിറ്റീവ് കേസുകളുണ്ടെങ്കിൽ മുഴുവൻവാർഡ് കണ്ടെയ്ൻമെൻറ് സോൺ പ്രഖ്യാപിക്കാവുന്നതാണ്.

കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിക്കുന്നതിലെ
ഈ നിബന്ധനകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല താലൂക്ക് ഇൻസിഡെൻ്റ് കമാണ്ടർമാർക്കും തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കുമാണ്. കണ്ടെയ്ൻമെൻ്റ് സോൺ അപേക്ഷകൾ പരിശോധിച്ച് അനുമതി നൽകുന്നതിനും നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനും സെക്ടർ മജിസ്ട്രേറ്റിനെ സഹായിക്കേണ്ടത് താലൂക്ക് ഇൻസിഡൻറ് കമാണ്ടർമാരാണെന്നും ഉത്തരവിൽ നിർദ്ദേശിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു