മത്സ്യസമൃദ്ധി- മുക്കം നഗരസഭയിൽ ഒന്നേകാൽ കോടിയുടെ പദ്ധതി; ഉദ്ഘാടനം ഇന്ന്

മുക്കം >> വിഷംകലരാത്ത രുചികരമായ മത്സ്യങ്ങൾ ഉൾനാടൻ മത്സ്യകൃഷിയിലൂടെ ഉൽപാദിപ്പിക്കുന്നതിന് മുക്കം നഗരസഭയിൽ  പുതിയ പദ്ധതി നടപ്പാക്കുന്നു. മത്സ്യസമൃദ്ധി എന്ന പേരിലാണ് ഒരു കോടി ഇരുപത്തി ഏഴര ലക്ഷം രൂപ ചിലവഴിച്ച് ബൃഹത് പദ്ധതി നടപ്പാക്കുന്നത്. 

മൽസ്യത്തെയും സൂക്ഷ്മാണുക്കളയും ഒരുമിച്ച് വളർത്തി ഉയർന്ന വിളവെടുപ്പ് നടത്താവുന്ന ഇസ്രയേൽ സാങ്കേതിക വിദ്യയായ ബയോഫ്ലാക്ക്, വീട്ടുവളപ്പിലെ മൽസ്യകൃഷിക്ക് പടുതാക്കുളം എന്നിവയാണ് പദ്ധതിയിലുള്ളത്. 30 ബയോ ഫ്ലോക്കും 70 വീട്ടുവളപ്പിലെ കുളങ്ങളുമുൾപ്പെടെ 100 ഗുണഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

നഗരസഭയും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പദ്ധതി  നടത്തുന്നത്. ജനകീയ പങ്കാളിത്തത്തോടെ മത്സ്യകൃഷി മേഖലയിൽ ഉൽപാദന വർദ്ധനവാണ് ലക്ഷ്യമിടുന്നത്. ആകെ ഒരു കോടി ഇരുപത്തി ഏഴര ലക്ഷം രൂപയാണ് ഈ രണ്ടു പദ്ധതികൾക്കായി നഗരസഭ നീക്കിവെച്ചിട്ടുള്ളത്.

ബയോ ഫ്ലോക്കിൽ ഗിഫ്റ്റ് തിലാപിയ ഇനവും പടുതാക്കുളതിതൽ ആസാം വാളയുമാണ്  കൃഷിചെയ്യുന്നത്.  ബയോ ഫ്ലോക്ക് ഒരു യൂണിറ്റ് ആരംഭിക്കാൻ ഒരു ലക്ഷത്തി മുപ്പത്തെട്ടായിരം രൂപയാണ് ചിലവ് കണക്കാക്കുന്നത്.ഇതിൽ 55200 രൂപ നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്ന് സബ്സിഡിയായി നൽകും.കർഷകർക്കുള്ള പരീശിലനവും സാങ്കതിക സഹായവും ഫിഷറീസ് വകുപ്പ് നൽകും. ഫ്ലോക്കിൽ ഗിഫ്റ്റ് തിലാപിയ ഇനമാണ് കൃഷിചെയ്യുക.

ഒരു യൂണിറ്റിൽ നിന്നും 1000 കി.ഗ്രാം മത്സ്യോൽപാദനം രണ്ട് വിളയിൽ നിന്നും ലഭിക്കുന്നു. ഒരു വർഷത്തിൽ 2 വിളയിൽ നിന്നുമായി 1,08,000 രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. 

മത്സ്യസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം 3 മണിക്ക് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഓൺലൈനായി നിർവഹിക്കും. തിരുമ്പാടി എം.എൽ.എ, ജോർജ് എം.തോമസ് അദ്ധ്യക്ഷത വഹിക്കും. മുക്കം നഗരസഭാ ചെയർമാൻ  വി. കുഞ്ഞൻ മാസ്റ്റർ സ്വാഗതം പറയും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു