” 60 കഴിഞ്ഞ വർക്ക് 10,000 പെന്‍ഷന്‍ ” രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചക്കുള്ള കാരണമാകും: പി അബ്ദുൽ മജീദ് ഫൈസി

കോഴിക്കോട് >> ജനകീയത മുതലെടുത്ത് തങ്ങളുടെ അജണ്ടകള്‍ നടപ്പില്‍ വരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉയർന്നു വന്ന മുദ്രാവാക്യമാണ്
വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ (ഒ.ഐ.ഒ.പി) എന്ന സംഘടന ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്
പി അബ്ദുൽ മജീദ് ഫൈസി അഭിപ്രായപ്പെട്ടു.

‘അറുപത് കഴിഞ്ഞവര്‍ക്കെല്ലാം തുല്യ പെന്‍ഷന്‍ ‘ എന്ന ആശയവും അത്തരത്തിലുള്ളതാണെന്ന് വ്യക്തമാണ്. വളരെ തുഛമായ പെന്‍ഷന്‍ തുക മാത്രം കൈപ്പറ്റുന്ന സാധാരണക്കാരായ ലക്ഷക്കണക്കിനാളുകളെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി (എ.എ.പി) മാതൃകയില്‍ പുതിയൊരു രാഷ്ട്രീയ സംഘാടനമാണ് ഈ ട്രസ്റ്റുകാരുടെ ലക്ഷ്യമെന്ന സംശയം ബലപ്പെട്ടുവരികയാണ്.

60 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാര്‍ക്കും മാസത്തില്‍ 10,000 രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പതിനായിരത്തില്‍ പരിമിതപ്പെടുത്തണമെന്നാണ് പ്രധാന വാദം.
സര്‍വീസ് പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ പതിനായിരം രൂപയെങ്കിലും പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിനുവേണ്ടി സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പതിനായിരമായി കുറക്കണമെന്ന നിലപാടെടുക്കുന്നതില്‍ എന്തു ന്യായമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

2018 ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 119 ആണ്. അവരുടെ കൈകളിലാണ് ഇന്ത്യന്‍ ആസ്തിയുടെ 77% വും ഉള്ളത്. അവരുടെ വരുമാനത്തിന് കേവലം 1 % സെസ്സ് ഏര്‍പ്പെടുത്തുകയാണങ്കില്‍ ഇന്ത്യയില്‍ 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ പൗരന്മാര്‍ക്കും 10,000 രൂപയോ അതില്‍ കൂടുതലോ പെന്‍ഷന്‍ കൊടുക്കാന്‍ കഴിയുമെന്നിരിക്കെ എന്തു കൊണ്ടാണിവര്‍ ഈ ആവശ്യമുന്നയിക്കാത്തത്. മുതലാളിത്ത – കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് അലോസരം സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തനം പോലും ഉണ്ടാവാതിരിക്കാന്‍ അതീവ ജാഗ്രതയാണിവര്‍ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാരുകള്‍ നടത്തുന്ന കോര്‍പ്പറേറ്റ് പ്രീണനങ്ങളാണ് ഇല്ലാത്തവനെ കൂടുതല്‍ ഇല്ലാത്തവനാക്കുന്നതെന്ന യാഥാര്‍ഥ്യത്തെ ബോധപൂര്‍വം മറച്ചുവെച്ച് രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചക്കുള്ള ഏക കാരണമായി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമാണെന്ന പ്രചാരണം ശക്തമാക്കുന്നത് വലിയ അപകടമാണ് സൃഷ്ടിക്കുക. സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഉല്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുമെന്ന ബി.ജെ.പി സര്‍ക്കാറിന്റെ വാഗ്ദാനം നടപ്പിലാക്കാത്തതിനെക്കുറിച്ച് അറിയാതെ പോലും ഒരക്ഷരം പുറത്തുവരാതിരിക്കാന്‍ അസാമാന്യ മെയ് വഴക്കമാണിവര്‍ കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇല്ലാത്ത ശത്രുവിനെയും അയഥാര്‍ത്ഥ കാരണങ്ങളെയും ചൂണ്ടികാണിച്ച് ജനങ്ങളില്‍ ശത്രുത വളര്‍ത്തുകയെന്ന ഫാഷിസ്റ്റ് ശൈലിയാണ് ഇവിടെ കാണാന്‍ കഴിയുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കോര്‍പ്പറേറ്റ് അജണ്ടയുടെ താല്‍പ്പര്യങ്ങളാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന സംഘടനയിലൂടെ നിറവേറ്റപ്പെടുന്നത്. സാര്‍വ്വത്രികവും തുല്യവുമായ പെന്‍ഷന്‍ സര്‍ക്കാര്‍ ബാധ്യതയായി വരുന്നതോടെ തൊഴിലാളികള്‍ക്ക് നല്‍കുന്ന പി.എഫ് പെന്‍ഷന്‍ ബാധ്യതയില്‍ നിന്ന് തലയൂരാന്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക് പുതിയ വഴി തുറക്കുകയാണ് ചെയ്യുക.

വാര്‍ധക്യ പെന്‍ഷന്‍ പതിനായിരം രൂപയാക്കുന്നത് നല്ലത് തന്നെ. എന്നാല്‍ അതിനുള്ള തുക കണ്ടെത്തുന്നത് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വെട്ടികുറച്ച് കൊണ്ടാവരുത്. സര്‍ക്കാര്‍ പാഴ്‌ച്ചെലവുകളും മുതലാളിത്ത പ്രീണനവും അവസാനിപ്പിച്ചാല്‍ മാത്രം ഇതിനുള്ള തുക കണ്ടെത്താനാകും. അതിന് വേണ്ടിയാണ് പ്രക്ഷോഭം നടക്കേണ്ടത്. ഈ വസ്തുതകളെ മുന്‍നിറുത്തി, ജനാധിപത്യപരമായ സംഘടന സംവിധാനങ്ങളെ പരിഗണിക്കാതെ ട്രസ്റ്റ് അംഗങ്ങളിലേക്ക് മുഴുവന്‍ അധികാരങ്ങളും കേന്ദ്രികരിക്കുന്ന പ്രസ്ഥാനത്തോട് പ്രവര്‍ത്തകര്‍ സഹകരിക്കുകയോ, അതിന്റെ പ്രചാരകരാവുകയോ ചെയ്യേണ്ടതില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്
പി അബ്ദുൽ മജീദ് ഫൈസി മുന്നറിയിപ്പ് നൽകി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു