മാദ്ധ്യമ പ്രവർത്തകൻ എൻ. രാ​ജേഷ് അന്തരിച്ചു

കോഴിക്കോട് >> മാധ്യമം സീനിയർ ന്യൂസ് എഡിറ്റർ എൻ. രാജേഷ് (56) അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 11.45 ഒാടെയാണ് മരണം. തൊണ്ടയാട് നാരകത്ത് കുടുംബാംഗമാണ്. കരൾരോഗത്തെ തുർന്ന് നാല് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരേതരായ റിട്ട. രജിസ്ട്രാർ ഗോപിനാഥെൻറയും കുമുദബായി ടീച്ചറുടെയും മകനാണ്.

തുടക്കകാലത്ത് കേരളകൗമുദിയിലും പിന്നീട് മാധ്യമത്തിലുമാണ് സേവനം. ഏഷ്യൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പ്, ആഫ്രോ-ഏഷ്യൻ ഗെയിംസ്, ദേശീയ ഗെയിംസ് എന്നിവയടക്കം നിരവധി അന്താരാഷ്ട്ര, ദേശീയ കായിക മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്റ്റേറ്റ് മീഡിയ അക്രഡിറ്റേഷൻ കമ്മിറ്റി മെമ്പർ, കേരള മീഡിയ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, മാധ്യമം ജേർണലിസ്റ്റ് യൂണിയൻ പ്രസിഡൻറ്, മാധ്യമം റിക്രിയേഷൻ ക്ലബ് പ്രസിഡൻറ്, ദേവഗിരി പബ്ലിക് സ്കൂൾ പി.ടി.എ പ്രസിഡൻറ് തുടങ്ങിയ പദവികൾ വഹിക്കുന്നുണ്ടായിരുന്നു. കാലിക്കറ്റ് പ്രസ് ക്ലബിെൻറ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആൻറ് ജേര്‍ണലിസം (ഐ.സി.ജെ.) ഫാക്കല്‍റ്റി അംഗമാണ്. മൂന്ന് തവണ കാലിക്കറ്റ്പ്രസ് ക്ലബ് സെക്രട്ടറി, ഒരു തവണ ട്രഷറർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഇന്ത്യൻ യൂത്ത് അസോസിയേഷൻ(െഎ.വൈ.എ) മുൻ സംസ്ഥാനപ്രസിഡൻറ്, ഒായിസ്ക ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഉച്ചക്ക് 2.30 മുതൽ കാലിക്കറ്റ് പ്രസ്ക്ലബിൽ പൊതുദർശനത്തിന് വെച്ചു. സംസ്കാരം ഞായറാഴ്ച വൈകുന്നേരം
മാവൂർറോഡ് ശ്മശാനത്തിൽ.
1988 ൽ മാധ്യമത്തിൽ ചേർന്ന എൻ. രാജേഷിന് മികച്ച സ്പോർട്സ് ലേഖകനുള്ള 1992 ലെ കേരള സ്പോർട്സ് കൗൺസിൽ അവാർഡ്, കാലിക്കറ്റ് പ്രസ് ക്ലബ്ബിെൻറ 1994 ലെ മുഷ്താഖ് അവാർഡ്, അസി. ന്യൂസ് എഡിറ്ററായിരിക്കെ മികച്ച പത്ര രൂപകൽപനക്കുള്ള സ്വദേശാഭിമാനി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശ്രീകല. മകൻ : ഹരികൃഷ്ണൻ( വിദ്യാർഥി). സഹോദരങ്ങൾ: പ്രദീപ് (ബിസിനസ്), ബിന്ദു(ഫറോക്ക് സർവീസ് കോ ഒാപറേറ്റീവ് ബാങ്ക്).

അനുശോചനം
മുഖ്യമന്ത്രി അനുശോചിച്ചു

‘മാധ്യമം’ ന്യൂസ് എഡിറ്ററും പ്രമുഖ പത്രപ്രവർത്തകനുമായ എൻ. രാജേഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സ്പോർട്സ് റിപ്പോർട്ടിങ്ങിൽ മികവ് തെളിയിച്ച പത്രപ്രവർത്തകനായിരുന്നു രാജേഷ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ടി.പി. രാമകൃഷ്ണൻ

സ്പോർട്സ് റിപ്പോർട്ടിങ്ങിൽ മികവ് തെളിയിച്ച രാജേഷ് കോഴിക്കോട്ടെ മുൻനിര മാധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നു. വിപുലമായ സൗഹൃദവലയത്തിനുടമയായിരുന്നു അദ്ദേഹം.
രാജേഷിൻ്റെ വേർപാട് അത്യന്തം വേദനാജനകമാണെന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മന്ത്രി എ. കെ. ശശീന്ദ്രൻ

മികച്ച മാധ്യമ പ്രവർത്തകൻ എന്നതിലപ്പുറം കോഴിക്കോട്ടെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്ന വ്യക്തിയായിരുന്നു രാജേഷെന്നും മന്ത്രി അനുസ്മരിച്ചു.

എം.കെ.രാഘവൻ എം.പി

പ്രമുഖ മാധ്യമ പ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃനിരയിലെ ഉറച്ച ശബ്ദവുമായിരുന്ന എൻ രാജേഷിന്റെ നിര്യാണം മാധ്യമലോകത്തിന് വലിയ നഷ്ടമാണെന്ന് എം കെ രാഘവൻ എം പി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഭാരവാഹിയെന്ന നിലയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെച്ച രാജേഷ് വിദ്യാർഥികാലം മുതൽ കഴിവുതെളിയിച്ച സംഘാടകനായിരുന്നു. ധാരാളം ശിഷ്യസമ്പത്തിന്റെ ഉടമയെന്നതും ആത്മാർത്ഥമായ വ്യക്തിബന്ധങ്ങളും അദ്ദേഹത്തെ എന്നും വേറിട്ടു നിർത്തിയെന്ന് എംപി അനുസ്മരിച്ചു.

കെ.സുരേന്ദ്രൻ ബി.ജെ.പി. പ്രസിഡണ്ട്

‘മാധ്യമം’ ന്യൂസ് എഡിറ്ററും മുൻ കോഴിക്കോട് പ്രസ്ക്ലബ് പ്രസിഡൻറുമായിരുന്ന എൻ. രാജേഷിന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ അനുശോചിച്ചു. സ്പോർട്സ് വാർത്തകൾ ആവേശം ചോരാതെ വായനക്കാരിലെത്തിച്ച മികച്ച റിപ്പോർട്ടറായിരുന്നു രാജേഷ്. മാനവികമൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത ആദർശപത്രപ്രവർത്തകനെന്ന നിലയിൽ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും. രാജേഷിൻ്റെ കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.

ടി വി ബാലൻ അനുശോചിച്ചു

സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ അനുശോചിച്ചു. മികച്ച മാധ്യമ പ്രവർത്തകനും കോഴിക്കോട്ടെ കലാ- സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവും മികച്ച സംഘാടകനുമായിരുന്നു രാജേഷ്. പ്രസ് ക്ലബ് ഭാരവാഹി എന്ന നിലയിലും സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ചു. രാജേഷിന്റെ വേർപാട് ഏറെ വേദനാജനകവും മാധ്യമ ലോകത്തിന് വലിയ നഷ്ടവുമാണെന്നും ടി വി ബാലൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മുനീർ കുറുമ്പടി

എൻ, രാജേഷിൻ്റെ നിര്യാണത്തിൽ മലബാർ റെയിൽ യൂസേഴ്സ് ഫോറം ദു.. ഖവും അനുശോചനവും രേഖപ്പെടുത്തുന്നു,,, മുനീർ കുറുമ്പടി,, ചെയർമാൻ, മലബാർ റെയിൽ യൂസേഴ്സ് ഫോറം.

മുസ്തഫ കൊമ്മേരി

മാധ്യമ പ്രവര്‍ത്തകരില്‍ തനതായ വ്യക്തിത്വം സൂക്ഷിച്ച വ്യക്തിയായിരുന്നു എന്‍. രാജേഷ്. കോഴിക്കോട് പ്രസ് ക്ലബിന്റെ സെക്രട്ടറിയായി വിവിധ കാലയളവില്‍ സേവനമനുഷ്ഠിച്ചപ്പോള്‍ നിരവധി പരിപാടികള്‍ ശ്രദ്ധേയമായി നടത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു.
പത്രപ്രവര്‍ത്തക യൂനിയന്‍ രംഗത്തെ മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു. കാലിക്കറ്റ് പ്രസ് ക്ലബിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം (ഐ.സി.ജെ.) ഫാക്കല്‍റ്റിയും കേരള പ്രസ് അക്കാദമി മുന്‍ ഗവേണിങ് കമ്മിറ്റി അംഗവുമാണ്.
കേരളകൗമുദിയിലൂടെയാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. 1988ല്‍ മാധ്യമത്തില്‍ ചേര്‍ന്ന എന്‍. രാജേഷ് മികച്ച സ്‌പോര്‍ട്‌സ് ലേഖകനുള്ള 1992 ലെ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അവാര്‍ഡ് നേടി. എന്‍ രാജേഷിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്നും മുസ്തഫ കൊമ്മേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു