മുഖ്യമന്ത്രി കള്ളന് ചൂട്ടു പിടിക്കുന്നു – വഖഫ്ബോർഡ് അംഗങ്ങൾ

കോഴിക്കോട് >> സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റിൽ നിന്ന് കേന്ദ്ര ഗവൺമെന്റിന്റെ അനുമതി കൂടാതെ മതഗ്രന്ഥങ്ങൾ സ്വീകരിച്ച വിഷയത്തിൽ അന്വേഷണത്തിന്റെ ഭാഗമായി മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ വിളിപ്പിച്ച കാര്യത്തിൽ വഖഫ് ബോർഡ് മന്ത്രി ആയതുകൊണ്ട് ഇത്തരം കാര്യങ്ങളൊക്കെ മന്ത്രിക്ക് ചെയ്യാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനത്തിലെ വാക്കുകൾ വഖഫ് ബോർഡിനെ മറയാക്കി കള്ളന് ചൂട്ടുപിടിക്കുന്നതിന് തുല്യമാണെന്ന് കേരള സംസ്ഥാന വഖഫ് ബോർഡ് അംഗങ്ങളായ എം.സി മായിൻ ഹാജിയും അഡ്വ: പി.വി സൈനുദ്ദീനും പ്രസ്താവിച്ചു.

കേരളപ്പിറവിക്കുശേഷം കെ. ചന്ദ്രശേഖരൻ , പി.കെ കുഞ്ഞ് , സി.എച്ച് മുഹമ്മദ് കോയ ,പി.എം അബൂബക്കർ ,പി.കെ കുഞ്ഞാലിക്കുട്ടി , വി.കെ ഇബ്രാഹിം കുഞ്ഞ് തുടങ്ങി ഒരുപാട് പ്രഗൽഭർ വഖഫ് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാർ എന്ന നിലക്ക് വിദേശരാജ്യങ്ങളിലെ കോൺസുലേറ്റുകളുമായി അനധികൃതമായി ബന്ധപ്പെടുകയോ പാരിതോഷികം സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന സമുന്നത ചരിത്രത്തെ കുറിച്ച് വിവരമില്ലാത്ത പിണറായി കേരളത്തിന് അപമാനമായ ജലീലിനെ ന്യായീകരിക്കുന്നതിന് പൊതുസമൂഹത്തിനു മുമ്പിൽ കള്ളത്തരത്തിന് ഒരു പുതിയ കണ്ടുപിടുത്തം സൃഷ്ടിച്ചിരിക്കുകയാണന്ന് അവർ ആരോപിച്ചു.

വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനും കേന്ദ്ര നിയമപ്രകാരം നിയുക്തമാക്കപ്പെട്ട അർദ്ധ ജുഡീഷ്യൽ അധികാരമുള്ള വഖഫ് ബോർഡിനെ സ്വർണക്കടത്തും അനധികൃത മതഗ്രന്ഥ കൈമാറ്റവുമൊക്കെയായി ബന്ധപ്പെടുത്തി പ്രസ്താവനയിറക്കിയത് അങ്ങേയറ്റം അപലപനീയമാണ് .വഖഫ് ബോർഡ് മുഖേന ഒരു ദീനീ സ്ഥാപനത്തിനും ഔദ്യോഗികമായി മതഗ്രന്ഥങ്ങൾ കൈമാറിയിട്ടില്ലാത്ത സ്ഥിതിക്ക് മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരൂഹത നിറഞ്ഞതും സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനവുമാണെന്ന് അവർ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു