പരിസ്ഥിതി ലോല മേഖല; വനംവകുപ്പ് റിപ്പോര്‍ട്ട് ഒക്ടേ.15 ന് : മന്ത്രി ടി.പി.രാമകൃഷ്ണന്‍

കുറ്റ്യാടി ഇറിഗേഷന്‍ പ്രൊജക്ട്
പരിസ്ഥിതി ലോല മേഖലയിൽ
നിന്നും ഒഴിവാക്കണം

കോഴിക്കോട് >> നിര്‍ദ്ദിഷ്ട പരിസ്ഥിതി ലോല മേഖല നിർണയം കോഴിക്കോട് ജില്ലയില്‍ നിന്നുള്ള എത്ര കുടുംബങ്ങളേയും വീടുകളെയും ബാധിക്കുമെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. ഗസ്റ്റ്ഹൗസില്‍ ഇത് സംബന്ധിച്ച് നടന്ന ജനപ്രതിനിധികളുടേയും ആക്ഷന്‍ കമ്മറ്റി അംഗങ്ങളുടേയും യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒക്ടോബര്‍ 15നുള്ളില്‍ വനം വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിക്കും. എക്കോ സെന്‍സിറ്റീവ് സോണ്‍ നോട്ടിഫിക്കഷന്‍ കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാറാണ്. കേന്ദ്ര നോട്ടിഫിക്കേഷനില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കൃഷിക്കാര്‍ക്ക് ദോഷകരമാകാത്ത നിലയില്‍ ലഘൂകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി ഇടപെട്ടു കൊണ്ടിരിക്കുന്നത്. കൃഷിക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുള്ള സമീപനമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുകയുള്ളൂ. നിലവിലുള്ള കൃഷിയും ചെറുകിട കച്ചവടങ്ങളും സംരക്ഷിക്കപ്പെടണം. ഇവയൊന്നും ഇതിന്റെ ഭാഗമായി തകരാന്‍ പാടില്ല.

വിവിധ മേഖലകളില്‍ നിന്ന് ആശങ്കകള്‍ അറിയിക്കുകയുണ്ടായി. അവ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും. കക്കയം വൈദ്യുതി ഉല്‍പ്പാദന മേഖല ഇപ്പോള്‍ നിര്‍ദ്ദിഷ്ട പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുറ്റ്യാടി ഇറിഗേഷന്‍ പ്രൊജക്ടിനും ഈ പരിഗണന വേണം. ഈ പ്രശ്നങ്ങളില്‍ നിരവധി സംഘടനകളുടെയും ആക്ഷന്‍ കമ്മിറ്റികളുടെയും രാഷ്ടീയ പാര്‍ട്ടികളുടെയും നിലപാടുകള്‍ പരിഗണിച്ചുകൊണ്ട് പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ സര്‍ക്കാറിന്റെ ഇടപെടലുകള്‍ തുടരും.

എംഎല്‍എമാരായ ജോര്‍ജ് എം തോമസ്, ഇ.കെ.വിജയന്‍, കാരാട്ട് റസാഖ്, എഡിഎം റോഷ്ണി നാരായണന്‍, ഡെപ്യൂട്ടി കലക്ടര്‍ സി.ബിജു, ഡിഎഫ്ഒ രാജീവന്‍, താമരശേരി രൂപതാ ബിഷപ് റമീജിയോസ് ഇഞ്ചനാനിയില്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു