പാഠ്യപദ്ധതിയിൽ ശ്രീനാരായണ ഗുരുദേവ- ചട്ടമ്പിസ്വാമി ദർശനങ്ങൾ ഉൾപ്പെടുത്തണം : ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ള

ദേശീയ വിദ്യാഭ്യാസ നയം 2020′

മിസോറാം >> പാഠ്യപദ്ധതിയിൽ ശ്രീനാരായണ ഗുരുദേവ- ചട്ടമ്പിസ്വാമി ദർശനങ്ങൾ ഉൾപ്പെടുത്തണമെന്ന് മിസോറാം ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. ഗവർണ്ണർമാരുടെ സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീറ്റിങ്ങിൽ യൂറോ സെൻട്രിക്ക് വിദ്യാഭ്യാസം കൊണ്ടുവന്ന ലോർഡ് മെക്കാളെ വിജ്ഞാന രംഗത്തും, സാംസ്കാരിക രംഗത്തും , സാമ്പത്തിക രംഗത്തും, രാഷ്ട്രീയ ആശയ രംഗത്തും, ചിന്തിക്കുന്ന മനുഷ്യർക്കു മുൻപിൽ അവതരിപ്പിക്കുവാൻ പറ്റുന്ന തനതായ ഒന്നുമില്ലാത്ത രാജ്യമാണ് അവിഭക്ത ഇന്ത്യ എന്നാണ് പറഞ്ഞിരുന്നത്. മെക്കാളേയുടെ പ്രേതം പൂർണ്ണമായും ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ നിന്നും വിട്ടൊഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ദേശീയ വിദ്യാഭ്യാസ നയം 2020 ലൂടെ ” യൂറോ സെൻട്രിക് “വിദ്യാഭ്യാസത്തിനു പകരം ഇൻഡോ സെൻട്രിക് വിദ്യാഭ്യാസം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആത്മനിർഭർ ഭാരത് എന്ന സ്വയം പര്യാപ്ത ഇന്ത്യയ്ക്കു വേണ്ടിയുള്ള ശ്രമത്തിൽ വിദ്യാഭ്യാസ രംഗത്തെ ഈ പുതിയ നയംമാറ്റം അടിസ്ഥാനഘടകമാണ് .അത്തരമൊരു വിദ്യാഭ്യാസ പദ്ധതിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കേരളത്തിൽ നിന്ന് ജ്വലിച്ചുയർന്ന ദാർശനിക പ്രതിഭകളായ ശ്രീനാരായണ ഗുരുദേവൻ്റേയും ,ചട്ടമ്പിസ്വാമികളുടേയും ജീവിത ദർശനങ്ങൾ പാഠ്യപദ്ധതിയിൽ കൂടുതലായി ഉൾപ്പെടുത്തി പുതുതലമുറയ്ക്ക് പകർന്നു നൽകേണ്ടതാണന്ന് വ്യക്തമാക്കി.

കഴിഞ്ഞ നൂറ്റാണ്ടുകളിൽ ലോകം ഏറെ ആദരിച്ച വിവേകാനന്ദനും, രവീന്ദ്രനാഥ ടാഗോറും ചട്ടമ്പിസ്വാമിയെക്കുറിച്ചും, ശ്രീനാരായണ ഗുരുദേവനെപ്പറ്റിയും ലോകത്തോട് പറഞ്ഞിട്ടുള്ളത് വെളിച്ചത്തു കൊണ്ടുവരേണ്ടതാണ്.
1892 ൽ കൊച്ചിയിൽ വിവേകാനന്ദ സ്വാമികൾ ചട്ടമ്പിസ്വാമിയിൽ നിന്നും ചിന്മുദ്ര സ്വാംശീകരിച്ച ശേഷം പുറം ലോകത്തോട് പറഞ്ഞത് “താൻ കേരളത്തിൽ വച്ച് ഒരത്ഭുത പ്രതിഭയെ ദർശിച്ചുവെന്നായിരുന്നു.”

1922ൽ ഗുരുദേവനെ സന്ദർശിച്ച ശേഷം രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് “ലോകമൊട്ടാകെ സഞ്ചരിച്ച് ആചാര്യന്മാരെയും സിദ്ധന്മാരെയും കണ്ടിട്ടുണ്ടെങ്കിലും ഗുരുദേവൻ്റെ യോഗതേജസ്സാർന്ന നയനങ്ങളും, പ്രഭയും താൻ മറ്റാരിലും ദർശിച്ചിട്ടില്ലായെന്നാണ്.”

ഈ രണ്ടു മഹത്തുക്കളുടേയും അഭിപ്രായങ്ങളിലൂടെ കേരളത്തിൽ ഈ നവോത്ഥാന നായകന്മാരെ രാജ്യമാസകലം അവതരിപ്പിക്കേണ്ട സന്ദർഭമാണിത്.ഇതിനാലാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെടുന്നതെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. കേരളം, തമിഴ്നാട്, മിസോറാം പോലുള്ള സംസ്ഥാനങ്ങളിൽ പ്രാദേശിക ഭാഷക്കും, ഹിന്ദിയ്ക്കും ഒപ്പം ഇംഗ്ലീഷിനും പ്രാധാന്യം നൾകേണ്ടതുണ്ടന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു